കാനഡയിലെ തീരപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. കടലോരത്ത് കൂടി ഒഴുകുന്ന ഭീമൻ മഞ്ഞുമല വ്യക്തമായി ഈ ഗ്രാമത്തിൽ നിന്ന് കാണാൻ കഴിഞ്ഞതോടെയാണ് സന്ദർശകപ്രവാഹം. 150 അടി ഉയരമുള്ള ഈ ഭീമൻ മഞ്ഞുമല കാണാൻ ഇവിടേക്ക് ആയിരക്കണക്കിന് പേരാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാംബ്രഡോർ പ്രവിശ്യയിലെ ഫെറിലാൻഡിലാണ് മഞ്ഞുമല ദൃശ്യമായിരിക്കുന്നത്. ഇത് കരയ്ക്ക് വളരെ അടുത്ത് കൂടിയാണ് നീങ്ങുന്നതെന്നതിനാൽ ആളുകൾക്ക് വ്യക്തമായി ഫോട്ടോയെടുക്കാൻ സാധിക്കുന്നു. ഈ പ്രവിശ്യയുടെ തീരങ്ങളിലൂടെ ഓരോ വസന്തകാലത്തും ആർട്ടിക്കിൽ നിന്നുമുള്ള പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ഭീമൻ മഞ്ഞ് മലകൾ ഒഴുകി നീങ്ങാറുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഏറ്റവും വലുപ്പമുള്ള മഞ്ഞുമലകളിൽ ഒന്നാണിപ്പോൾ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്.
ഇതിന് മുമ്പ് ഇതിലൂടെ കടന്ന് പോയിരുന്ന മഞ്ഞുമലകൾ ഒഴുകി നീങ്ങുന്നവയായിരുന്നുവെന്നും എന്നാൽ കടലിന്നടിയിലേക്ക് ഇത്രയ്ക്ക് ആഴ്ന്ന് നിൽക്കുന്നതും ഇത്രയ്ക്കും ഭീമാകാരമായിട്ടുള്ളതുമായ മഞ്ഞ് മല ദൃശ്യമായിട്ടില്ലെന്നും ഫെറിലാൻഡ് മേയറായ എയ്ഡാൻ കവനാഗ് പറയുന്നു. 1912ൽ ടൈറ്റാനിക് മുങ്ങാൻ കാരണമായ മഞ്ഞുമലയേക്കാൾ 50 അടി അധികം ഉയരം കൂടിയതാണ് ഇപ്പോൾ ദൃശ്യമായിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഇപ്പോൾ ഈ മഞ്ഞുമല തരംഗമായിരിക്കുകയാണ്.
ഈ വർഷം ഇതുവരെയായി 616 മഞ്ഞ് മലകളാണ് കപ്പൽപ്പാതയിലൂടെ ഒഴുകി നീങ്ങിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇവയുടെ എണ്ണം 687 ആയിരുന്നു. ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളുമാണ് ഇത്തരത്തിൽ മഞ്ഞ് മലകൾ വേറിട്ട് ഒഴുകിപ്പോകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.






