Sorry, you need to enable JavaScript to visit this website.

തീവണ്ടിയിലെ അമ്മാവൻ

സുധീഷ്
സുധീഷും ടൊവിനോയും.

ആർത്തലച്ചു പെയ്യുന്ന പെരുമഴയത്തായിരുന്നു സരസ്വതിയേടത്തിയുടെ രണ്ടാമത്തെ പ്രസവം. 
അർദ്ധരാത്രിയിലെ ശക്തമായ മഴയിൽ, ആശുപത്രിയിൽ പോകാനാകാതെ, കൂട്ടിനാരുമില്ലാതെ വീട്ടിൽതന്നെ പ്രസവിച്ച ആ കുഞ്ഞിന് യാതൊരു ചലനവുമുണ്ടായിരുന്നില്ല. അകത്തുനിന്നും പുറത്തെ വരാന്തയിലെ മേശപ്പുറത്ത് കിടത്തിയ ജീവനറ്റ ആ കുഞ്ഞിന്റെ മുഖത്തേയ്ക്ക് അമ്മാവൻ ഒരു സിഗരറ്റ് കത്തിച്ച് ആഞ്ഞുവലിച്ച് പുകയൂതി വിട്ടപ്പോൾ ചെറിയൊരനക്കം. ഞെട്ടിത്തരിച്ച ആ അനന്തരവൻ ഉറക്കെ കരഞ്ഞുതുടങ്ങി.
പുകവലി ജീവിതവ്രതമാക്കിയ ബിനീഷിന്റെ കഥ പറയുന്ന തീവണ്ടി അവിടെ തുടങ്ങുകയാണ്. സിഗരറ്റിനാൽ വലിക്കപ്പെട്ട ബിനീഷിന്റെ ഇരട്ടപ്പേരായ തീവണ്ടിക്ക് കൂട്ട് പുകവണ്ടിയായ അമ്മാവനാണ്. തീവണ്ടിയായി ടൊവിനോ തോമസും അമ്മാവനായി സുധീഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
തിയേറ്റർ നിറഞ്ഞോടുന്ന തീവണ്ടി കണ്ടിറങ്ങുന്നവരുടെ മനസ്സിൽ അമ്മാവനായി വേഷമിട്ട സുധീഷിന്റെ പ്രകടനം ഒരിക്കലും മറക്കാനാവില്ല. ഇതുവരെ അവതരിപ്പിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തവും ശക്തവുമായ വേഷത്തിലാണ് സുധീഷ് എത്തുന്നത്. നാടകത്തിലും സിനിമയിലുമെല്ലാം ഒട്ടേറെ കഥാപാത്രങ്ങൾക്ക് ഭാവം പകർന്ന നടൻ സുധാകരന്റെ മകന് അഭിനയം രക്തത്തിൽ അലിഞ്ഞുചേർന്ന വികാരംതന്നെയാണ്. ബിലാത്തിക്കുളത്തെ വീട്ടിലിരുന്ന് പുതിയ ചിത്രം നൽകിയ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു സുധീഷ്.

ശരിക്കുമൊരു തിരിച്ചുവരവാണോ ഈ കഥാപാത്രം?
ഒരു നടൻ എന്ന നിലയിൽ അടയാളപ്പെടുത്താവുന്ന കഥാപാത്രങ്ങളൊന്നും അടുത്തിടെ ലഭിച്ചിരുന്നില്ല. നായകന്റെ സഹപാഠിയായും കൂട്ടുകാരനായും അനിയനായും ചേട്ടനായുമെല്ലാമാണ് ഇതുവരെ അഭിനയിച്ചത്. അതിൽനിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരുന്നു തീവണ്ടിയിലെ അമ്മാവന്റേത്. ശരിക്കുമൊരു ഇമേജ് ബ്രേക്കായിരുന്നു ഈ ചിത്രം. ഇത്രയും നല്ല റെസ്‌പോൺസ് കിട്ടുന്നത് ജീവിതത്തിൽ ആദ്യമായാണ്.


തീവണ്ടിയിലേയ്ക്കുള്ള യാത്ര?
സംവിധായകനെയോ അണിയറ പ്രവർത്തകരെയോ യാതൊരു മുൻപരിചയവുമുണ്ടായിരുന്നില്ല. എങ്കിലും അവർ എന്നിൽ ആ കഥാപാത്രത്തെ കണ്ടെത്തിയത് അത്ഭുതമാണ്. സുധീഷിന് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന അപാരമായ കാഴ്ചപ്പാടാണ് ഈ കഥാപാത്രത്തെ സമ്മാനിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. സുധീഷ് എന്ന നടനിൽനിന്ന് ആരും പ്രതീക്ഷിക്കാത്ത വേഷമായിരുന്നു അമ്മാവന്റേത്. ആഭാസനായ ഒരമ്മാവൻ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്. സിഗരറ്റുവലിയും കള്ളുകുടിയും ശീലമാക്കിയ അമ്മാവൻ. അദ്ദേഹത്തിന് കൂട്ട് ചെറുപ്പക്കാരും. അതിനായി താടി നീട്ടിവളർത്താൻ പറഞ്ഞിരുന്നു. ലൊക്കേഷനിൽ നല്ല കറുത്ത താടിയുമായാണ് എത്തിയത്. എന്നാൽ അവർ ആ താടിയെല്ലാം നരച്ചതാക്കി. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ടൊവിനോയുടെ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലുമെല്ലാം അമ്മാവൻ എത്തുന്നുണ്ട്. മുടിയും താടിയുമെല്ലാം പാറിപ്പറന്ന മേക്ക് ഓവർ തന്നെ രസകരമായി. പോരാത്തതിന് മുണ്ടും ഷർട്ടുമെല്ലാം അണിഞ്ഞപ്പോൾ ശരിക്കുമൊരു അമ്മാവനായി.


അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാണ് ഈ വേഷം?
അങ്ങനെ പറയാനാവില്ല. ഇപ്പോഴത്തെ ഒരു വ്യത്യസ്ത വേഷം എന്നുപറയാം. കാരണം മുമ്പും നല്ല വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആധാരത്തിലെയും വേനൽക്കിനാവിലെയും മണിച്ചിത്രത്താഴിലെയുമെല്ലാം കഥാപാത്രങ്ങൾ മികച്ചതായിരുന്നു. എം.ടി സാറിന്റെ തിരക്കഥയായിരുന്നു വേനൽക്കിനാവുകളുടേത്. ആധാരമാകട്ടെ ലോഹിതദാസും ജോർജ് കിത്തുമെല്ലാം ഒന്നിച്ചതായിരുന്നു. മണിച്ചിത്രത്താഴാകാട്ടെ ഫാസിൽ സാറും മധു മുട്ടവുമെല്ലാം സമ്മാനിച്ചതായിരുന്നു. അതിലെ കിണ്ടി എന്ന വിളി ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. തുടർന്നും കുറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ അവയെല്ലാം കോളേജ് വിദ്യാർത്ഥിയുടെയും നായകന്റെ അനിയനായുമെല്ലാമായിരുന്നു. ചെറുപ്പമാണല്ലോ. പ്രായം തോന്നുന്നില്ലല്ലോ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. കളിയാക്കുകയാണോ എന്നറിയില്ല. എന്നാൽ തീവണ്ടിക്കുശേഷം വലിയൊരു മാറ്റമാണുണ്ടായത്. ആ മാറ്റം ആസ്വദിക്കുകയാണിപ്പോൾ.

കഥാപാത്രത്തിനായുള്ള മുന്നൊരുക്കങ്ങൾ?
പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നുമുണ്ടായിരുന്നില്ല. ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ചില മനുഷ്യരെ മനസ്സിൽ സങ്കൽപിച്ചുകൊണ്ടാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒന്നിനോടും കടുത്ത പ്രതിപത്തി പുലർത്തുന്ന ആളല്ല അമ്മാവൻ. മറ്റുള്ളവർ വലിയ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ കഞ്ഞിയുണ്ടോ ഉപ്പേരിയുണ്ടോ അച്ചാറുണ്ടോ എന്നൊക്കെ ചോദിക്കുന്ന നിഷ്‌കളങ്കനായ മനുഷ്യൻ. കുടുംബവിഷയങ്ങളൊന്നും ആ മനസ്സിലില്ല. സിഗരറ്റ് വലിച്ചും നന്നായി ഭക്ഷണം കഴിച്ചും ചുറ്റുമുള്ളതിനെയൊന്നും കാര്യമായെടുക്കാതെ ഒരു വശത്തുകൂടെ ജീവിച്ചുപോകുന്നൊരാൾ. സുഹൃത്തുക്കളുടെ വീട്ടിലൊക്കെ പോകുമ്പോൾ ഇത്തരം അമ്മാവന്മാരെ കാണാറുണ്ട്.

ടൊവിനോയോടൊപ്പമുള്ള അഭിനയം?
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ ഇതിനുമുമ്പ് ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അമ്മാവനും മരുമകനും തമ്മിലുള്ള ആത്മബന്ധമാണ് ഞങ്ങൾക്കുള്ളത്. എന്നാൽ ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കുറവായിരുന്നു. ലാലേട്ടനൊപ്പവും മമ്മൂക്കക്കൊപ്പവുമെല്ലാം അഭിനയിക്കുമ്പോഴുണ്ടാകുന്ന അനായാസത ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴും ലഭിച്ചിരുന്നു. ഓരോരുത്തർക്കും അവരുടേതായ ശൈലിയുണ്ട്. ടൊവിനോയും അദ്ദേഹത്തിന്റെ ശൈലിയിൽ പറയുമ്പോൾ നമ്മളും ആ ട്രാക്കിലേയ്ക്ക് വീഴുകയാണ്.

സിനിമയിൽ ഗ്യാപിന് കാരണം?
ഓടിനടന്ന് അഭിനയിക്കുക എന്നത് എന്റെ രീതിയില്ല. അത്തരം ശ്രമങ്ങളും കുറവാണ്. കൂടാതെ പ്രത്യേക ഗ്രൂപ്പുകളിലൊന്നും കടന്നുചെല്ലാറില്ല. തിരക്ക് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള നല്ല വേഷങ്ങൾ ലഭിച്ചാൽ മതി.

പഴയ തലമുറയിൽനിന്നും പുതിയ തലമുറയിലെത്തുമ്പോൾ എന്തുതോന്നുന്നു?
അഭിനയത്തിൽ സീനിയർ ജൂനിയർ എന്നൊന്നുമില്ല. അഭിനയമാണ് നമ്മുടെ തൊഴിൽ. എങ്കിലും ചെല്ലുന്നിടത്തെല്ലാം ഒരു സീനിയർ നടൻ എന്ന പരിഗണന ലഭിക്കാറുണ്ട്. ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാറില്ല. അവിടെ പഴയവരെന്നോ പുതിയവരെന്നോ എന്ന വ്യത്യാസം തോന്നിയിട്ടില്ല. സംവിധായകരുടെ കാര്യത്തിലും അങ്ങനെതന്നെ.

മകൻ രുദ്രാക്ഷും സിനിമയിൽ മുഖം കാണിച്ചു
സിദ്ധാർത്ഥ് ശിവയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ അതിൽ അയ്യപ്പദാസായി രുദ്രാക്ഷിനെയാണ് കാണുന്നതെന്ന് പറഞ്ഞു. കൊച്ചൗവ പൗലോയായി കുഞ്ചാക്കോ ബോബനെയും കണ്ടുവച്ചു. ചാക്കോച്ചനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ഉദയായുടെ ബാനറിൽ ഈ ചിത്രം നിർമ്മിക്കാം എന്ന് ചാക്കോച്ചൻ പറഞ്ഞു. അങ്ങനെയാണ് രുദ്രാക്ഷും സിനിമയിലെത്തിയത്. ചിറ്റപ്പനായി ഞാനും ആ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. പോരാത്തതിന് ഇളയ മകൻ മാധവും ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പുതിയ ചിത്രങ്ങൾ?
നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലാണ് വേഷമിട്ടുവരുന്നത്. തലശ്ശേരിയിലാണ് ലൊക്കേഷൻ. ആസിഫ് അലി നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ചേട്ടനായാണ് വേഷമിടുന്നത്. പ്രദീപനായി ആസിഫ് വേഷമിടുമ്പോൾ ചേട്ടനായ പ്രകാശനായി ഞാനെത്തുന്നു. തലശ്ശേരി സ്ലാങ്ങിലാണ് സംഭാഷണം. മറ്റു ചിത്രങ്ങളൊന്നും കരാറായിട്ടില്ല.

 


 

Latest News