തനുശ്രീയുടെ ആരോപണം വീണ്ടും പരിശോധിക്കാനാവില്ലെന്ന് സംഘടന

മുംബൈ- നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീദത്ത ഉന്നയിക്കുന്ന ആരോപണം ഗൗരവതരവും ഖേദകരവുമാണെങ്കിലും പരാതിയില്‍ വീണ്ടും അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ സാധ്യമല്ലെന്ന് സിനി ആന്റ് ടി.വി ആര്‍ടിസ്റ്റ് അസോസിയോഷന്‍.
2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന  സനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്ന നടിയുടെ വെളിപ്പെടുത്തല്‍ വന്‍വിവാദമായിരിക്കെയാണ് അസോസിയേഷന്റെ പ്രസ്താവന.
നൃത്തരംഗത്തിനിടയില്‍ അതിക്രമനീക്കം ചെറുത്തതിനെ തുടര്‍ന്ന് ഫിലിം സെറ്റിലേക്ക് ഗുണ്ടകളെ വിളിച്ചുവെന്നും തന്റെ കാര്‍ തകര്‍ത്തുവെന്നും തനുശ്രീ ആരോപിച്ചിരുന്നു.
സംഭവത്തിനുശേഷം യു.എസിലേക്ക് പോയ തനുശ്രീ നാട്ടില്‍ തിരിച്ചെത്തി അസോസിയേഷന് പരാതി നല്‍കിയെങ്കിലും ഗൗരവമായി കൈകാര്യം ചെയ്തിരുന്നില്ല. അന്ന് പരാതി വേണ്ടവിധം കൈകാര്യം ചെയ്തില്ലെന്നും ലൈംഗിക അതിക്രമ ആരോപണം തള്ളിയത് ശരിയായില്ലെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ സമ്മതിക്കുന്നു. അതേസമയം, മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള പരാതികള്‍ വീണ്ടും ഏറ്റെടുക്കാന്‍ അസോസിയേഷന്റെ ഭരണഘടന അനുവദിക്കുന്നില്ലെന്നാണ് വിശദീകരണം.
പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര, ഫര്‍ഹാന്‍ അഖ്തര്‍, സ്വര ഭാസ്‌കര്‍, ശില്‍പഷെട്ടി, സോനം കപൂര്‍ അഹുജ തുടങ്ങി നിരവധി താരങ്ങള്‍ തനുശ്രീയെ അനുകൂലിച്ച് രംഗത്തുവന്നു. അതിനിടെ തന്റെ പ്രതിഛായ തകര്‍ത്ത തനുശ്രീ ദത്ത രേഖാമൂലം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കയാണ് നാനാ പടേക്കര്‍.
 

Latest News