റിയാദില്‍ കെ.എം.സി.സി നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്നു

റിയാദ്- സൗദി അറേബ്യന്‍ തലസ്ഥാനത്ത് മലയാളിയെ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്നു. റിയാദിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഓമാനൂര്‍ അഷ്‌റഫിനെയാണ് ചൊവ്വാഴ്ച അസര്‍ നമസ്‌കാര സമയത്ത് നാലംഗ സംഘം മാരകമായി പരിക്കേല്‍പ്പിച്ച് കയ്യിലുണ്ടായിരുന്ന 2300 റിയാല്‍ കവര്‍ന്നത്. ശാറാ റെയിലില്‍ റിയാദ് ബാങ്കിന് സമീപത്തെ ഗല്ലിയിലാണ് സംഭവം. ബത്ഹ പോലീസ് കേസെടുത്തു.
ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോള്‍ നാലംഗ സംഘം റൂമിന്റെ വാതില്‍ക്കല്‍ വെച്ചാണ് അഷ്‌റഫിനെ പിടികൂടിയത്. പാന്റും ടീഷര്‍ട്ടും ധരിച്ച് അറബി സംസാരിക്കുന്ന നാലംഗ സംഘം അഷ്‌റഫിന്റെ ശരീരമാസകലം അവരുടെ കയ്യിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. ശേഷം വസ്ത്രങ്ങള്‍ പരിശോധിച്ച സംഘം പേഴ്‌സിലുണ്ടായിരുന്ന 2300 റിയാല്‍ എടുത്ത് ഇഖാമ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. തലക്ക് മാരകമായി പരിക്കേറ്റ നിലയില്‍ രക്തമൊലിച്ച് നില്‍ക്കുകയായിരുന്ന അഷ്‌റഫിനെ അതുവഴി വന്ന മറ്റൊരു കെ.എം.സി.സി പ്രവര്‍ത്തകനായ നടേരി അബ്ദുല്‍ അസീസ് സഫ മക്ക പോളിക്ലിനിക്കിലെത്തിക്കുകയായിരുന്നു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പോലീസില്‍ വിവരമറിയിച്ചു. പോലീസ് ആവശ്യപ്പെട്ട പ്രകാരം ശുമേസി ആശുപത്രിയിലെത്തിച്ചു. തലയില്‍ 30 ലധികം തുന്നലുണ്ട്. പിന്നീട് ബത്ഹ പോലീസില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഷ്‌റഫിന് ഇന്നലെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ശമ്പളമായിരുന്നു കവര്‍ച്ചക്കാര്‍ തട്ടിയെടുത്തത്.


മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ശാറാ റെയില്‍, ഗുറാബി ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പിടിച്ചുപറിക്കാരുടെ ശല്യം രൂക്ഷമാണെന്ന് അവിടെ താമസിക്കുന്നവര്‍ പറയുന്നു. നമസ്‌കാര സമയങ്ങളിലാണ് കവര്‍ച്ചക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റോന്തു ചുറ്റുന്നത്. പല കടകളും അടച്ചുപൂട്ടിയത് കാരണം സ്ട്രീറ്റുകളില്‍ ആളുകളൊഴിഞ്ഞത് കവര്‍ച്ചക്കാര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ടാക്‌സികളില്‍ വന്നിറങ്ങുന്നവര്‍, എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്നവര്‍, റൂമിലേക്ക് നടന്നു പോകുന്നവര്‍ ഇവരെല്ലാമാണ് അവരുടെ ഇരകള്‍. അതേസമയം പല കാരണങ്ങളാല്‍ ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ ആക്രമണത്തിനിരയായാല്‍ പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടാറില്ല. എന്നാല്‍ ഇഖാമയുടെ കാലാവധി കഴിഞ്ഞാലും ഇത്തരം കേസുകള്‍ പോലീസിനെ അറിയിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഈ സാമൂഹ്യ ദ്രോഹികളെ അമര്‍ച്ച ചെയ്യാന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഉംറ കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന മലയാളിയെ അര്‍ധരാത്രി ബൈക്കിലെത്തിയ രണ്ടുപേര്‍ പാരഗണ്‍ റെസ്റ്റോറന്റിനടുത്ത് വെച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

Latest News