Sorry, you need to enable JavaScript to visit this website.

അഫ്ഗാനിലെ അമേരിക്കൻ മിലിറ്ററി ക്യാമ്പിൽ ജോലി: നിരവധി പേർ തട്ടിപ്പിനിരയായി

തലശ്ശേരി- അഫഗാനിസ്ഥാനിലെ അമേരിക്കൻ മിലിറ്ററി ക്യാമ്പിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിരവധി ഉദ്യോഗാർത്ഥികളെ വഞ്ചിച്ചതായി പരാതി. ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് സംഘം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാർ സരൺ ഡില്ലയിലെ ചപ്ര മഹമൂദ് ചൗക്കിൽ ബഹിയാവാനിലെ സയ്യിദ് ജോഹർ ഇമാം (29), കൊല്ലം കൊട്ടാരക്കര പള്ളിക്കൽ ദീപ വിഹാറിൽ ദിൽഷൻ എസ്. രാജ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ബഹിയാവാൻ ഗ്രാമത്തിൽ നിന്നും ഗ്രാമ മുഖ്യന്റെ സഹായത്തോടെയാണ് ഗ്രാമം വളഞ്ഞ് സയ്യിദ് ജോഹറിനെ പോലീസ് പിടികൂടിയത്.
ജോഹർ ഇമാമിൽ നിന്നും പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ പത്ത് എ.ടി.എം കാർഡുകളും മറ്റു രേഖകളും കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കാണ് പണം കൂടുതലായും നഷ്ടപ്പെട്ടത്. ഉദ്യോഗാർത്ഥികളെ ഫോണിൽ ബന്ധപ്പെട്ടാണ് സംഘം വലയിൽ വീഴ്ത്തിയിരുന്നത്. തലശ്ശേരിയിൽ മാത്രം 25 ലേറെ പേർ ഇതിനകം പരാതിയുമായി എത്തിയിട്ടുണ്ട്. 
അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ക്യാമ്പിൽ വിവിധ തസ്തികകളിലേക്കാണ് വിസ വാഗ്ദാനം ചെയ്തിരുന്നത്. ഒന്നര ലക്ഷം രൂപയാണ് വിസക്ക് സംഘം ഉദ്യോഗാർത്ഥികളിൽ നിന്ന് ആവശ്യപ്പെട്ടിരുന്നത്.
40,000 രൂപ അഡ്വാൻസ് നൽകുകയും ബാക്കി തുക ജോലി ലഭിച്ച ശേഷം നൽകണമെന്നുമായിരുന്നു കരാർ. 40,000 രൂപ സംഘം നിർദേശിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിച്ചാൽ അഫ്ഗാൻ സർക്കാറിന്റെ മുദ്രയോടു കൂടിയ വ്യാജ വിസ  ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. ഇതോടെ തട്ടിപ്പ് സംഘം മുങ്ങുകയാണ് പതിവ്. 
പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ബിഹാറിലെയും ഉത്തർപ്രദേശിലെയും അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. ഇത് മനസ്സിലാക്കിയാണ് തലശ്ശേരി പോലീസ് ബിഹാറിലേക്ക് തിരിച്ചത്. ബിഹാറിലെ നിരക്ഷരരായ ദരിദ്രരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. 
സീറോ ബാലൻസ് അക്കൗണ്ട് തുറപ്പിച്ച് അതിലേക്കാണ് പണം എത്തിയിരുന്നത്. ഇത് കണ്ടെത്തിയ പോലീസ് ബിഹാറിലെ ഗ്രാമ മുഖ്യന്റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ജോഹർ ഇമാമിനെ പിടികൂടിയത്. ഗ്രാമീണറുടെ പേരിൽ സീറോ ബാലൻസ് അക്കൗണ്ട് തുറന്ന ശേഷം എ.ടി.എം കാർഡും പിൻ നമ്പറും ജോഹർ കൈയടക്കുകയായിരുന്നു. കേരളത്തിലെ ഉദ്യോഗാർത്ഥികളോട് പണം ബിഹാറിലെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ കൊല്ലം കൊട്ടാരക്കര സ്വദേശി ദിൽഷൻ രാജാണ് നിർദേശിച്ചിരുന്നത്. ജോഹർ ഇമാമിനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം ദിൽഷൻ രാജിലെത്തിയത്. ഈ സംഘത്തിൽ ഇനിയും നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത.് അറസ്റ്റിലായ പ്രതികളെ തലശ്ശേരി എ.എസ്.പി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 

Latest News