ആധാര്‍ ബന്ധം വേര്‍പ്പെടുത്തല്‍ പദ്ധതി 15 ദിവസത്തിനകം വേണമെന്ന് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം

ന്യുദല്‍ഹി- മൊബൈല്‍ ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ആധാര്‍ വേര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി 15 ദിവസത്തിനകം അറിയിക്കണമെന്ന് മൊബൈല്‍ കമ്പനികളോട് യണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളും വിലാസവും ആധികാരികമാക്കുന്നതിനു വേണ്ടി  മൊബൈല്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ആധാര്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച ഒക്ടോബര്‍ 15നകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പദ്ധതി വിവരം ലഭിച്ച ശേഷമെ യു.ഐ.ഡി.എ.ഐയുടേ ഭാഗത്ത് നിന്ന് മൊബൈല്‍ കമ്പനികള്‍ക്ക് എന്തെങ്കിലും ചെയ്തു നല്‍കേണ്ടതുണ്ടോ എന്നു പറയാനാകൂവെന്നും സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. 

ഈ നീക്കം മൊബൈല്‍ കമ്പനികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ആധാര്‍ മാത്രം അടിസ്ഥാനമാക്കി വിരലടയാള വെരിഫിക്കേഷനിലൂടെ മൊബൈല്‍ കണക്ഷനുകള്‍ നല്‍കിയ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വിളിച്ചു വരുത്തി വ്യക്തിവിവരങ്ങള്‍ ഇനി നേരിട്ടു വെരിഫൈ ചെയ്യേണ്ടി വന്നേക്കും. ഫോട്ടോ, ഒപ്പ്, അപേക്ഷാ ഫോം തുടങ്ങിയ രേഖകള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ ഒരു പക്ഷേ കമ്പനികള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടേക്കാം.
 

Latest News