കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ വൈദികന്‍ മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം

കോട്ടയം- മുന്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. ഫാ. നിക്കോളാണ് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കിനാണെന്ന് ബിഷപ്പിനെതിര സമരത്തിനു മുന്നിലുണ്ടായിരുന്ന സിസ്റ്റര്‍ അനുപമ ആരോപിച്ചിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം പരാതിപ്പെട്ടത് ഫാ. നിക്കോളാസിനോടായിരുന്നു. ബിഷപിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകളെ കാണാനാണ് വൈദികന്‍ കുറവിലങ്ങാട് മഠത്തിലെത്തിയത്. 

ഈ സമയം ഫാ. നിക്കോളാസിനൊപ്പമുണ്ടായിരുന്നത് കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫാ. നിക്കോളാസും സജിയും മഠത്തിലെത്തുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഫാദറിന്റെ വാഹനം ഓടിച്ചിരുന്നതും സജിയാണ്. തൊമ്മി വധക്കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് സജി എന്ന് അറിയില്ലായിരുന്നുവെന്നാണ് ഫാദര്‍ നിക്കോളാണ് ഇതു സംബന്ധിച്ച് പ്രതികരിച്ചത്. ആദ്യ ഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാ. നിക്കോളാസ് പിന്നീട് ബിഷപിനെ അനൂകൂലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിക്കോളാസിന്റെ സന്ദര്‍ശനം സംശയങ്ങള്‍ക്കിടയാക്കിയത്.
 

Latest News