ഹിന്ദു ഭക്തിഗാനം ആലപിച്ച് താരമായി ഷബാന-video

റിയാദ്- പ്രവാസി ഗായികയുടെ ഭക്തിഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. റിയാദില്‍ താമസിക്കുന്ന കൊല്ലം ഓച്ചിറ പന്തപ്ലാവില്‍ വീട്ടില്‍ ഷബാന അന്‍ഷാദ് ആണ് ഹിന്ദു ഭക്തിഗാനം ആലപിച്ച് താരമായത്.
റിയാദില്‍ ബ്യൂട്ടീഷ്യനും മെഹന്തി ഡിസൈനറുമായ ഷബാന പര്‍ദ ധരിച്ച് ഹിന്ദു ഭക്തിഗാനം ആലപിച്ച് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതതോടെ, അത് തരംഗമാവുകയായിരുന്നു. ജോലിക്കിടയില്‍ സംഗീതത്തോടുള്ള ഇഷ്ടവും താല്‍പര്യവും കാരണം റിയാദിലെ കലാ, സാംസ്‌കാരിക വേദികളിലും ഷബാന പാടാറുണ്ട്. അഞ്ജന ശിലയില്‍ ആദി പരാശക്തി, അമ്മേ കുമാരനല്ലൂര്‍ അമ്മേ നീയെന്നു തുടങ്ങുന്ന ഭക്തി ഗാനം 'മതവൈര്യം തുലയട്ടെ, മതസൗഹാര്‍ദം വളരട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് തന്നെ പതിനായിരക്കണക്കിന് ലൈക്കും ഷെയറുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി. അറിയപ്പെടുന്ന സംഗീതജ്ഞര്‍ വരെ ഗാനം കേട്ട് ശബാനക്കു അവസരം നല്‍കാമെന്നു വാഗ്ദാനവും നല്‍കിയിട്ടുണ്ട്.
വര്‍ഗീയത തുലയട്ടെ എന്ന സന്ദേശത്തോടെ യൂടൂബിലും സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ തന്നെ ഷെയര്‍ ചെയ്ത് കഴിഞ്ഞു. കുടുംബ സദസ്സുകളിലെ ജനകീയ പ്രോഗ്രാമായ കോമഡി ഉത്സവത്തിലേക്ക് പാടാന്‍ അവസരവും ഷബാനക്കു ലഭിച്ചു. നാല് വര്‍ഷമായി റിയാദില്‍ കഴിയുന്ന ഷബാന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അംഗമാണ്. അന്‍ഷാദ് ഭര്‍ത്താവും ഇഷാന്‍ മകനുമാണ്.

 

 

Latest News