Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിങ്ങളുടെ ഫേസ്ബുക്ക് സുരക്ഷിതമാണോ; പരിശോധിക്കാം

വാഷിംഗ്ടണ്‍- അഞ്ചു കോടിയോളം ഉപയോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അപകടത്തിലാക്കിയ വന്‍ സുരക്ഷാ പാളിച്ച ഫേസ്ബുക്കില്‍ കണ്ടെത്തിയതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥിരീകരിച്ചതോടെ ഉപയോക്താക്കള്‍ ആശങ്കയിലാണ്. മൊത്തം ഒമ്പത് കോടിയോളം പ്രൊഫൈലുകളില്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫേസ്ബുക്കില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വ്യൂ ആസ് എന്ന ഫീച്ചറാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ കേംബ്രിജ് അനലിറ്റിക്ക ഡാറ്റാ വിവാദത്തെ തുടര്‍ന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഫേസ്ബുക്കിന്റെ പ്രതിഛായ കൂടുതല്‍ തകര്‍ക്കുന്നതാണ് പുതിയ സംഭവം.
ഹാക്ക് ചെയ്യപ്പെട്ട ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ഫേസ്ബുക്കിന് ഉറപ്പില്ല. ഹാക്കര്‍മാരുടെ ലക്ഷ്യവും വ്യക്തമല്ല.

മറ്റുള്ളവര്‍ തങ്ങളുടെ പ്രൊഫൈലുകള്‍ എങ്ങനെ കാണുന്നുവെന്ന് സ്വന്തമായി കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് വ്യൂ ആസ് ഫീച്ചര്‍. ഈ ഫീച്ചറിന്റെ കോഡ് തകര്‍ത്താണ് ഹാക്കര്‍മാര്‍ പ്രൊഫൈലുകളില്‍ പ്രവേശിച്ചത്. ഈ ഫീച്ചര്‍ ആരംഭിച്ചത് 2017 ജൂലൈയിലാണ്. എന്നാല്‍ എപ്പോഴാണ് ഹാക്കിംഗ് നടന്നതെന്ന് വ്യക്തമല്ല. ഈയാഴ്ച ആദ്യം മാത്രമാണ് ഫേസ് ബുക്ക് ഇത് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ എപ്പോഴാണ് ഹാക്കര്‍മാര്‍ പ്രവേശിച്ചതെന്നോ എത്ര കാലമായി ഹാക്കര്‍മാര്‍ക്ക് ഫേസ്ബുക്ക് പ്രൊഫൈലുകളുടെ ഡാറ്റ ലഭിച്ചുവെന്നോ വ്യക്തമല്ല.
ഹാക്കര്‍മാരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന്റെ പക്കലില്ല. എഫ്.ബി.ഐയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരന്നുവെന്നുമാണ് കമ്പനി അറിയിച്ചത്.
200 കോടി ഫേസ്ബുക്ക് യൂസര്‍മാരുള്ളതില്‍ ഒമ്പത് കോടി അക്കൗണ്ടുകളെ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ അഞ്ച് കോടി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തപ്പോള്‍ വ്യൂ ആസ് ഫീച്ചര്‍ ഉപയോഗിച്ച മറ്റ് നാല് കോടി അക്കൗണ്ടുകള്‍ റീബൂട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
യൂസര്‍ അക്കൗണ്ടുകള്‍ ഇപ്പോള്‍ സുരക്ഷിതമാണെന്നും ഹാക്കര്‍മാര്‍ കയറാന്‍ ഇടയാക്കിയ സുരക്ഷാ വീഴ്ച പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളെ ഫേസ് ബുക്ക് വിവരം അറിയിക്കുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് ഹാക്കിംഗിന് ഇരയായിട്ടുണ്ടെങ്കില്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ ഇതിനകം ലഭിച്ചിരിക്കും. ന്യൂസ് ഫീഡിനു മുകളിലായാണ് നോട്ടിഫിക്കേഷന്‍ വരുന്നത്.
കൂട്ട ആക്രമണമായതിനാല്‍ ഫേസ്ബുക്കിലെ നിങ്ങളുടെ എല്ലാ ഉള്ളടക്കത്തേയും ഇതു ബാധിക്കും. ഫോട്ടോകള്‍, ചാറ്റുകള്‍ തുടങ്ങി നിങ്ങള്‍ ഫേസ്ബുക്കില്‍ ചേര്‍ത്തിരിക്കുന്ന എന്തിനേയും. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിനെ മാത്രമല്ല, അതുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ അക്കൗണ്ടുകളേയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതായത്, നിങ്ങള്‍ ഫേസ്ബുക്ക് ലോഗിന്‍ ഉപയോഗിച്ച് കയറുന്ന മറ്റു അക്കൗണ്ടുകള്‍. ഇന്‍സ്റ്റാഗ്രാം ലോഗിന്‍ ചെയ്യാന്‍ ഫേസ്ബുക്ക് പാസ്‌വേഡാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇന്‍സ്റ്റാഗ്രാമിനേയും ബാധിക്കും.
ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും ടാബിലുമൊക്കെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. എല്ലാ ഡിവൈസുകളില്‍നിന്നും ലോഗൗട്ട് ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യാനാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. പാസ് വേഡ് മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെങ്കിലും മാറ്റുന്നതാണ് ഉചിതം.
ഏതൊക്കെ രാജ്യത്തുനിന്നുള്ള അക്കൗണ്ടുകളിലാണ് ചോര്‍ച്ച ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങളും അപകടത്തിലായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

 

Latest News