ലൈംഗിക പീഡനം; മാധ്യമപ്രവര്‍ത്തകനെതിരെ ആരോപണവുമായി തമിഴ് നടി ഫേസ്ബുക്ക് ലൈവില്‍

ചെന്നൈ- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഏതാനും വര്‍ഷങ്ങളായി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ തമിഴ്‌നടി ഫേസ്ബുക്കില്‍ ലൈവില്‍ എത്തി. വൈറലായി എട്ടു മിനിറ്റ് വീഡിയോയില്‍ നടി പ്രകാശ് എം. സ്വാമി എന്ന മാധ്യമ പ്രവര്‍ത്തകനില്‍ നിന്നേല്‍ക്കേണ്ടി വന്ന പീഡനങ്ങളാണ് കണ്ണീരോടെ വിശദീകരിച്ചത്. ഹോങ്കോങില്‍ വച്ച് ഭര്‍ത്താവ് മരിച്ച ശേഷം സഹായിക്കാനെന്ന പേരിലാണ് ഇയാള്‍ അടുത്തത്. മകന്റെ പാസ്‌പോര്‍ട്ട് പ്രശനം ശരിയാക്കാമെന്നു പറഞ്ഞാണ് ആദ്യമെത്തിയത്. വീട്ടിലെത്തി തന്നോട് ചേര്‍ന്നിരുന്നി ഇയാള്‍ മോശമായി പെരുമാറിയെന്നും ഇതോടെ ആട്ടിപ്പുറത്താക്കേണ്ടി വന്നുവെന്നും നടി പറയുന്നു.

പിന്നീട് ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ശല്യം തുടര്‍ന്നു. അശ്ലീല വീഡിയോകളും സന്ദേശങ്ങളും വാട്‌സാപ്പിലൂടെ അയച്ചു കൊണ്ടിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. തന്നെ കുറിച്ച് വളരെ മോശമായി കഥ പടച്ചുണ്ടാക്കി ഒരു പ്രാദേശിക മാസികയില്‍ അച്ചടിച്ചു വരുത്തിയെന്നും നടി ആരോപിച്ചു.

മന്ത്രിമാര്‍ക്കും ഉന്നത നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാട്ടി പലവാഗ്ദാനങ്ങളും നല്‍കി നിരവധി പെണ്‍കുട്ടികളെ പ്രകാശ് എം. സ്വാമി വഞ്ചിച്ചിട്ടുണ്ടെന്നും നടി ആരോപിച്ചു. ഈ ചിത്രങ്ങള്‍ കാട്ടി പലതും ഇവരുടെ സഹായത്തോടെ നേടിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാളുടെ തട്ടിപ്പ്. ഈ മാധ്യമപ്രവര്‍ത്തകനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും സ്വീകരിക്കാന്‍ തയാറായില്ലെന്നും അവര്‍ ആരോപിച്ചു. 

നടിയുടെ ഫേസ്ബുക്ക് ലൈവിനോട് പ്രതികരിച്ച് പലരും ഇയാളില്‍ നിന്നുള്ള സമാന അനുഭവങ്ങള്‍ പങ്കുവച്ചു. തന്നെ ഒരു സര്‍വീസ് അപാര്‍ട്ട്‌മെന്റിലേക്ക് ഈ മാധ്യമപ്രവര്‍ത്തകന്‍ ക്ഷണിച്ചിരുന്നെന്നും അവിടെ എത്തിയപ്പോള്‍ പലയിടത്തും കാമറകള്‍ ഘടിപ്പിച്ചതായി കണ്ടതോടെ അപകടം മണത്ത് ഇറങ്ങിപ്പോന്നെന്നും ഒരു യുവതി കമന്റിട്ടു. തന്റെ മകളുടെ ജോലി കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു.

അതേസമയം, ദീര്‍ഘകാലമായി യുഎസിലുള്ള പ്രകാശ് എം. സ്വാമി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. പാസ്‌പോര്‍ട്ട് പ്രശ്‌നത്തിന്റെ പേരില്‍ നടിയെ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും അവരുടെ വീട്ടില്‍ പോകുകയോ ലൈംഗികമായി പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സ്വാമി പറയുന്നു. സഹാറ കേസുമായി ബന്ധപ്പെട്ട് ഒരു മാസം ജയിലിലും കിടന്നിട്ടുണ്ട് ഈ മാധ്യമ പ്രവര്‍ത്തകന്‍. അമേരിക്കന്‍ തമിള് സംഘം പ്രസിഡന്റ്, എമ്മി അവാര്‍ഡ് ജഡ്ജ്, യുഎന്നില്‍ ഡിപ്ലൊമാറ്റിക് കറസ്‌പോണ്ടന്റ് എന്നൊക്കെയാണ് ഫേസ്ബുക്കില്‍ ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.
 

Latest News