'ഷെവർലേ ബോൾട്ട് ഇ.വി' കാറുകൾ ദുബായ് പോലീസ് ആസ്ഥാനത്ത്.
ദുബായ്- ലോക റെക്കോർഡുകൾ സ്ഥാപിച്ച് ജൈത്രയാത്ര തുടരുന്ന ദുബായ് പോലീസിന്റെ തൊപ്പിയിൽ മറ്റൊരു റെക്കോർഡിന്റെ പൊൻതൂവൽ കൂടി. ഏറ്റവും പുതിയ ഇലക്ട്രിക് കാറുകളായ ഷെവർലെ ബോൾട്ട് ഇ.വി ദുബായ് പോലീസ് പട്രോൾ വിഭാഗത്തിന്റെ വാഹന നിരയിലേക്ക് ചേരുന്നു. ഇത്തരത്തിൽ പെട്ട എട്ടു കാറുകളാണ് ദുബായ് പോലീസ് പട്രോളിംഗിന് ഉപയോഗിക്കുന്നത്.
ഷെവർലെ കമ്പനിയുമായുള്ള പങ്കാളിത്തത്തെ ദുബായ് പോലീസിലെ ട്രാൻസ്‌പോർട്ട് ആന്റ് റെസ്‌ക്യു ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ.മുഹമ്മദ് നാസിർ അൽറസൂഖി പ്രശംസിച്ചു. പൗരന്മാർക്കും ദുബായ് നിവാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെയും ദുബായ് ഹരിത പദ്ധതിയുടെയും ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നത് ഷെവർലേ ബോൾട്ട് ഇ.വിയുടെ പ്രത്യേകതയാണ്. ഈയിനത്തിൽ പെട്ട കാറുകളുടെ കൂട്ടത്തിൽ ഇത്രയും കൂടിയ മൈലേജ് ലഭിക്കുന്ന ആദ്യ ഇനമാണ് ഷെവർലേ ബോൾട്ട് ഇ.വി. മക്‌ലാറെൻ, ബുഗാട്ടി വെയ്‌റോൻ, ആസ്റ്റൻ മാർട്ടിൻ, നിസാൻ ജി.ടി.ആർ തുടങ്ങിയ സൂപ്പർ കാറുകൾ നേരത്തെ തന്നെ ദുബായ് പോലീസ് ഉപയോഗിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഷെവർലേയുടെ വൈദ്യുതി കാറുകളെത്തുന്നത്. ദുബായിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള ദുബായ് ഗവൺമെന്റിന്റെ പദ്ധതിക്ക് പിന്തുണ നൽകുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ജനറൽ മോട്ടോഴ്‌സ് ആഫ്രിക്ക ആന്റ് മിഡിൽ ഈസ്റ്റ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ജോൺ റോത്ത് പറഞ്ഞു.