ഫലസ്തീൻ... തോൽവിയിലെ വിജയം

ഫലസ്തീനിലെ അൽ റാമിലെ കളി വെറുമൊരു മത്സരത്തിന്റെ ദൃഷ്ടികോണിൽ വൻ പരാജയമായിരുന്നു. ഏഷ്യൻ കപ്പ് യോഗ്യതാ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തായ്‌ലന്റിനോട് ഫലസ്തീൻ വനിതകൾ മറുപടിയില്ലാത്ത അര ഡസൻ ഗോളുകൾക്ക് തോറ്റു. രണ്ടാമത്തെ കളിയിലും ഫലം ഏറെ വ്യത്യസ്തമല്ലായിരുന്നു. ചൈനീസ് തായ്‌പെയ്‌യോട് 0-5 നായിരുന്നു തോൽവി. പക്ഷേ ഫലസ്തീൻ വനിതാ ഫുട്‌ബോൾ ടീമിന് ഈ രണ്ടു മത്സരങ്ങൾ വിജയത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു. ഇസ്രായിലി അധിനിവേശം സൃഷ്ടിച്ച ദുരിതങ്ങൾക്കിടയിലാണ് ടീം മത്സരത്തിന് തയാറെടുത്തത്. വനിതാ ഫുട്‌ബോളിനോട് പരമ്പരാഗത അവഗണന രണ്ടാമത്തെ വെല്ലുവിളിയായിരുന്നു.
ഫലസ്തീനി പെൺകുട്ടികൾക്ക് ഫുട്‌ബോൾ കളിക്കുകയെന്നതു തന്നെ വലിയ വിജയമാണെന്ന് ടീം ക്യാപ്റ്റൻ ക്ലോഡി സലാമ പറയുന്നു. 'അതിനാൽ ഈ കളികളിലെ സ്‌കോർ ഞങ്ങൾക്ക് അപ്രസക്തമാണ്. ഞങ്ങൾ ലോക ഫുട്‌ബോളിലെ പ്രമുഖരെയാണ് നേരിടുന്നത്. എന്നാൽ സ്വന്തം നാട്ടിൽ നേരിടുന്ന പ്രതിബന്ധങ്ങളാണ് അതിനേക്കാൾ ശക്തം'.


ഇസ്രായിൽ സൃഷ്ടിക്കുന്ന കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ഒരു ഫുട്‌ബോൾ ടീമിനെ, അതും വനിതാ ടീമിനെ തട്ടിക്കൂട്ടുക അത്ര എളുപ്പമല്ല. ഗ്രൂപ്പിലെ മറ്റു ടീമുകളായ തായ്‌ലന്റും ചൈനയുമൊക്കെ വർഷങ്ങളായി ഒരുമിച്ചു കളിക്കുന്ന കളിക്കാരുമായാണ് ടൂർണമെന്റിനു വന്നത്. ഫലസ്തീൻ കളിക്കാരികൾ ഒരുമിച്ചത് വെറും പത്തു ദിവസം മുമ്പാണ്. അയൽ രാജ്യമായ ജോർദാനിൽ നടക്കുന്ന വനിതാ ഏഷ്യൻ കപ്പ് ടൂർണമെന്റിന് യോഗ്യത നേടാൻ സാധിച്ചിരുന്നുവെങ്കിൽ ഫലസ്തീന് അത് ചരിത്ര വിജയമായേനേ. പക്ഷേ അതിന് ഇനിയുമൊരുപാട് ദൂരം അവർ സഞ്ചരിക്കേണ്ടതുണ്ട്. ഫലസ്തീനി പെൺകുട്ടികൾക്ക് കളിക്കാൻ കഴിയുമെന്ന് സ്വന്തം ജനതയെ വിശ്വസിപ്പിക്കുകയാണ് അതിലേക്കുള്ള ആദ്യ ചുവടെന്ന്, ഫലസ്തീൻ പതാകകളുടെ നിറത്തിൽ അലങ്കരിച്ച നഖങ്ങളുള്ള വിരലുകൾ നീട്ടി സലാമ പറയുന്നു. ഫലസ്തീനുൾപ്പെട്ട ഗ്രൂപ്പിൽ രണ്ടു ടീമുകൾ കൂടി ഉണ്ടായിരുന്നു, ലെബനോനും ഗുവാമും. രണ്ടു ടീമുകളും അവസാന നിമിഷം പിന്മാറി. ഫലസ്തീന്റെ നേട്ടം വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. 
2009 ലാണ് ഫലസ്തീൻ വനിതാ ടീം രൂപം കൊള്ളുന്നത്. ഇപ്പോൾ നാല് ടീമുകൾ പൊതുഗ്രൗണ്ടുകളിൽ കളിക്കുന്നുണ്ട്. ഇൻഡോർ ഗ്രൗണ്ടുകളിൽ കളിക്കുന്ന ഒരു ഡസനോളം ടീമുകളുണ്ട്. 14 വയസ്സിന് മുകളിലുള്ള നാനൂറോളം കുട്ടികൾ കളിക്കാരികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അര നൂറ്റാണ്ടിലേറെ നീണ്ട ഇസ്രായിലി അധിനിവേശം സൃഷ്ടിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം യാത്രാ വിലക്കുകളാണ്. കളിക്കാരികൾക്ക് ക്ലബ്ബുകളിലേക്ക് പോകാൻ പോലും അനുമതി പത്രം വേണമെന്ന് ഫലസ്തീൻ വനിതാ ഫുട്‌ബോൾ ഫെഡറേഷന്റെ അധ്യക്ഷ ഹനാദി നാസറുദ്ദീൻ ചൂണ്ടിക്കാട്ടുന്നു. ഫുട്‌ബോൾ ഉപകരണങ്ങൾ കൊണ്ടുവരാനും അനുമതി തേടണം. പെൺകുട്ടികൾ കളിക്കുന്നതിനോടുള്ള പരമ്പരാഗത എതിർപ്പ് വേറെ. വെസ്റ്റ് ബാങ്കിലെയും അറബ് ഇസ്രായിലി സമൂഹങ്ങളിലെയും പെൺകുട്ടികളാണ് ടീമുകളിലേറെയും. ഫലസ്തീനിൽ ഒരു ഇന്റർനാഷനൽ ഗ്രൗണ്ടേയുള്ളൂ -ഫൈസൽ അൽ ഹുസൈനി സ്റ്റേഡിയം. 
ഫലസ്തീൻ ടീമുകളെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് അവരുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമായാണ് ഫലസ്തീൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ജിബ്‌രീൽ റജൂബ് കാണുന്നത്.

Latest News