Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജർമനി ക്ഷമാപണം നടത്തി;  സൗദി-ജർമൻ ബന്ധം സാധാരണ നിലയിലേക്ക്‌

റിയാദ് - സൗദി അറേബ്യയുമായുള്ള ബന്ധത്തിൽ അടുത്ത കാലത്തുണ്ടായ തെറ്റിദ്ധാരണകളിൽ ജർമൻ വിദേശ മന്ത്രാലയം ക്ഷമാപണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും തന്ത്രപ്രധാനവുമായ ബന്ധം മുൻനിർത്തി, ഉഭയകക്ഷി ബന്ധത്തിലുണ്ടായ തെറ്റിദ്ധാരണ മറികടക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി ജർമൻ വിദേശ മന്ത്രാലയം പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന് സൗദി അറേബ്യയുമായുള്ള ആശയ വിനിമയത്തിൽ ജർമനി കൂടുതൽ വ്യക്തത പാലിക്കേണ്ടിയിരുന്നെന്ന് വിദേശ മന്ത്രി ഹൈകോ മാസിനെ ഉദ്ധരിച്ച് ജർമൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ തെറ്റിദ്ധാരണ മറികടക്കുന്നതിന് സൗദി അറേബ്യയുമായി ശക്തമായ സഹകരണം സ്ഥാപിക്കുന്നതിനും വ്യത്യസ്ത വിഷയങ്ങളിൽ സംവാദം ഊർജിതമാക്കുന്നതിനും ജർമനി ആഗ്രഹിക്കുന്നു. മധ്യപൗരസ്ത്യദേശത്തും ആഗോള തലത്തിലും സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കുന്നതിന് സൗദി അറേബ്യ വഹിക്കുന്ന സുപ്രധാന പങ്ക് പ്രശംസനീയമാണ്. 
സൗദി അറേബ്യയുമായുള്ള പങ്കാളിത്തം മുമ്പത്തേക്കാൾ കൂടുതൽ ശക്തമാക്കുന്നതിന് ലക്ഷ്യമിട്ട് ജർമൻ വിദേശ മന്ത്രാലയം തീവ്രശ്രമങ്ങൾ നടത്തും. സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുന്നത് ഇരു രാജ്യങ്ങൾക്കും രണ്ടു രാജ്യങ്ങളിലെയും പൗരന്മാർക്കും ഗുണം ചെയ്യുമെന്നും ജർമൻ വിദേശ മന്ത്രാലയം പറഞ്ഞു. 
സൗദി അറേബ്യയുമായി ഉഭയകക്ഷിബന്ധവും സഹകരണവും ശക്തമാക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ച് ജർമൻ വിദേശ മന്ത്രി നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ പറഞ്ഞു. ജർമനിയുമായി അഗാധവും തന്ത്രപ്രധാനവുമായ ബന്ധമാണ് സൗദി അറേബ്യക്കുള്ളത്. മേഖലാ, ലോക സമാധാനവും സുരക്ഷാ ഭദ്രതയും സാക്ഷാൽക്കരിക്കുന്നതിൽ സൗദി അറേബ്യക്കും ജർമനിക്കും പ്രധാന പങ്കുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയിലും ഇരു രാജ്യങ്ങൾക്കും വലിയ പങ്കുണ്ട്. 
സർവ മേഖലകളിലും സഹകരണത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നതിന് സാധ്യമായത്ര വേഗത്തിൽ സൗദി അറേബ്യ സന്ദർശിക്കുന്നതിന് ജർമൻ വിദേശ മന്ത്രിയെ സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ ക്ഷണിച്ചു. 
കഴിഞ്ഞ നവംബറിൽ ജർമൻ വിദേശ മന്ത്രി നടത്തിയ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ലെബനോൻ പ്രധാനമന്ത്രി സഅദ് അൽഹരീരിയുടെ രാജിയുമായി ബന്ധപ്പെട്ട് ഇറാന്റെ വാദങ്ങളിൽ കുടുങ്ങി ജർമൻ മന്ത്രി സൗദി വിരുദ്ധ പ്രസ്താവന നടത്തുകയായിരുന്നു. ഇതിന് സൗദി അറേബ്യ ശക്തമായ മറുപടി നൽകുകയും ജർമനിയിൽനിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. ജർമനി നടത്തിയ സത്യവിരുദ്ധമായ വാദങ്ങളുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലുള്ള പ്രതിഷേധക്കുറിപ്പും ജർമൻ ഗവൺമെന്റിന് സൗദി അറേബ്യ കൈമാറി. ജർമനിയുമായുള്ള സാമ്പത്തിക സഹകരണം പുനഃപരിശോധിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി. 2017 ൽ 660 കോടി യൂറോയുടെ ഉൽപന്നങ്ങൾ ജർമനി സൗദിയിലേക്ക് കയറ്റി അയച്ചിരുന്നു. 
ജർമനിയുമായുള്ള നയതന്ത്ര പ്രതിസന്ധി സൗദി അറേബ്യ വിവേകത്തോടെ കൈകാര്യം ചെയ്യുകയും പ്രതിസന്ധി പരിഹരിക്കുന്നതിന് ജർമനി തന്നെ മുൻകൈയെടുക്കുകയും ചെയ്തത് ആഗോള തലത്തിൽ സൗദി അറേബ്യയുടെ നില ഒന്നുകൂടി മെച്ചപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി നിലപാട് അംഗീകരിക്കുന്നതിന് ജർമനി പോലുള്ള വൻ ശക്തി രാജ്യം പ്രകടിപ്പിച്ച ആഗ്രഹമാണ് ഇത് വ്യക്തമാക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. 

 

Latest News