Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യാക്കൂബ് വധക്കേസ്: റിട്ട. പോലീസ്  ഉദ്യോഗസ്ഥന് അറസ്റ്റ് വാറണ്ട് 

തലശ്ശേരി- ഇരിട്ടി കീഴൂരിലെ സി.പി.എം പ്രവർത്തകൻ കോട്ടത്തിക്കുന്ന് കാണിക്കൽ വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കിടെ കോടതിയിൽ ഹാജരാകാത്ത റിട്ട. പോലീസ് ഉദ്യോഗസ്ഥന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് രജിസ്റ്റർ ചെയ്ത ഇരിട്ടി പോലീസ് സ്‌റ്റേഷനിൽ സംഭവ സമയം എ.എസ്.ഐയായിരുന്ന പത്മനാഭനു വേണ്ടിയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ആർ.എൽ ബൈജു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വിചാരണ വേളയിൽ ഹാജരാകാത്തതിനെ തുടർന്നാണ് സാക്ഷിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് ഇരിട്ടി പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് കോടതി കാരണം കാണിക്കൽ നോട്ടീസും നൽകി. സംഭവ സമയം ഇരിട്ടി എ.എസ്.ഐയായിരുന്ന പത്മനാഭൻ ഇപ്പോൾ സർവീസിൽ നിന്ന് വിരമിച്ചു. കേസ് വിചാരണക്കിടെ ഹാജരാകാൻ സാക്ഷിയായ പത്മനാഭന് സമൻസ് അയച്ചിട്ടും ഹാജരായിരുന്നില്ല. കേസ് ഒക്ടോബർ 10ന് വീണ്ടും പരിഗണിക്കും.  
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 16 പേരാണ് കേസിലെ പ്രതികൾ. 2006 ജൂൺ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതിയപുരയിൽ ജമീലയുടെ വീട്ടു വരാന്തയിൽ ഇരിക്കുന്ന സമയത്താണ് പ്രതികൾ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത.് ഇരുമ്പുവടി, വടിവാൾ തുടങ്ങിയ ആയുധങ്ങളും ബോംബുമായെത്തിയ സംഘം നടത്തിയ അക്രമത്തിൽ കല്ലിക്കണ്ടി ബാബുവിനും സഹോദരൻ കല്ലിക്കണ്ടി സുഭാഷിനും പരിക്കേറ്റിരുന്നു. അക്രമി സംഘം എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയിൽ പതിക്കുകയും യാക്കൂബ് തലശ്ശേരി ജനറലാശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. സംഭവത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ വിലങ്ങേരി ശങ്കരൻ മാസ്റ്റർ, വിലങ്ങേരി മനോഹരൻ എന്ന മനോജ്്, തെക്കൻ വീട്ടിൽ വിജേഷ് എന്ന പുതിയവീട്ടിൽ വിജേഷ്, കൊട്ടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ, പി.കാവ്യേഷ്, പന്നിയോടൻ ജയകൃഷ്ണൻ, കുറ്റിയാടൻ ദിവാകരൻ, എസ്.ടി സുരേഷ്, പി.കെ പവിത്രൻ എന്ന ആശാരി പവിത്രൻ, പുത്തൻവീട്ടിൽ മാവില ഹരീന്ദ്രൻ, കെ.കെ പപ്പൻ എന്ന പത്മനാഭൻ, എസ്.ടി സജീഷ്, കൊഴുക്കുന്നേൽ സജീഷ്, പടയൻകുട്ടി വൽസൻ, വള്ളി കുഞ്ഞിരാമൻ, കിഴക്കെ വീട്ടിൽ ബാബു എന്ന തുഫടൻ ബാബു എന്നിവരാണ് കേസിലെ പ്രതികൾ.
യാക്കൂബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം തില്ലങ്കേരി കാർക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തിൽ വെച്ച് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. യാക്കൂബിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന അവിടെ വെച്ച് നടന്നെന്ന പരാതിയെ തുടർന്നാണ് വത്സൻ തില്ലങ്കേരിയെ പ്രതി ചേർത്തിരുന്നത്.
 

Latest News