ക്രിമിനല്‍ കേസ് പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ വിലക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീം കോടതി

ന്യൂദല്‍ഹി- ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനാവില്ല. ഗുരുതര കേസില്‍ ഉള്‍പ്പെട്ടവര്‍ മത്സരിക്കുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്തണം. സ്ഥാനാര്‍ത്ഥികള്‍ കേസ് വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്രിമിനല്‍ കേസുകളില്‍ അന്തിമ വിധി പറയുന്നതിന് മുമ്പ് തന്നെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പറ്റം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.  സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍, ദല്‍ഹി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യയ് എന്നിവരും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടും. ഈ ഹര്‍ജികള്‍ കഴിഞ്ഞ മാസം വിധിപറയാനായി സുപ്രീം കോടതി മാറ്റിവച്ചതായിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതിക്ക് നിയമ നിര്‍മ്മാണത്തില്‍ ഇടപെടാനാകില്ലെന്നും അതു നിയമനിര്‍മ്മാണ സഭയുടെ കടമായണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ക്രിമിനല്‍ കേസ് പ്രതികളായ നേതാക്കളെ അയോഗ്യരാക്കുന്നതിനേയും കേന്ദ്രം എതിര്‍ത്തിരുന്നു. കുറ്റക്കാരാണെന്ന് കോടതി വിധി പറയുന്നതു വരെ ഇന്ത്യന്‍ നിയമ പ്രകാരം ഒരാള്‍ക്ക്് നിരപരാധിയുടെ ആനുകൂല്യമുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞിരുന്നു. 

Latest News