കൊണ്ടോട്ടി- നഗരസഭയിൽ പുതിയ ചെയർപേഴ്‌സണായി മുസ്‌ലിം ലീഗിലെ കെ.സി. ഷീബയേയും വൈസ് ചെയർപേഴ്‌സണായി കോൺഗ്രസിലെ കെ.ആയിഷാബിയേയും തെരഞ്ഞെടുത്തു. വോട്ടെടുപ്പിൽ നിന്ന് എസ്.ഡി. പി.ഐ അംഗം വിട്ടുനിന്നു. മലപ്പുറം രജിസ്ട്രാർ കെ. ശ്രീനിവാസൻ വരണാധികാരിയായിരുന്നു. യു.ഡി.എഫ് ഭരണ സമിതി നിലവിലുളള കൊണ്ടോട്ടിയിൽ നഗരസഭ ചെയർമാൻ കോൺഗ്രസിലെ സി.കെ. നാടിക്കുട്ടി, വൈസ് ചെയർപേഴ്‌സൺ മുസ്‌ലിം ലീഗിലെ പാലക്കൽ ഷറീന എന്നിവർ കഴിഞ്ഞ 30ന് രാജി നൽകിയതോടെയാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. കോൺഗ്രസും മുസ്‌ലിം ലീഗും യോജിച്ച് യു.ഡി.എഫ് ആയതോടെയുണ്ടാക്കിയ ധാരണപ്രകാരമാണ് ആറ് മാസത്തിന് ശേഷം ചെയർമാന്റെയും വൈസ് ചെയർപേഴ്‌സണിന്റെയും രാജി. നഗരസഭയിലെ 40 അംഗ വാർഡിൽ മുസ്‌ലിംലീഗിന് 18, കോൺഗ്രസിന് ഒരു സ്വതന്ത്രൻ ഉൾപ്പടെ 11 കൗൺസിലർമാരുമുണ്ട്. ഇടതുമുന്നണിക്ക് 10, എസ്.ഡി.പി.ഐക്ക് ഒരു കൗൺസിലറുമാണുളളത്.
ചെയർമാൻ സ്ഥാനം എസ്.ഇ സംവരണവും, വൈസ് ചെയർമാൻ വനിതാ സംവരണവുമായിരുന്നു. മുസ്‌ലിംലീഗിൽ ചെയർമാൻ സ്ഥാനത്തേക്ക് എസ്.ഇ സംവരണത്തിൽ പുരുഷന്മാരില്ലാത്തതിനാലാണ് നഗരസഭയിലെ 30-ാം ഡിവിഷൻ പാലക്കാപ്പറമ്പിൽ നിന്നുളള കൗൺസിലർ കെ.സി ഷീബയെ തെരഞ്ഞെടുത്തത്.
കോൺഗ്രസിൽ നേരത്തെ മതേതര വികസന മുന്നണിയായിരുന്നപ്പോൾ ദിവസങ്ങൾ മാത്രം ചെയർപേഴ്‌സണായിരുന്ന കെ. ആയിഷാബിയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.