ട്രെയിനിലെ പൂവാലന്മാര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വരുന്നു

ന്യൂദല്‍ഹി- ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കണമെന്ന് റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) ശുപാര്‍ശ. റെയില്‍വെ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ആര്‍.പി.എഫ് കര്‍ശന ശിക്ഷകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ട്രെയിനില്‍ സ്ത്രീകളെ അപമാനിക്കുന്നത് ഗുരുതര കുറ്റമായിക്കാണുന്ന നിയമ പരിഷ്‌കാരം ആവശ്യമാണ്. സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ പരമാവധി ഒരുവര്‍ഷം തടവ് എന്നത് റെയില്‍വേ ആക്ടിനു കീഴിലാക്കി കൂടിയ ശിക്ഷ നല്‍കണമെന്ന് അധികൃതര്‍ക്കു മുമ്പാകെ ആര്‍.പി.എഫ് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.

ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ റെയില്‍വേ പോലീസി(ജി.ആര്‍.പി)ലുള്ള നിരവധി അധികാരങ്ങള്‍ ആര്‍.പി.എഫിനു കൈമാറണമെന്നും നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടന്നാലോ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ പുരുഷന്മാര്‍ സഞ്ചരിച്ചാലോ നടപടിയെടുക്കാന്‍ ജി.ആര്‍.പിയെ അറിയിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇത്തരം സംഭവങ്ങളില്‍ ഉടനടി നടപടിയെടുക്കാനുള്ള അധികാരം ആര്‍.പി.എഫിനു നല്‍കുംവിധം നിയമ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ കമ്പാര്‍ട്ടമെന്റില്‍ പുരുഷന്മാര്‍ യാത്രചെയ്താല്‍ ഈടാക്കുന്ന പിഴ 500ല്‍നിന്ന് 1000 രൂപയാക്കി ഉയര്‍ത്താനും ഇ-ടിക്കറ്റിങ് തട്ടിപ്പുകള്‍ക്ക് കടുത്തശിക്ഷ നല്‍കുംവിധം നിയമം പരിഷ്‌കരിക്കാനും നിര്‍ദേശമുണ്ട്. ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറെ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-2016 വര്‍ഷത്തില്‍ ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം 35 ശതമാനം വര്‍ധിച്ചതായാണ് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ വെളിപ്പെടുത്തിയിരുന്നത്.

 

Latest News