വാട്‌സാപ്പിന് ഇന്ത്യയില്‍ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ഓഫീസറും

ന്യുദല്‍ഹി- ജനപ്രിയ മൊബൈല്‍ മെസേജിങ് ആപ്പായ വാട്‌സാപ്പ് ഇന്ത്യയിലെ പരാതികള്‍ പരിഹരിക്കാനും കൈകാര്യം ചെയ്യാനും മാത്രമായി ഗ്രീവന്‍സ് ഓഫീസര്‍ ഫോര്‍ ഇന്ത്യ എന്ന തസ്തികയില്‍ ഉന്നത ഉദ്യോഗസ്ഥയെ നിയമിച്ചു. കമ്പനിയുടെ ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് സീനിയര്‍ ഡയറക്ടറായ ഇന്ത്യന്‍ വംശജ കോമള്‍ ലാഹിരിക്കാണ് ചുമതല. യുഎസിലെ ആസ്ഥാനത്താണ് ഇവരുടെ പ്രവര്‍ത്തനം. പരാതികള്‍ ഉന്നയിക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനുമുള്ള നടപടികള്‍ കമ്പനി വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ആള്‍കൂട്ട മര്‍ദനങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും കാരണമായ വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നതില്‍ വാട്‌സാപ്പിനും നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതു തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്കു മാത്രമായി പുതിയ തര്‍ക്കപരിഹാര ഓഫീസറെ വാട്‌സാപ്പ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടേയും ഇമെയിലായും പരാതികള്‍ ഈ ഓഫീസര്‍ക്കു നല്‍കാം. ഓഗസ്റ്റ് മാസം അവസാനത്തോടെയാണ് ഈ ഓഫീസറെ വാട്‌സാപ്പ് നിയമിച്ചതെന്ന് ടെക്ക് വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യം ഔദ്യോഗികമായി കമ്പനി പരസ്യപ്പെടുത്തിയിരുന്നില്ല. പകരം വെബ്‌സൈറ്റിലെ സംശയങ്ങളും മറുപടികളും എന്ന ലിങ്ക് പുതിയവ കൂടി ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു.

കിംവദന്തികളും മറ്റു പ്രചരിച്ച് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ നിയമനടപടി ഉണ്ടാകുമെന്നും പ്രേരണാ കുറ്റം ചുമത്തുമെന്നും സര്‍ക്കാര്‍ നേരത്തെ വാട്‌സാപ്പിന് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി മെസേജ് ഫോര്‍വേഡ് ചെയ്യുന്നത് ഒരേ സമയം അഞ്ചെണ്ണമാക്കി പരിമിതപ്പെടുത്തിയിരുന്നു. 


 

Latest News