കൊച്ചി- കേരളത്തിലെ ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കാൻ ഒരു ലക്ഷം യുവാക്കൾക്ക് ത്രിശൂലം നൽകുമെന്ന പ്രഖ്യാപനവുമായി ഹിന്ദു ഹെൽപ് ലൈൻ നേതാവ്. കേരളത്തിൽ കലാപം നടത്താൻ കോപുകൂട്ടുന്നുവെന്ന പ്രഖ്യാപനത്തിനിടെയാണ് ഹിന്ദു ഹെൽപ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കേരളത്തിൽനിന്നുള്ള ഒരു ലക്ഷം യുവാക്കൾക്ക് ആയിരം ദിവസത്തിനുള്ളിൽ ത്രിശൂൽ ദീക്ഷ നൽകുമെന്നാണ് പ്രതീക്ഷ് വിശ്വനാഥ് പറയുന്നത്. നേരത്തെ നിരവധി കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഹെൽപ് ലൈനിന്റെ രാഷ്ട്രീയ രൂപമായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ നാഷണൽ സെക്രട്ടറി എന്നാണ് പ്രതീഷ് സ്വയം പരിചയപ്പെടുത്തുന്നത്. കേരളത്തിൽ ഹിന്ദു ഹെൽപ് ലൈൻ കലാപം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. അതിനോട് ചേർത്തുവായിക്കാവുന്നതാണ് പ്രതീഷ് വിശ്വനാഥിന്റെ വെളിപ്പെടുത്തൽ.