കണ്ണൂർ- കേരള പിറവി ദിനത്തിൽ ആദ്യ വിമാനം പറന്നുയരുമെന്നു പ്രതീക്ഷിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. കേരളത്തിലെ ഏറ്റവും വലിയ ഈ വിമാനത്താവളത്തിൽ പരമ്പരാഗത ചിത്രങ്ങളും കണ്ണൂരിന്റെ തനത് കലയായ തെയ്യത്തിന്റെ കൂറ്റൻ ചുമർ ചിത്രങ്ങളുമാണ് തയാറാവുന്നത്. ഒരേസമയം ഇരുപതോളം വലിയ വിമാനങ്ങൾക്കു നിർത്തിയിടാൻ മാത്രം വിശാലമാണ് ഈ വിമാനത്താവളം.
വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തോട് ചേർന്നാണ് കൂറ്റൻ ചുവർ ചിത്രങ്ങൾ ഒരുക്കുന്നത്. തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികളുടെ മനം കുളിർപ്പിക്കും വിധമാണ് ഇവയുടെ രചന. കണ്ണൂരിലെ കലാകാരനായ മോഹനൻ ചാലാടിന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം കലാകാരന്മാർ ചിത്രങ്ങൾ ഒരുക്കുന്നത്. കേരളത്തിലെ കലാരൂപങ്ങളും ആഘോഷങ്ങളുമാണ് പ്രധാന പ്രമേയം.
കഥകളി, തെയ്യം, പഞ്ചവാദ്യം, തിടമ്പ് നൃത്തം, തിരുവാതിരക്കളി, മോഹിനായാട്ടം തുടങ്ങിയ കലാരൂപങ്ങളും തനത് കേരളീയ ആഘോഷങ്ങളായ ഓണം, വള്ളം കളി, ഉത്സവങ്ങൾ തുടങ്ങിയവയും പ്രമേയമാവുന്നു. കാലടി സംസ്‌കൃത സർവകലാശാലയിലെ പൂർവ വിദ്യാർഥിയായ ദിൽജിത് ദാസിന്റെ നേതൃത്വത്തിലാണ് തെയ്യത്തിന്റെ കൂറ്റൻ ചിത്രം ഒരുങ്ങുന്നത്. എറണാകുളം ജില്ലയിലെ വിവിധ കലാകാരന്മാരാണ് സഹായികൾ. ഒക്‌ടോബർ ആദ്യവാരത്തോടെ ഇവയുടെ നിർമ്മാണം പൂർത്തിയാവും. ഇതിനു പുറമെ, കേരളം പശ്ചാത്തലമാക്കുന്ന വിവിധ പെയിന്റിംഗുകളും വിമാനത്താവളം മോടിപിടിപ്പിക്കുന്നതിനു ഉപയോഗിക്കും.
കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന കണ്ണൂരിൽ ഒരേ സമയം 20 വലിയ വിമാനങ്ങൾക്കു നിർത്തിയിടാനുള്ള സൗകര്യമാണുള്ളത്. പൂർണമായും പരിസ്ഥിതിക്കിണങ്ങുന്ന ഈ ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിൽ ചെടികളും പുൽത്തകിടിയും അടക്കമുള്ളവ വെച്ചു പിടിപ്പിക്കുന്ന പ്രവൃത്തിയും പൂർത്തിയായി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കി വിമാനത്താവളവും പരിസരവും പൂർണ ശുചിത്വത്തോടെ സംരക്ഷിക്കുന്നതിനും നടപടിയുണ്ടാവും.