Sorry, you need to enable JavaScript to visit this website.

ചതി സമ്മതിച്ച് ഗൂഗിള്‍; വ്യക്തികളുടെ ഇ-മെയിലുകള്‍ വായിക്കാന്‍ അനുവദിച്ചു

വാഷിംഗ്ടണ്‍- ജിമെയില്‍ അക്കൗണ്ടുകളിലെ ഇ-മെയില്‍ സന്ദേശങ്ങള്‍ വായിക്കാന്‍ നൂറു കണക്കിന് ആപ്പുകളെ അനുവദിച്ചിരുന്നുവെന്ന് സമ്മതിച്ച് ഗൂഗിള്‍. മാര്‍ക്കറ്റിംഗിനുവേണ്ടി ഈ വിവരങ്ങള്‍ കൈമാറിയതായും ഗൂഗിള്‍ സമ്മതിച്ചു.
വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതായുള്ള സാങ്കേതിക മേഖലയിലെ വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇത് അവസാനിപ്പിച്ചതെന്നും യു.എസ് ജനപ്രതിനിധികള്‍ക്ക് അയച്ച കത്തില്‍ ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈയില്‍ അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറംലോകത്തെത്തിയത്. പരസ്യ ടാര്‍ഗറ്റുകള്‍ ലക്ഷ്യമിട്ട് ഇ-മെയില്‍ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ മൂന്നാം കക്ഷികള്‍ക്ക് കൈമാറിയിരിക്കാമെന്നാണ് ഗൂഗിള്‍ സമ്മതിച്ചിരിക്കുന്നത്.
മൂന്നാം കക്ഷികള്‍ക്ക് ഇ-മെയില്‍ ഉള്ളടക്കം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്കാണ് ഗൂഗിള്‍ മറുപടി നല്‍കിയത്. റിട്ടേണ്‍ പാത്ത് എന്ന മാര്‍ക്കറ്റിംഗ് കമ്പനി അതിന്റെ നിര്‍മിത ബുദ്ധിയെ (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അല്‍ഗോരിതം പരിശീലിപ്പിക്കുന്നതിന് 8000 ഇമെയിലുകളിലെ സ്വകാര്യ ഉള്ളടക്കം വായിച്ചുവെന്ന റിപ്പോര്‍ട്ട് മുന്നില്‍വെച്ചാണ് സെനറ്റര്‍മാര്‍ ചോദ്യം ഉന്നയിച്ചത്.

ആപ്പിളിലും ആന്‍ഡ്രോയിഡിലുമായി ഉപയോക്താക്കളുടെ ഇമെയില്‍ ഡാറ്റ ശേഖരിക്കാന്‍ സാധിക്കുന്ന 379 ആപ്പുകളെങ്കിലുമുണ്ട്. തങ്ങളുടെ ചട്ടങ്ങള്‍ പാലിക്കാത്തതിന് ഏതെങ്കിലും ആപ്ലിക്കേഷനെതിരെ നടപടി സ്വീകരിച്ചതായി ഗൂഗിള്‍ യു.എസ് കോണ്‍ഗ്രസിനെഴുതിയ കത്തില്‍ പറയുന്നില്ല. ഇങ്ങനെ ഡാറ്റ കൈമാറുന്ന ആപ്ലിക്കേഷനുകള്‍ ആ വിവരം പ്രൈവസി പോളിസിയില്‍ വ്യക്തമാക്കിയിരിക്കേണ്ടതാണ്. ഇമെയില്‍ മാനേജ് ചെയ്യാനും വായിക്കാനും അയക്കാനും ഡിലീറ്റ് ചെയ്യാനും പോപ്പ് അപ്പ് ബോക്‌സിലൂടെയാണ് അനുമതി ചോദിക്കേണ്ടത്. പരസ്യക്കാര്‍ക്ക് നല്‍കിയ ഡാറ്റകള്‍ കണ്ടെത്താന്‍ സാധാരണഗതിയില്‍ പ്രയാസമാണ്.

2004 ല്‍ ജി-മെയില്‍ ആരംഭിച്ച ശേഷം ഗൂഗിള്‍ തന്നെയും ഉപയോക്താക്കളുടെ ഇമെയില്‍ പരിശോധിച്ചിരുന്നു. സ്വകാര്യത കണക്കിലെടുത്തും നിയമനടപടികള്‍ ഭയന്നും കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ കമ്പനികളുടെ വ്യക്തിസ്വകാര്യതയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികള്‍ അടുത്തയാഴ്ച വീണ്ടും ജനപ്രതിനിധികള്‍ മുമ്പാകെ ഹാജരാകേണ്ടതുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ കമ്പനികള്‍ വ്യക്തമാക്കേണ്ടി വരും.  

 

Latest News