റിയാദ്- സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വ്യാജ ഓഫറുകള്‍ പ്രഖ്യാപിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടാതെ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് നിയമ ലംഘനമാണ്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴയും മൂന്നു വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതിന് നിയമം അനുശാസിക്കുന്നു. വ്യാജ ഓഫറുകളുമായി ബന്ധപ്പെട്ട് ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓഫറുകള്‍ ഉടനടി നിര്‍ത്തിവെപ്പിക്കുകയും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന അധികൃതരെ വിളിപ്പിക്കുകയും ചെയ്യും.
ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓണ്‍ലൈന്‍ വഴി ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ഓരോ വ്യാപാരിക്കും വര്‍ഷത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് ലഭ്യമായ ദിവസങ്ങളില്‍ നിന്ന് ദേശീയ ദിനത്തോടനുബന്ധിച്ച് ഓഫര്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങള്‍ കുറയ്ക്കില്ല. സൗദിയിലെ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്ന മുഴുവന്‍ ഓഫറുകളും അറിയുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷന്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച 7.2 കോടി ഉല്പന്നങ്ങളുടെ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമായിരുന്നു.
ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് ആഗ്രഹിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി ലൈസന്‍സ് വാങ്ങല്‍ നിര്‍ബന്ധമാണ്. ഓഫറില്‍ വില്പന നടത്തുന്ന ഉല്പന്നങ്ങള്, ഓഫറിനു മുമ്പും ശേഷവുമുള്ള വിലകള്‍, ഓഫറുകളുടെ അനുപാതം, ലൈസന്‍സ് നമ്പര്‍ എന്നിവയെല്ലാം സമര്‍പ്പിച്ചാണ് ലൈസന്‍സ് നേടേണ്ടത്. ഓഫര്‍ ലൈസന്‍സ് കോപ്പി എളുപ്പത്തില്‍ കാണത്തക്ക വിധം വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്ശിപ്പിക്കലും നിര്‍ബന്ധമാണ്.