ജിദ്ദ- 1995 മുതൽ ഇംറാൻ ഖാനുമായി ഇഴപാകിയ സ്‌നേഹ സൗഹൃദം ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളുമായ ടി.എം.എ റഊഫിന്റെ മനസ്സിലിന്നും ചേതോഹരമായ മുഹൂർത്തങ്ങൾ നിറയ്ക്കുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തുന്ന വിദേശ സന്ദർശനം പുണ്യഭൂമിയിലേക്ക് തന്നെയായത് കളിക്കളത്തിലെ ഈ ആദ്യനായകന്, രാഷ്ട്രനായകത്വത്തിനുള്ള കരുത്തും ആത്മീയ ചൈതന്യവും ചാർത്തുന്നുവെന്ന് അദ്ദേഹവുമായി ഇപ്പോഴും അടുപ്പം കാത്ത് സൂക്ഷിക്കുന്ന, മണ്ണാർക്കാട് സ്വദേശിയായ റഊഫ് അഭിപ്രായപ്പെട്ടു.
ജിദ്ദയിൽ സൗദി അമേരിക്കൻ ബാങ്കിന്റെ ഹെഡ്ഓഫീസിൽ റഊഫ് ജോലി ചെയ്ത കാലത്താണ് ഇംറാൻ ഖാൻ ആദ്യമായി ഉംറ നിർവഹിക്കാനെത്തിയതും ചില സൗദി സുഹൃത്തുക്കൾ മുഖേന അന്ന് ആഗോള ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്ന അദ്ദേഹത്തെ താൻ പരിചയപ്പെട്ടതെന്നും റഊഫ് ഓർക്കുന്നു.
ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അദ്ദേഹത്തിന്റെ സ്‌നേഹം അനുഭവിക്കാനായി. ഇംറാൻഖാനോടൊപ്പം കോർണിഷിലൂടെ സഞ്ചരിക്കാനും ഫോട്ടോകളെടുക്കാനും സാധിച്ചത് അപൂർവ ഭാഗ്യം. ഇന്ത്യക്കാരെ, വിശിഷ്യാ മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന ഇംറാൻ ഖാന് കറാച്ചിയിലെ മലയാളി ബന്ധമുള്ള നിരവധി റസ്റ്റോറന്റുടമകളുമായി നല്ല അടുപ്പമായിരുന്നു. മലബാരി ഭക്ഷണം ഏറെ പ്രിയമാണ് ഇംറാന്.
(പ്രമുഖ സാമ്പത്തിക വിദഗ്ധനും പിൽക്കാലത്ത് പാക് ധനമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ പ്രശസ്തനുമായ ഷൗക്കത്ത് അസീസിനോടൊപ്പം ജിദ്ദ സൗദി അമേരിക്കൻ ബാങ്കിൽ ജോലി ചെയ്യുന്നതിനും റഊഫിന് അവസരം ലഭിച്ചിട്ടുണ്ട്. സാംബയുടെ- സിറ്റി ബാങ്ക്- ജിദ്ദയിലെ മാനേജിംഗ് ഡയറക്ടറായിരുന്നു ഷൗക്കത്ത് അസീസ്).
അന്ന് ഉംറ നിർവഹിച്ച ശേഷം ജിദ്ദയിൽ മടങ്ങിയെത്തിയ ഇംറാൻ ഖാൻ രണ്ടു നാൾ താമസിച്ചിരുന്ന ഹോട്ടലിൽ വീണ്ടും കൂടിക്കാഴ്ച നടത്താൻ റഊഫിന് അവസരം ലഭിക്കുകയും ഈ ബന്ധം അദ്ദേഹം തിരിച്ചുപോയ ശേഷവും തുടരുകയും ചെയ്തു. ഓൾ റൗണ്ട് വ്യൂ എന്ന ഇംറാൻ ഖാന്റെ ആത്മകഥാപരമായ പുസ്തകത്തിൽ താൻ സുദൃഢമായ രണ്ടു തീരുമാനങ്ങളെടുത്തതായി പറഞ്ഞിരുന്നു. അതിലൊന്ന് താനൊരിക്കലും വിവാഹം കഴിക്കില്ല എന്നായിരുന്നു. ഇതേക്കുറിച്ച് പിന്നീടെപ്പോഴോ റഊഫ് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞുവത്രേ: പല തീരുമാനങ്ങളും സ്ഥായിയല്ലല്ലോ..
ക്രീസിനോട് വിടവാങ്ങിയ ഈ നായകൻ പിന്നീട് സാമൂഹിക- ജീവകാരുണ്യ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1980 ൽ മരിച്ച തന്റെ മാതാവിന്റെ സ്മരണയ്ക്കായി ദശലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് ലാഹോറിൽ ഷൗക്കത്ത് ഖന്നാം കാൻസർ ആശുപത്രി സ്ഥാപിച്ചു കൊണ്ടാണ് ഇംറാൻ ജീവകാരുണ്യ രംഗത്ത് സേവനത്തിന് തുടക്കം കുറിച്ചത്. സാക്ഷരതാ പ്രവർത്തനവുമായും അദ്ദേഹം അക്കാലത്ത് ബന്ധപ്പെട്ടിരുന്നു.
പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ ഇദ്ദേഹത്തിന്റെ പാർട്ടി - പാക്കിസ്ഥാൻ തെഹ്‌രീഖ് എ ഇൻസാഫ് - അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന ഇംറാൻഖാന് ഗൾഫ് മേഖലയിൽ നിരവധി ഇന്ത്യൻ സുഹൃത്തുക്കളുണ്ട്. അവരിലൊരാളായി മാറാൻ സാധിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് പ്രിൻസ് ഫൈസൽ ബിൻ അബ്ദുല്ല ബിൻ തുർക്കി അവ്വലിന്റെ ഓഫീസ് ഡയറക്ടറായി പ്രവർത്തിക്കുന്ന ടി.എം. എ റഊഫ് പറഞ്ഞു.






