Sorry, you need to enable JavaScript to visit this website.

ലൈല മജ്‌നു റീലോഡഡ് 

വിശ്വപ്രസിദ്ധ പ്രണയകഥയാണ് പഴയ പേർഷ്യയിലെ ലൈല മജ്‌നു. പ്രണയവും വൈകാരികതയും ഏറെയുള്ള കഥ. അതുകൊണ്ടുതന്നെ നാടകങ്ങൾക്കും സിനിമകൾക്കും ആ കഥ പലവുരു വിഷയമായി. ഇങ്ങ് മലയാളത്തിലടക്കം. 
ഏറ്റവുമൊടുവിൽ കശ്മീരിന്റെ പശ്ചാത്തലത്തിൽ ലൈലാ മജ്‌നു പുനർജനിക്കുകയാണ്. നവാഗതനായ സംവിധായകൻ സാജിദ് അലിയാണ് പുതിയ ലൈലാ മജ്‌നുവിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശസ്ത സിനിമാ സംവിധായകനും രചയിതാവുമായ ഇംതിയാസ് അലിയുടെ സഹോദരനാണ് സാജിദ് അലി.
ചിത്രം തീയറ്ററുകളിലെത്തിയെങ്കിലും വലിയ ചലനം സൃഷ്ടിച്ചിട്ടില്ല. കേട്ടുപഴകിയ പ്രണയ കഥയായതുകൊണ്ടോ, പാട്ടുകളുടെ അതിപ്രസരമോ എന്താണ് കാരണമെന്നറിയില്ല. കശ്മീരിന്റെ മനോഹാരിത ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. 
പഴയ ലൈല മജ്‌നുവിലെ പോലേ പ്രണയം തന്നെയാണ് ഈ ചിത്രത്തിന്റെയും ഇതിവൃത്തം. കശ്മീരിലെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്നവളാണ് ലൈല. പക്ഷെ അവൾ സ്വതന്ത്ര ചിന്താഗതി പുലർത്തുന്നവളാണ്. ജീവിതത്തിൽ വലിയ ലക്ഷ്യമൊന്നുമില്ലാത്തവനാണ് ഖൈസ്. പക്ഷെ ലൈലയെ കണ്ട മാത്രയിൽ അവൻ അനുരാഗബദ്ധനായി. അവൾക്കുവേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണവൻ.
പക്ഷെ, ആ കമിതാക്കൾക്കിടയിൽ വലിയൊരു പ്രതിബന്ധമുണ്ട്. അത് ഇരുവരുടെയും കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയാണ്. സ്വത്തിന്റെ പേരിൽ വർഷങ്ങളായി പോരടിക്കുന്ന കുടുംബങ്ങളാണ് ലൈലയുടെയും ഖൈസിന്റെയും. അതുണ്ടാക്കുന്ന വേദനയും ദുരന്തവുമൊക്കെയാണ് കശ്മീരിലെ ലൈല മജ്‌നുവിന്റെ കഥ. അവിനാശ് തിവാരിയും തൃപ്തി ഡിംരിയുമാണ് ഖൈസും ലൈലയുമായി എത്തുന്നത്.
മൊത്തം പത്ത് ഗാനങ്ങളുണ്ട് ലൈല മജ്‌നുവിൽ. മൂന്ന് സംഗീത സംവിധായകരും, നീലാദ്രി കുമാർ, ജോയ് ബറുവ, അലിഫ് എന്നിവർ. സായക് ഭട്ടാചാര്യയുടെ ക്യാമറ കശ്മീരിന്റെ മനോഹാരിത പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നു.

 

Latest News