റിയാദ് - മൂന്നു വർഷത്തിനിടെ സൗദിയിൽ പതിനായിരത്തിലേറെ ബാങ്കിംഗ് തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സൗദി ബാങ്കുകൾക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറലും സൗദി ബാങ്കുകളുടെ വക്താവുമായ ത്വൽഅത് ഹാഫിസ് പറഞ്ഞു.
ബാങ്കിംഗ് തട്ടിപ്പുകളെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള പത്താമത് കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നതോടനുബന്ധിച്ച് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ത്വൽഅത് ഹാഫിസ്. 2015 ൽ 4374 ഉം 2016 ൽ 4275 ഉം 2017 ൽ 2046 ഉം തട്ടിപ്പ് കേസുകൾ അടക്കം മൂന്നു കൊല്ലത്തിനിടെ ആകെ 10,695 തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2015 ൽ 52.9 കോടി റിയാലിന്റെയും 2016 ൽ 52.9 കോടി റിയാലിന്റെയും 2017 ൽ 21.7 കോടി റിയാലിന്റെ തട്ടിപ്പുകളും തട്ടിപ്പ് ശ്രമങ്ങളുമാണുണ്ടായത്.
എ.ടി.എം കാർഡുകളും ക്രെഡിറ്റ് കാർഡുകളും വഴിയാണ് ബാങ്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. ബാങ്കുകൾ വഴി നേരിട്ട് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നില്ല. വ്യാജ രേഖകൾ, ആൾമാറാട്ടം, വ്യാജ ചെക്കുകൾ, എ.ടി.എം കാർഡുകൾ കോപ്പി ചെയ്യൽ എന്നിവ അടക്കം വ്യത്യസ്ത മാർഗങ്ങളിലൂടെ ബാങ്ക് തട്ടിപ്പുകൾ നടക്കുന്നുണ്ട്. സൗദിയിൽ പ്രതിവർഷം ഏഴായിരം കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരം നടക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇത് ഇരട്ടിയായി വർധിക്കും. സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കുന്നതിന് ലോകമെങ്ങും ബാങ്കുകളും ഗവൺമെന്റുകളും ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും തട്ടിപ്പുകൾ വർധിച്ചുവരികയാണ്.
ഇത് ആഗോള സമ്പദ്‌വ്യവസ്ഥക്ക് കടുത്ത ഭാരമായി മാറിയിട്ടുണ്ട്. ലോകത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ രണ്ടു മുതൽ അഞ്ചു ശതമാനം വരെ പണം വെളുപ്പിക്കൽ ഇടപാടുകളുടെ പങ്കാണെന്ന് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നു.
സാമ്പത്തിക തട്ടിപ്പുകളിലൂടെ സമ്പാദിക്കുന്ന പണമാണ് വെളുപ്പിക്കുന്നത്. ഒന്നര ട്രില്യൺ റിയാൽ മുതൽ നാലു ട്രില്യൺ റിയാൽ വരെയാണ് പണം വെളുപ്പിക്കൽ ഇടപാടുകളുടെ പങ്ക്. പണം വെളുപ്പിക്കൽ അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കേണ്ടത് ലോക രാജ്യങ്ങളുടെ കൂട്ടുത്തരവാദിത്തമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ബാങ്കിംഗ് മേഖലയിലെ ശക്തമായ നിയമങ്ങളുടെയും നവീന സാങ്കേതിക ശേഷികളുടെയും കേന്ദ്ര ബാങ്കിന്റെ നിർദേശത്തോടെ ബാങ്കുകൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെയും ഫലമായി സാമ്പത്തിക, ബാങ്കിംഗ് തട്ടിപ്പുകൾ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും ത്വൽഅത് ഹാഫിസ് പറഞ്ഞു.






