കൊച്ചി- കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് വൈദികന്‍ കടന്നുപിടിച്ച ദുരനുഭവം പങ്കുവെച്ച് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായി. വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയില്‍നിന്നാണ് മോശം അനുഭവമുണ്ടായതെന്ന് അവര്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
മഠത്തില്‍ തനിച്ചായ സാഹചര്യത്തിലാണ് വൈദികന്‍ കടന്നുപിടിച്ചത്. കുതറി രക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. പ്രായത്തില്‍ മുതിര്‍ന്ന അദ്ദേഹത്തില്‍നിന്ന് ഒരിക്കല്‍ പോലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നും ദയാബായി പറഞ്ഞു
ഇത്തരമൊരു സംഭവം തുടര്‍ന്നും ഉണ്ടാകുമോയെന്ന പേടി കാരണം അതുണ്ടാകാതിരിക്കാന്‍ ശരീരത്തില്‍ സ്വയം പൊള്ളലേല്‍പ്പിക്കുകയെന്ന മാര്‍ഗമാണ് സ്വീകരിച്ചത്. ഇതിനായി മെഴുകുതി ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുമായിരുന്നു. പിന്നീട് വൈദികന്‍ വിളിപ്പിച്ചാല്‍ പോകാറില്ലെന്നും നിര്‍ബന്ധങ്ങള്‍ പ്രതിരോധിച്ചപ്പോള്‍ ചില കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മാനസികമായി പീഡിപ്പിച്ചുവെന്നും ദയാബായി വ്യക്തമാക്കി.
കുറവിലങ്ങാട്ടെ കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും എന്തുകൊണ്ടു പറഞ്ഞില്ലെന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യത്തില്‍ ആരോടും അങ്ങനെ പറയാന്‍ കഴിയില്ലെന്നായിരുന്നു ദയാബായിയുടെ മറുപടി.
ബിഹാറിലെ ഹസാരിബാഗ് മഠത്തില്‍ മതപഠനത്തിനു ചേര്‍ന്ന ദയാബായി പിന്നീട് അതുപേക്ഷിച്ച് സാമൂഹിക പ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു. 1965 ലാണ് മഠം ഉപേക്ഷിച്ചത്.