മുംബൈ- സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് അനുകൂലമായി സഹോദരന്റെ മൊഴി. അമിത് ഷായുടേയും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന് അഭയ് ചുദാസമയുടേയും പേരുകള്‍ 2010ല്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ മനപൂര്‍വം എഴുതിച്ചേര്‍ത്തുവെന്നാണ് സുഹ്റാബുദ്ദീന്റെ ഇളയ സഹോദരന് നയാമദ്ദീന് സി.ബി.ഐ പ്രത്യേക കോടതി മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ ബി.ജെ.പിയും ഉന്നതന്മാരും ഭീഷണിപ്പെടുത്തുന്നുവെന്ന് സി.ബി.ഐയോട് പരാതിപ്പെട്ടയാളാണ് നയാമുദ്ദീന്‍.
2017 നവംബര്‍ 29ന് കോടതി മുമ്പാകെ സാക്ഷി മൊഴി നല്കാന് ഹാജരാകേണ്ടിയിരുന്ന നയാമുദ്ദീന്‍ പല തവണ സമന്‍സും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരായത്. 2010 ല്‍ തന്റെ മൊഴിയെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥന് അമിത് ഷായുടേയും ചുദാസമയുടേയും പേരുകള്‍ എഴുതി ചേര്‍ത്തതാണെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നും നയാമുദ്ദീന്‍ കോടതിയില്‍ വാക്കാല്‍ പറഞ്ഞു.
2005 ല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ ഹാജരാക്കിയ സാക്ഷിയാണ് നയാമുദ്ദീന്‍. സുഹറാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, സഹായി തുളസി പ്രജാപതി എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ അമിത് ഷായേയും ചുദാസമയേയും നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
നയാമുദ്ദീനും സഹോദരനായ റുബാബുദ്ദീനും ഉന്നതര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നേരത്തെ പലതവണ പരാതിപ്പെട്ടിരുന്നതാണ്. 2010 ല്‍ സി.ബി.ഐക്ക് നല്കിയ മൊഴിയില്‍ അമിത്ഷായില്‍നിന്നും ചാദാസമയില്നിന്നു ജീവനു ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. ഈ മൊഴിയാണ് നയാമുദ്ദീന്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നതും സി.ബ.ഐ ഉദ്യോഗസ്ഥര്‍ സ്വയം എഴുതിച്ചേര്‍ത്തതാണെന്ന് വാദിക്കുന്നതും.
ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍വന്ന സുഹ്റാബുദ്ദീന്‍, കൗസര്‍ബി, പ്രജാപതി എന്നിവരെ ഗുജറാത്ത്, രാജസ്ഥാന് പോലീസ് സംഘങ്ങള്‍ ബസ് തടഞ്ഞ് തട്ടിക്കൊണ്ടുപോയെന്നാണ് സി.ബി.ഐ കേസ്. തുടര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം വ്യാജ ഏറ്റമുട്ടലില്‍ സുഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം അപ്രത്യക്ഷരായ കൗസര്‍ബിയും പിന്നീട് കൊല്ലപ്പെട്ടു. എന്നാല്‍ ഇവരുടെ മൃതദേഹം ലഭിച്ചിരുന്നില്ല. ഇരുകൊലകള്ക്കും എക സാക്ഷിയായ പ്രജാപതി 2006 ല്‍ മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇയാള്‍ കസ്റ്റിഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. സഹോദരന് സുഹ്റാബുദ്ദീനേയും കൗസര്‍ബിയേയും ഇന്‍ഡോറിലെ ബസ് സ്റ്റാന്റില്‍ കൊണ്ടുപോയി ഇറക്കിയപ്പോഴാണ് അവസാനമായി കണ്ടതെന്നാണ് നയാമുദ്ദീന്‍ തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇന്‍ഡോറില്‍നിന്നാണ് ഇരുവരും ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. സഹോദരന് കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ അമിത്ഷായുടെ പേരു പറഞ്ഞതിന് ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന് അഭയ് ചുദാസമ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇപ്പോള്‍ നയാമുദ്ദീന്‍ നിഷേധിച്ചിരിക്കയാണ്. അഭയ് ചുദാസമയെ കുറിച്ചോ അമിത്ഷായെ കുറിച്ചോ ഒരിക്കലും സി.ബി.ഐയോട് പറഞ്ഞിട്ടില്ലെന്ന് നയാമുദ്ദീന്‍ പറഞ്ഞു.