റഷ്യന്‍ സൈനിക വിമാനം സിറിയന്‍ തീരത്തിനടുത്ത് കാണാതായി; ഇസ്രഈല്‍ വെടിവെച്ചിട്ടതെന്ന് സംശയം

മോസ്‌കോ- 14 സൈനികരെ വഹിച്ചു പറക്കുകയായിരുന്ന റഷ്യയുടെ സൈനിക വിമാനം മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ പൊടുന്നനനെ അപ്രത്യക്ഷമായതായി റഷ്യ. സിറിയന്‍ തീരത്തു നിന്നും 35 കിലോമീറ്റര്‍ അകലെ വച്ചാണ് റഷ്യന്‍ സൈനിക വിമാനം റഡാറില്‍ നിന്ന് കാണാതായതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സൈനിക വിമാനം കാണാതായത്. ഈ സമയത്തു തന്നെയാണ് സിറിയയിലെ ലതാകിയ പ്രവിശ്യയില്‍ ഇസ്രഈലിന്റെ എഫ്-16 യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയിരുന്നത്. ഇതോടെ ഇസ്രാഈല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നിരിക്കാമെന്ന ഊഹം ശക്തമായിരിക്കുകയാണ്. സൈനിക വിമാനത്തെ കുറിച്ചും അതിലുണ്ടായിരുന്ന 14 സൈനികരെ കുറിച്ചും ഒരു വിവരവുമില്ലെന്നും വിമാനത്തിനായി തെരച്ചില്‍ നടന്നു വരികയാണെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ആകാശത്തു വച്ചുണ്ടായ 'അപ്രതീക്ഷിത അപകടത്തില്‍'പ്പെട്ട് റഷ്യന്‍ പോര്‍വിമാനം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയതാകാമെന്ന് റഷ്യന്‍ രക്ഷാ സംഘത്തെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. റോക്കറ്റ് ആക്രമണം പ്രിതിരോധിക്കാന്‍ സിറിയന്‍ സൈന്യവും ഈ സമയം എതിരാക്രമണം നടത്തിയിരുന്നതായി ആര്‍.ഐ.എ നൊവോസ്തി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ഇതുസംബനധിച്ച് സിറിയയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. വിദേശത്തു നിന്നുള്ള വാര്‍ത്തകളോട് പ്രതിരിക്കില്ലെന്നാണ് ഇസ്രഈലി സൈനിക വക്താവ് പ്രതികരിച്ചത്. സംഭവത്തില്‍ യുഎസിനു പങ്കില്ലെന്ന് പെന്റഗണ്‍ വക്താവും അറിയിച്ചു. മിസൈലുകള്‍ തൊടുത്തു വിട്ടത് യുഎസ് സൈന്യമല്ല. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നും തങ്ങളുടെ പക്കലിലെന്നും വക്താവ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്ന ഫ്രഞ്ച് യുദ്ധ കപ്പലില്‍ നിന്നും റോക്കാറ്റാക്രമണം നടന്നിരുന്നതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു. എന്നാല്‍ ഫ്രഞ്ച് സൈന്യം ഇതു നിഷേധിച്ചിട്ടുണ്ട്.

സിറിയയിലെ ഇദ്‌ലിബില്‍ ഇനി ആക്രമണം നടത്തില്ലെന്ന് റഷ്യയും തുര്‍ക്കിയും വ്യക്തമാക്കിയതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് റഷ്യന്‍ സൈനിക വിമാനം സംശയാസ്പദ സാഹചര്യങ്ങളില്‍ കാണാതാകുന്നത്. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ മനുഷ്യ ദുരന്തം തടയുന്നതിനും സൈനിക വിമുക്ത മേഖലയാക്കുന്നതിനുമായി ഇനി ആക്രമണം നടത്തില്ലെന്ന് റഷ്യയും തുര്‍ക്കിയും കരാറുണ്ടാക്കിയിരുന്നു. സോചിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും തമ്മില്‍ നാലു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.
 

Latest News