ചാവക്കാട് - ഖത്തറിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം നൽകി ചാവക്കാട്ടെ മൂന്ന് സഹോദരന്മാരിൽ നിന്നായി 88 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഖത്തറിൽ ജോലി ചെയ്യുന്ന പാലയൂർ സ്വദേശി പുതുവീട്ടിൽ മുഹമ്മദിൻെറ മക്കളായ ജാഫർ സാദിഖ് (44), ഷംസാദ് (38), ശിഹാസ് (33) എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്.
തട്ടിപ്പിനെതിരെ കണ്ണൂർ ചെറുപുഴക്കടുത്ത് അരിയിരുത്തി അലവേലി ഷജീർ മുഹമ്മദ്, അനുജൻ ഷമീം മുഹമ്മദ് എന്നിവർക്കെതിരെയാണ് ഇവർ പരാതി നൽകിയത്. കണ്ണൂർ ട്രാവൽ ഏജൻസി കേന്ദ്രീകരിച്ച് നടന്ന വിമാന ടിക്കറ്റ് തട്ടിപ്പിൽ 88 ലക്ഷം രൂപ ഇവർക്ക് നഷ്ടപ്പെട്ടു. സമാന സംഭവത്തിൽ ഒളിവിലായിരുന്ന ഇവർ രണ്ടുപേരും കണ്ണൂരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻറിലാണ്.
ജാഫർ സാദിഖിന്റെ പരാതിയിൽ ചാവക്കാട് പോലീസ് ഷമീം മുഹമ്മദിനെ കോടതിയിൽനിന്ന് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖത്തറിലെ സ്വകാര്യ കമ്പനിയുടെ ഗതാഗത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഷമീർ മുഹമ്മദ് ആളുകളുമായി വ്യക്തിബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ അറുന്നൂറോളം മലയാളികളിൽനിന്ന് ഒന്നരക്കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറയുന്നു ഒന്നര കോടി രൂപക്ക് പുറമേയാണ് ജാഫർ സാദിഖിന്റേയും അനുജന്മാരുടേയും 88 ലക്ഷം രൂപയുടെ കണക്ക്.
അനുജൻ ഷംസാദ് വഴിയാണ് ജാഫർ സാദിഖ് ഇവരിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ തുടങ്ങിയത്. എറണാകുളം കേന്ദ്രമായുള്ള ട്രാവൽ ഏജൻസിയുടെ വെബ് സൈറ്റിൽ ഷജീർ മുഹമ്മദ് ഖത്തറിൽ വിമാനയാത്രക്കാർക്ക് ബന്ധപ്പെടാനായി ഫോൺ നമ്പർ അടക്കം നൽകിയിരുന്നു. ഖത്തർ എയർവെയ്‌സിന് ടിക്കറ്റുകൾ കുറഞ്ഞനിരക്കിൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്. ആദ്യമൊക്കെ കുറഞ്ഞ നിരക്കിൽ തന്നെ ഇയാൾ മുഖേന പണം നൽകിയവർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞതായി ജാഫർ സാദിഖും വ്യക്തമാക്കി. 2000 റിയാൽ ടിക്കറ്റ് നിരക്ക് ഉണ്ടായ സമയത്തു 1300 റിയാലിനാണ് ഇയാൾ ടിക്കറ്റ് നൽകിയിരുന്നത്. ആവശ്യമുള്ള പണം ഇയാൾ തന്നെ പോക്കറ്റിൽ നിന്ന് ചെലവിട്ടാണ് ആളുകളുടെ വിശ്വാസം നേടിയെടുത്തത്. ടിക്കറ്റ് ആവശ്യപ്പെട്ട് കണ്ണൂർ ചെറുപുഴയിലെ ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നവർക്ക് ഷമീർ മുഹമ്മദ് വിമാന ടിക്കറ്റിൻെറ കോപ്പി മെയിൽ ചെയ്തു കൊടുക്കലാണ് പതിവ്. പണമടച്ചവരിൽ കഴിഞ്ഞ ജൂൺ വരെ പലർക്കും യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു. അതിനുശേഷം പല യാത്രക്കാരും വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായത്. ഇതിനിടയിൽ ഷമീർ മുഹമ്മദ് നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതോടെയാണ് തട്ടിപ്പിൻെറ കഥ പുറത്തറിയുന്നത്.
സ്വകാര്യ കമ്പനിയിൽ ജോലിയുള്ള ജാഫർ സാദിക്ക് കൂട്ടുകാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതനായത്. കബളിപ്പിക്കപ്പെട്ട പയ്യോളി സ്വദേശികളുടെ പരാതിയിലാണ് ചെറുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആദ്യം ഷമീം മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഷമീർ മുഹമ്മദ് പയ്യോളി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷമീമിനെയാണ് ചാവക്കാട് സി.ഐ. ജി ഗോപകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ. എ.വി രാധാകൃഷ്ണനും സംഘവും കസ്റ്റഡിയിൽ വാങ്ങിയത്. ഒന്നാം പ്രതിയായ ജ്യേഷ്ഠൻ ഷമീറിനേയും കസ്റ്റഡിയിൽ വാങ്ങിയേക്കും.






