തലശ്ശേരി- കംപ്യൂട്ടറിനെക്കുറിച്ചുള്ള സങ്കൽപം തന്നെ മാറ്റിമറിക്കാൻ തക്ക വിധത്തിൽ ന്യൂ ജെൻ കംപ്യൂട്ടറിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട അതിനൂതനമായ ആശയമാണ് ക്വാണ്ടം കം്യൂട്ടിങ്. സാധാരണ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ബിറ്റുകൾക്ക് പകരം ക്വാണ്ടം ക്യൂ ബിറ്റുകൾ ഉപയോഗിച്ചുള്ള ഈ അത്യാധുനിക കംപ്യൂട്ടറുകൾക്ക് വേഗതയും വിവരശേഖരണത്തിനുള്ള കഴിവും ആർജ്ജിത വിവരങ്ങളുടെ സുരക്ഷിതത്വവും അഭൂതപൂർവ്വമാണെന്ന് പരീക്ഷണങ്ങളിലൂടെ ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ആശയത്തെ അടിസ്ഥാനമാക്കിയ ഗവേഷണങ്ങൾ ഇന്നും ശൈശവാവസ്ഥയിലാണ്. പല വികസിത രാജ്യങ്ങളും ഈ ഗവേഷണ പരിപാടിയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചു വരുന്നുണ്ട്. ഈ രംഗത്തെ ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമേ നിലവിലുള്ളൂ.
ഈ രംഗത്ത് അമേരിക്കയിലെ ഏയ്ൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ഗവേഷണങ്ങളിൽ ഇരുപത്തിമൂന്നുകാരനായ മയ്യഴിക്കാരൻ അക്ഷയ് കൂട്ടേന്റെവിട വിസ്മയമായി മാറുകയാണ്. ഇത് യാഥാർത്ഥ്യമായി മാറുന്നതോടെ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ആരോഗ്യ-ശാസത്ര സാങ്കേതിക മേഖലകളിൽ തന്നെ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് കാരണമാകും
-മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ച് മുംബൈയിൽ ആറ്റോമിക് എനർജി സി-ബി.എസ് കോളേജിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ഇപ്പോൾ അമേരിക്കയിലെ പ്രസിദ്ധമായ യേൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് നടത്തുന്ന അക്ഷയിന് മുംബൈയിലെ പഠന കാലത്തു തന്നെ സ്വിറ്റ്സർലാന്റ്, ജപ്പാൻ, യു.എസ് എന്നി രാജ്യങ്ങളിൽ പോയി ഇന്റേൺഷിപ്പ് പ്രോജക്ട് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. പഠനത്തിന്റെ ഭാഗമായി ജർമ്മനി, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളിൽ വോൾഫ്രാം സയൻസ് സമ്മർ സ്കൂൾ, റിക്കൻ ജപ്പാൻ ഇൻസ്റ്റിറ്റിയൂട്ട് എന്നിവയിൽ പരിശീലനം നേടാനുമായി.
പഠന കാലത്തു തന്നെ നിരവധി പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ടോപ്പറായ ഈ മിടുക്കന് ഇൻസ്പയർ അവാർഡ്, പൈതൻ സ്പെഷ്യലൈസേഷൻ അവാർഡ്, ശാസത്രത്തിനുള്ള ദേശീയ ബാലശ്രീ അവാർഡ് എന്നിവ ലഭിച്ചിരുന്നു. ശാസ്ത്ര വിഷയങ്ങൾക്കുമപ്പുറം കലാകായിക രംഗത്തും തിളങ്ങുന്ന ഈ ബഹുമുഖ പ്രതിഭ, മുംബൈയിൽ യൂണിവേഴ്സിറ്റി ഫുട്ബോൾ ക്യാപ്റ്റനും നൃത്തം, കീബോർഡ് എന്നിവയിൽ അനിതര സാധാരണമായ സിദ്ധിവൈഭവവും സ്വായത്തമാക്കിയിരുന്നു.
യേൽ യൂണിവേഴ്സിറ്റിയിൽ അക്ഷയിന് മൂന്നര കോടി രൂപ സ്കോളർഷിപ്പോടു കൂടിയാണ് റിസർച്ചിന് അവസരമൊരുങ്ങിയിട്ടുള്ളത്. മാഹിയിൽ സർക്കാർ വിദ്യാലയങ്ങളിലെ പ്ലസ് ടു വരെയുള്ള സൗജന്യ പഠനത്തിന് ശേഷം സർക്കാർ സ്കോളർഷിപ്പോടെയാണ് ഇതുവരേയും പഠനം തുടർന്നത്. ഏക മകന്റെ പഠനത്തിന് ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കേണ്ടി വന്നിട്ടില്ലെന്ന് പിതാവ് പുതുച്ചേരി സംസ്ഥാന സഹകരണ ബാങ്ക് മാനേജർ ടി.പി. ചന്ദ്രനും മാതാവ് ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപിക എൻ.കെ. സഖിതയും പറഞ്ഞു. പ്ലസ് ടുവിൽ മികച്ച വിജയം നേടിയതിന് ശേഷം മെഡിസിൻ, എൻജിനീയറിംഗ്, എൻ.ഡി.എ കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചിട്ടും ഫിസിക്സിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അക്ഷയിനെ മുംബൈയിലെ കേന്ദ്ര അറ്റോമിക് എനർജി നടത്തുന്ന കോളേജിലേക്ക് എത്തിച്ചത്.
സൂപ്പർ കംപ്യൂട്ടറുകൾക്കുമപ്പുറം, ക്വാണ്ടം കംപ്യൂട്ടിങിന്റെ അനന്ത സാദ്ധ്യതകൾ തേടിയുള്ള യാത്രയിൽ, ഭൂഗർഭ നിലയങ്ങളിലെ പര്യവേക്ഷണങ്ങളിലും അക്ഷയ് വ്യാപൃതനായിരുന്നു. അത്യാധുനിക ശാസ്ത്ര സാങ്കേതിക വിഷയമായ ക്വാണ്ടം കംപ്യൂട്ടിങിൽ കൈവരിക്കുന്ന നേട്ടം, ലോക ശാസ്ത്ര സാങ്കേതിക രംഗത്തെ തന്നെ മാറ്റിമറിക്കുമെന്നതിൽ സംശയമില്ല.






