കടകളിലെ സൗദിവല്‍ക്കരണം വന്‍വിജയം; വിഡിയോകള്‍ വ്യാജമെന്ന് അധികൃതര്‍

റെഡിമെയ്ഡ് ഷോപ്പുകളിൽ ജോലി ചെയ്യുന്ന സ്വദേശി യുവാക്കൾ. 

റിയാദ്- ഈ ഹിജ്‌റ വർഷാരംഭം മുതൽ റെഡിമെയ്ഡ് ഷോപ്പുകളിൽ അടക്കം നാല് മേഖലകൾ സ്വദേശിവത്കരിച്ചത് മികച്ച ഫലം കണ്ടതായി  സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് പ്രതിനിധി എൻജി. മൻസൂർ അൽശഥ്‌രി. നിയമം യാതൊരുവിധ നിഷേധാത്മക സ്വാധീനവും ഉളവാക്കിയിട്ടില്ലെന്നും കൗൺസിലിലെ തൊഴിൽവിപണി സൗദിവത്കരണ കമ്മിറ്റി അധ്യക്ഷൻ കൂടിയായ അദ്ദേഹം വ്യക്തമാക്കി. 
ജനുവരി അവസാനം, ഘട്ടംഘട്ടമായി 12 മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചത് മുതൽ സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സും രാജ്യത്തെ ചേംബർ ഓഫ് കൊമേഴ്‌സുകളും പദ്ധതി വൻവിജയമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. പുതിയ മേഖലകളിൽ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കുന്നതിന് അനേകം സ്വദേശി യുവതിയുവാക്കൾക്ക് പരിശീലനം നൽകി. 
സൗദി ജീവനക്കാരെ ലഭിക്കാത്തത് കാരണം നിരവധി ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ പലതും യാഥാർഥ്യത്തിന് നിരക്കുന്നതല്ല. ഇത്തരമൊരു വീഡിയോ ക്ലിപ്പിംഗ് കേന്ദ്രീകരിച്ച് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഈ ഷോപ്പുകളിൽ സൗദി യുവാക്കൾ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. നമസ്‌കാരം നിർവഹിക്കുന്നതിനായി അടച്ചിട്ട സമയത്താണ് ചിലർ വീഡിയോ ചിത്രീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായെന്ന് എൻജി. അൽശഥ്‌രി പറഞ്ഞു. 
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിനാണ് കൗൺസിലിലെ സൗദിവത്കരണ കമ്മിറ്റി ഊന്നൽ നൽകുന്നത്. ജോലി തേടുന്ന സ്വദേശികൾ ഈ അവസരം പ്രയോജനപ്പെടുത്തി തൊഴിലുടമകളായോ ജീവനക്കാരായോ വിപണിയിലേക്ക് കടന്നുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ആദ്യഘട്ടം എന്ന നിലയിൽ കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നീ മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതൽ സൗദിവൽക്കരണം നടപ്പിലാക്കും.  
 

Latest News