ആരാധകരുടെ ധോണി

കഥയും ജീവിതവും...ധോണിയും ധോണിയുടെ വേഷമിട്ട സുശാന്ത് സിംഗ് രാജ്പുതും

ഗാന്ധിയുടെ സംഭവബഹുലമായ കഥ തിരശ്ശീലയിൽ പറഞ്ഞുതീർക്കാൻ റിച്ചാഡ് ആറ്റൻബറോക്ക് വേണ്ടിവന്നത് മൂന്നു മണിക്കൂർ 11 മിനിറ്റാണ്. ഗാന്ധിയുടേതു പോലെ സംഭവബഹുലമായിരിക്കില്ല മഹേന്ദ്ര ധോണിയുടെ ജീവിതം. എങ്കിലും ധോണിയുടെ കഥ തിരശ്ശീലയിൽ വരച്ചുവെക്കാൻ നീരജ് പാണ്‌ഡെ മൂന്നു മണിക്കൂർ 10 മിനിറ്റെടുത്തു. എന്നിട്ടും സിക്‌സറടിക്കുന്നതും വീണ്ടും സിക്‌സറടിക്കുന്നതും ഷൂട്ട് ചെയ്യുന്ന തിരക്കിൽ അദ്ദേഹത്തിന് കഥ മുഴുവൻ പറയാൻ സമയം കിട്ടിയില്ല. ധോണിയുടെ കരിയറിനെക്കുറിച്ച  ഉൾക്കാഴ്ചയാണ് 'എം.എസ് ധോണി-ദ അൺടോൾഡ് സ്റ്റോറി'യിൽ പ്രതീക്ഷിക്കുന്നതെങ്കിൽ സിനിമ നിരാശപ്പെടുത്തും. ധോണിയുടെ ആരാധകനാണ് നിങ്ങളെങ്കിൽ സിരകളെ ത്രസിപ്പിക്കാൻ ആവശ്യത്തിലേറെയുണ്ട് സിനിമയിൽ. ധോണിയുടെ പ്രതാപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായ വിവാദങ്ങളെക്കുറിച്ചറിയാനാണ് താൽപര്യമെങ്കിൽ വിവാദങ്ങളുടെ പതിനായിരം മീറ്റർ അടുത്തുകൂടെ പോലും ഈ സിനിമ കടന്നു പോയിട്ടില്ല. 2008 ലെ ഓസ്‌ട്രേലിയയിലെ ഏകദിന പരമ്പരക്കിടയിൽ ഒരു സീനിയർ കളിക്കാരനെ ടീമിൽനിന്ന് മാറ്റിനിർത്താൻ ധോണി ആവശ്യപ്പെടുന്ന രംഗമുണ്ട്. സെലക്ടർ ആ കളിക്കാരന്റെ പേര് പറയുമ്പോൾ ഓഡിയൊ നിശ്ശബ്ദമാവുന്നു. 
ആദ്യ മൂന്നു ദിവസം സിനിമ വാരിയത് 66 കോടി രൂപയാണ്. ലണ്ടനിൽ മാത്രം ആദ്യ ദിനം 50 തവണ ചിത്രം പ്രദർശിപ്പിച്ചു. ഈ വർഷം ഏറ്റവും ലാഭമുണ്ടാക്കിയ സിനിമകളിലൊന്നാവും ഈ ചിത്രം. ചരിത്രത്തിൽ ഏറ്റവും ലാഭമുണ്ടാക്കിയ ക്രിക്കറ്റ് സിനിമയും. ക്രിക്കറ്റ് സിനിമകൾ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. ബാസിൽ റെഡ്‌ഫോഡിന്റെ 'ഇറ്റ്‌സ് നോട്ട് ക്രിക്കറ്റ്' മുതൽ ക്രിക്കറ്റ്‌പ്രേമിയായ ടെറൻസ് റെറ്റിഗാൻ തിരക്കഥയെഴുതിയ 'ദ ഫൈനൽ ടെസ്റ്റ്' വരെ. 'ദ ഫൈനൽ ടെസ്റ്റി'ൽ ഇംഗ്ലണ്ട് കളിക്കാരായ ലെൻ ഹട്ടനും ഡെനിസ് കോംപ്റ്റനും സിറിൽ വാഷ്ബ്രൂക്കുമൊക്കെ ഭാവഭേദമില്ലാത്ത റോബോട്ടുകളെ പോലെ അഭിനയിച്ച് കാണികളെ വെറുപ്പിച്ചു. അശുതോഷ് ഗൊവാരിക്കറുടെ ക്രിക്കറ്റ് സിനിമ 'ലഗാൻ' മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കർ അവാർഡിന് പരിഗണിക്കപ്പെട്ടു.
എന്നാൽ ധോണി ബയോപിക് വീരാരാധനയുടെ ബോളിവുഡ് ഇതിഹാസമാണ്. 2011 ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് എളുപ്പം രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ധോണി ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നേടിയിറങ്ങുന്നതാണ് ചിത്രത്തിലെ ആദ്യ ദൃശ്യം. 'എക്‌സ്‌ക്യൂമി, ഗാരി' എന്നാണ് ആദ്യ ഡയലോഗ്. അവിടെ തുടങ്ങുന്നു ആഘോഷവും സിക്‌സറടിയും. നേരെ ചിത്രം പോകുന്നത് റാഞ്ചയിലെ പ്രസവവാർഡിലേക്കാണ്. അവിടെ ധോണി ജനിച്ചുവീഴുന്നു. ആദ്യ പകുതിയിൽ കഷ്ടപ്പാടുകളുടെ വിവരണമാണ്. ഖരഗ്പൂരിൽ റെയിൽ ടിക്കറ്റ് എക്‌സാമിനറായ ജോലിയിലൂടെയൊക്കെ കഥ നീങ്ങുന്നു. കളി അതിൽ ഉപരിപ്ലവമായ പശ്ചാത്തലം മാത്രമാണ്. ധോണി ക്യാപ്റ്റനായി അവരോധിക്കപ്പെടുന്നതു പോലും പരാമർശിക്കുന്നില്ല. 
രണ്ടാം പകുതിയിൽ ലവ് സ്റ്റോറിയും പാട്ടുകളുമാണ്. ധോണി ഹെലിക്കോപ്റ്റർ ഷോട്ട് അഭ്യസിക്കുന്നതും അണ്ടർ-19 ക്രിക്കറ്റിൽ യുവരാജ് സിംഗുമായുള്ള ഏറ്റുമുട്ടലുമൊക്കെ വിശദമായി വിവരിച്ചിട്ടുണ്ട്. ഹെലിക്കോപ്റ്റർ ഷോട്ട് സിക്‌സറിലൂടെ 2011 ലെ ലോകകപ്പിൽ ധോണി വിജയ റൺസടിക്കുന്നതിൽ സിനിമ അവസാനിക്കുന്നു. മൂന്നു മണിക്കൂർ 10 മിനിറ്റ് അവസാനിക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുക ആദ്യത്തെയും അവസാനത്തെയും ഏതാനും ദൃശ്യങ്ങൾ മാത്രം. മൂന്നു മണിക്കൂറിൽ ഒരാളുടെ ജീവിതം ചുരുക്കിയെഴുതുക പ്രയാസമാണ്. പ്രത്യേകിച്ചും അയാൾ ഇത്രയധികം സിക്‌സറടിച്ചു കൂട്ടിയാൽ.

Latest News