ബുദ്ധ ഗുരുക്കന്മാരുടെ ലൈംഗിക പീഡനങ്ങള്‍ നേരത്തെ തന്നെ അറിയാമായിരുന്നെന്ന് ദലൈ ലാമ

ഹേഗ്- ബുദ്ധ ഗുരുക്കന്മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളെ കുറിച്ച് നേരത്തെ തന്നെ അറിയമായിരുന്നുവെന്ന് ബുദ്ധമത ആത്മീയ നേതാവ് ദലൈ ലാമ. ഇതില്‍ പുതുമയില്ലെന്നും 1990കള്‍ തൊട്ട് കേള്‍ക്കുന്നതാണെന്നും നെതര്‍ലാന്‍ഡില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നാലു ദിവസത്തെ സന്ദര്‍ശനത്തിന് നെതര്‍ലാന്‍ഡിലെത്തിയ അദ്ദേഹം ബുദ്ധ ഗുരുക്കന്മാരുടെ ലൈംഗിക പീഡനത്തിനിരയായവരെ വെള്ളിയാഴ്ച കണ്ടിരുന്നു. ലാമയെ കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. തങ്ങള്‍ തുറന്ന മനസ്സും ഹൃദയവുമായാണ് ബുദ്ധ മതം സ്വീകരിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ തങ്ങള്‍ ബലാല്‍സംഗത്തിനിരയാകുകയായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഇരകള്‍ ദലൈ ലാമയോട് പരാതിപ്പെട്ടു. ഇതിനു മറുപടിയായാണ് ഇക്കാര്യങ്ങള്‍ തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ലാമ മറുപടി പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധ ഗുരുക്കന്മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു സമ്മേളനത്തിനിടെ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ലൈംഗികാരോപണങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നുവെന്ന് ദലൈ ലാമ പറഞ്ഞു. ലൈംഗിക പീഡനം നടത്തുന്നവര്‍ ബുദ്ധയുടെ അധ്യാപനങ്ങള്‍ അവഗണിക്കുന്നവരാണ്. ഈ കാര്യങ്ങള്‍ പരസ്യമാക്കിയാല്‍ അത്തരക്കാര്‍ക്ക് തങ്ങള്‍ പൊതുജന മധ്യത്തില്‍ നാണം കെടുമെന്ന് ആശങ്കയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News