അവിഭക്ത ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരിലാളനയേറ്റ കായികവേദികളിൽ
നിന്നാണ് സിന്ധുവും സയ്‌നയും ശ്രീകാന്തും കശ്യപും ജ്വാലാ ഗുട്ടയും ചേതൻ ആനന്ദുമെല്ലാം ഇന്ത്യയുടെ
അഭിമാനങ്ങളായി ഉയർന്നത്. അതിനിടെ, സിന്ധുവിനു വേണ്ടി ആന്ധ്ര മുഖ്യമന്ത്രിയും തെലങ്കാന മുഖ്യമന്ത്രിയും പരസ്പരം
അവകാശവാദമുന്നയിക്കുന്ന പ്രശ്‌നവുമുണ്ടായി. വലിയ വിവാദമായി അത് വളർന്നില്ലെന്നത് ആശ്വാസം.
ഗോപിചന്ദ് അക്കാദമിയുടെ ചുമർപരസ്യം ഇങ്ങനെ തിളങ്ങുന്നു: സിന്ധു, ഇന്ത്യയുടെ സിന്ധു-
തെലങ്കാനക്കാരനോ ആന്ധ്രപ്രദേശുകാരനോ മാത്രമല്ല ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുന്നത് ഇതാണ്:
2016 ൽ ബ്രസീലിൽ പി.വി. സിന്ധു നേടിയ വെള്ളി 2020 ൽ ജപ്പാനിലെ സ്വർണമാകുമോ?
അഭിമാന താരം പി.വി. സിന്ധുവുമായി ഒരു കൂടിക്കാഴ്ച
ഹൈദരബാദ് ഹൈടെക് സിറ്റി വലം വെച്ചാണ് മറ്റൊരു ഐ.ടി ഹബ്ബായ ഗച്ചിബൗളിയിലെത്തിയത്. അവിടെ ഞങ്ങൾ താമസിക്കുന്ന റാഡിസൺ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് വിജയവാഡക്കാരൻ സുനിലാണ്, ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിലേക്ക് വഴികാട്ടിയത്. ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സാരഥിയും ഗൾഫിലെ പ്രമുഖ ബിസിനസുകാരനുമായ ഡോ. കെ.ടി. റബീഉള്ളയുടെ വക പത്ത് പവൻ സ്വർണപ്പതക്കം റിയോ ഒളിംപിക്‌സിൽ വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് സമ്മാനിക്കുന്ന സംഘത്തിലുൾപ്പെട്ടാണ് ഈ ലേഖകനും അവിടെയെത്തിയത്.
ഗ്രാന്റ്പ്രീ കിരീടത്തിൽനിന്ന് 130 കോടി ജനങ്ങൾക്ക് അഭിമാനമായ വെള്ളിമെഡലിലേക്കുള്ള സ്വപ്‌നസമാനമായ മുന്നേറ്റത്തിന്റെ ത്രസിപ്പിക്കുന്ന കഥയാണ് പുസരല വെങ്കട്ട സിന്ധുവിന്റേത്. ആ നേട്ടത്തിനു പിന്നിൽ ദേശീയ കോച്ചും മുൻ ഓൾ ഇംഗ്ലണ്ട് ചാമ്പ്യനുമായ പുല്ലേല ഗോപിചന്ദിന്റെ പേരാണ് കായിക ഇന്ത്യ ഹരിചന്ദനം കൊണ്ടെഴുതേണ്ടത്. ഒളിംപിക്‌സിന്റെ പൂർവചരിത്രത്തിൽ മെഡൽ നേടിയ വനിതകളെല്ലാം വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞപ്പോൾ ഒരു ഇന്ത്യൻ വനിതാ കായികതാരത്തിന്റെ ഏറ്റവും വലിയ നേട്ടം സിന്ധുവിന്റെ പേരിൽ കുറിക്കാൻ ഗോപിചന്ദ് നിമിത്തമായി. പ്രകാശ് പദുക്കോണിനു ശേഷം ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ രണ്ടാമത്തെ ഇന്ത്യക്കാരനായ ഗോപിചന്ദ് അർജുന, ദ്രോണാചാര്യ, പദ്മഭൂഷൺ പുരസ്‌കാര ജേതാവ് കൂടിയാണ്. ലോക ഒന്നാം നമ്പർ പീറ്റർ ഗേഡിനെ സെമിയിലും ചൈനയുടെ ചെൻഹോംഗിനെ ഫൈനലിലും തോൽപിച്ച് കിരീടം ചൂടിയപ്പോൾ ഗോപിചന്ദിന്റെ പ്രായം 28. അളന്നു മുറിച്ച സ്മാഷുകളുടെ രാജകുമാരൻ എന്നാണ് ഗോപിചന്ദ് അറിയപ്പെട്ടത്. സിന്ധുവിനെ മാത്രമല്ല സൈന നേവാൾ, കെ. ശ്രീകാന്ത്, പരുപ്പള്ളി കശ്യപ്, മലയാളി എച്ച്.എസ് പ്രണോയ് തുടങ്ങി ഇന്ത്യൻ ബാഡ്മിന്റണിലെ അഭിമാനതാരങ്ങളെല്ലാം കടന്നുവന്നത് ഗോപിചന്ദിന്റെ പരിശീലനക്കളരിയിലൂടെയാണ്.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായി) സുഹൃത്ത് തന്ന നമ്പറിൽ ഗോപിചന്ദിനെ വിളിച്ചപ്പോൾ അദ്ദേഹം പൂജാമുറിയിലാണെന്ന് വിവരം കിട്ടി. ഹൈദരബാദിൽ അന്ന് ഗണേശോൽസവമാണ്. എങ്ങും ആരാധനയുടേയും ആഘോഷത്തിന്റേയും അന്തരീക്ഷം. ഒഴിവുദിനവുമാണ്. ഗോപിചന്ദിനെ ഇ-മെയിൽ വഴി നേരത്തെ വിവരമറിയിച്ചിരുന്നു. സിന്ധുവിന്റെ സൗകര്യം കൂടി നോക്കിയാണ് ആ ദിവസം ഹൈദരബാദിലെത്തിയത്. പക്ഷേ ഗോപിചന്ദിന് തിരക്കായത് കാരണം സിന്ധുവിന്റെ പിതാവിനെ ബന്ധപ്പെട്ടു. റിയോ ഒളിംപിക്‌സ് കവർ ചെയ്ത സുഹൃത്ത് കെ. വിശ്വനാഥ് (മാതൃഭൂമി) സിന്ധുവിന്റെ അച്ഛനും മുൻ ദേശീയ വോളിതാരവുമായ പി.വി. രമണയുടെ നമ്പർ തന്നത്. രമണ സന്തോഷപൂർവം ഞങ്ങളോട് ഗോപിചന്ദ് അക്കാദമിയിലെത്താൻ നിർദേശിച്ചു. ഗച്ചിബൗളിയിലെ പടുകൂറ്റൻ സ്റ്റേഡിയത്തിനു വിളിപ്പാടകലെ പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ നിരവധി കുട്ടികൾ പരിശീലനത്തിലാണ്. ചുവന്ന ദാവണിയുടുത്ത് അഞ്ചടി പതിനഞ്ച് ഇഞ്ച് ഉയരമുള്ള സിന്ധു, അച്ഛനമ്മമാരോടൊപ്പം അക്കാദമിയിലെത്തി. ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യയ്ക്ക് വെങ്കലം നേടിത്തന്ന കളിക്കാരനാണ് രമണ. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കുറച്ചുകാലം കോഴിക്കോട്ടുണ്ടായിരുന്നു. കുറെശ്ശെ മലയാളം സംസാരിക്കും. സിന്ധുവിന്റെ അമ്മ പി.വിജയയും മുൻ ദേശീയ വോളിതാരമാണ്. അനിയത്തി ഗായത്രി ബാഡ്മിന്റണിൽ അണ്ടർ-13 ദേശീയ ചാമ്പ്യനും.
ഇന്ത്യയുടെ അഭിമാനം കാത്ത സിന്ധുവിന് അഭിനന്ദനവുമായി എത്തുന്ന ആദ്യ കേരളീയ സംഘമാണ് നിങ്ങളെന്ന് സന്തോഷത്തോടെ സംസാരം തുടങ്ങി രമണ. മൊയ്തു, മൂസ തുടങ്ങിയ പഴയകാല മലയാളി വോളിതാരങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി.
സിന്ധുവിനോടൊപ്പം ഗോപിചന്ദ് അക്കാദമിയിൽ പരിശീലനം നടത്തിയിരുന്നു രാമനാട്ടുകരക്കാരനായ മുൻ ഇന്ത്യൻ താരം വി. ദിജു. ക്രോസ് കോർട്ട് ഷോട്ടുകളിലെ മികവാണ് സിന്ധുവിന്റെ പ്രത്യേകതയെന്ന് ദിജു നിരീക്ഷിച്ച കാര്യം രമണ അനുസ്മരിച്ചു. സ്വർണപ്പതക്കം സമ്മാനിക്കുന്നതിന് ഒരുക്കിയ സ്റ്റേജിനു പിറകിൽ സിന്ധുവിനെക്കുറിച്ച വിവിധ ഭാഷകളിലുള്ള പത്രകട്ടിംഗുകളും അദ്ദേഹം കാണിച്ചുതന്നു.
വെള്ളിത്തൊങ്ങൽ പോലെയുള്ള ഷട്ടിലിൽ നിന്ന് സ്വർണത്തിലേക്കുള്ള ഷോട്ടുകൾ ഉതിർക്കുകയെന്ന സ്വപ്‌നവുമായി റിയോയിലേക്ക് കുതിച്ച സിന്ധുവിന്റെ ബാല്യം കളിയുടെയും കഥകളുടേതുമായിരുന്നുവെന്ന് രമണ ഓർക്കുന്നു. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കൂട്മാറുമ്പോഴും ഷട്ടിലും റാക്കറ്റും അവൾ താഴെ വെച്ചില്ല. കളിയോടുള്ള സമർപ്പണത്തിന്റെ കഥയാണ് സിന്ധുവിന്റേത്. ബാക്ക് കോർട്ടിൽ കരുത്തുകാട്ടുമ്പോഴും നെറ്റിനു മുന്നിൽ സിന്ധുവിന് പിഴച്ചില്ല. ഈ തന്ത്രത്തിന്റെ ശിൽപി ഗോപിചന്ദല്ലാതെ മറ്റാരുമല്ല- രമണ പറയുന്നു.
പരിശീലനത്തിനായി എന്നും ഹൈദരബാദിന്റെ ടൂറിസ്റ്റ് സ്‌പോട്ടായ ബെഞ്ചാര ഹിൽസിലെ വീട്ടിൽ നിന്ന് 56 കിലോമീറ്റർ സഞ്ചരിച്ചാണ് സിന്ധു ഗച്ചിബൗളിയിലെത്തുന്നത്. മണിക്കൂറുകളോളം പരിശീലിച്ചാലും മടുക്കാത്ത മനസ്സും ചോരാത്ത കരുത്തുമാണ് സിന്ധുവിന്റെ വിജയരഹസ്യമെന്ന് അഭിമാനപൂർവം രമണ പറയുന്നു. ആ കമന്റിന് മുന്നിൽ സിന്ധു സന്തോഷപൂർവം കൈകൂപ്പി.
വോളി കുടുംബത്തിൽ പിറന്ന് ബാഡ്മിന്റൺ കോർട്ടിലേക്ക് പിച്ച വെച്ച സിന്ധു ഒരു ദിവസം പോലും പരിശീലനം മുടക്കിയിട്ടില്ലെന്ന് അമ്മ വിജയയും പറയുന്നു. 2009 ലെ സബ് ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കലത്തിൽ നിന്നായിരുന്നു സിന്ധുവിന്റെ കുതിപ്പ്. പിറ്റേ വർഷം ഇറാനിലെ ഫാജിർ ഇന്റർനാഷനൽ ചലഞ്ചിൽ വെള്ളി, ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലെ ക്വാർട്ടർ പ്രവേശം.. അതെ, സിന്ധു ബാറ്റ് കൊണ്ട് വിജയചരിത്രം തുന്നിച്ചേർക്കുകയായിരുന്നു. പടിപടിയായ വളർച്ചയായിരുന്നു തന്റേതെന്ന് സിന്ധു പറയുന്നു.
2011 ലും 2012 ലും തുടർച്ചയായി ഏഷ്യൻ ജൂനിയർ ചാമ്പ്യൻ, 2014 ൽ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും വെങ്കലം, 2013 ലും 2014 ലും ലോക ചാമ്പ്യൻഷിപ് വെങ്കലം .. ഈ നേട്ടങ്ങളത്രയും കൈവരിക്കുമ്പോഴും സൈനാ നേവാളിന്റെ പ്രശസ്തിയുടെ നിഴലിലായിരുന്നു സിന്ധു. വളരെപ്പെട്ടെന്ന് തന്റേതായ വഴി വെട്ടിയെടുത്തു സ്മാഷുകളുടെ രാജകുമാരിയായി. 2013 ലെ ഗ്വാങ്ഷു ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയപ്പോൾ സയ്‌നക്കും കഴിയാത്ത നേട്ടങ്ങളിലേക്ക് സിന്ധു ഉയർന്നു. ലോക ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി സിന്ധുവിന്റെ പേരിലായി. അന്ന് ചാമ്പ്യൻപട്ടം സ്വന്തമാക്കിയ തായ്‌ലാന്റിലെ രചനോക് ഇന്തനോണിനോടാണ് സിന്ധു സെമിയിൽ മുട്ടുമടക്കിയത്. പിറ്റേ വർഷം ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹാഗനിൽ ലോക ചാമ്പ്യൻഷിപ് വെങ്കല നേട്ടം സിന്ധു ആവർത്തിച്ചു. ലോകചാമ്പ്യൻ കരൊലൈന മാരിനോടാണ് സിന്ധു അടിയറവ് പറഞ്ഞത്, കരൊലൈന അത്തവണ കിരീടമുയർത്തി. അതെ, അതേ കരൊലൈനക്കു മുന്നിലാണ് റിയോ ഫൈനലിലും സിന്ധു ഇഞ്ചോടിഞ്ച് പൊരുതി വീണത്.
ഈശ്വരാനുഗ്രഹമാകാം, ഈ നേട്ടങ്ങളൊക്കെ റിയോ ഒളിംപിക്‌സിലേക്കുള്ള പടയോട്ടത്തിൽ സിന്ധുവിന് ഉൾക്കരുത്ത് പകർന്നുവെന്നതാണ് സത്യം- രമണ പറഞ്ഞു. കോർട്ടിലെ ചാഞ്ചല്യമാണ് സിന്ധുവിന്റെ ന്യൂനതയെന്ന് ഗോപിചന്ദിനെപ്പോലെ സിന്ധുവിന്റെ കളി നിശിതമായി നിരീക്ഷിക്കുന്ന രമണ സമ്മതിച്ചു. എങ്കിലും റിയോയിലെത്തിയപ്പോഴേക്കും പിഴവ് പറ്റാത്ത കരുത്തുറ്റ സ്മാഷുകൾ സിന്ധുവിന്റെ നേട്ടമായി മാറിയെന്നതും അഭിമാനം പകരുന്നു. പദ്മശ്രീ കരസ്ഥമാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവബഹുമതിയും സിന്ധുവിനു മാത്രം.
കോമൺവെൽത്ത് ഗെയിംസിൽ രണ്ടു തവണ തന്നെ പരാജയപ്പെടുത്തിയ കാനഡയുടെ മിഷേല ലീയെ കൊമ്പുകുത്തിച്ച് നോക്കൗട്ട് റൗണ്ടിൽ സിന്ധു നടത്തിയ കുതിപ്പ് ഫൈനലിൽ ആദ്യഗെയിം നേടുന്നതുവരെ സിന്ധു തുടർന്നു. പക്ഷെ കപ്പിനും ചുണ്ടിനുമിടയിൽ സിന്ധു സ്വർണം കൈവിട്ടു. ഈ സങ്കടം നിങ്ങളുടെ മാത്രമല്ല, ഇന്ത്യയുടെ മുഴുവനുമാണെന്ന് പറഞ്ഞപ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. ഉൽകണ്ഠ വിതച്ച മനസ്സുമായി മകളുടെ ഫൈനൽ പോരാട്ടം ടെലിവിഷനിൽ അച്ഛൻ കാണുമ്പോൾ അമ്മ പൂജാമുറിയിൽ തന്നെയായിരുന്നുവത്രേ.
തോൽവിയിലും സിന്ധു രാജ്യത്തിന്റെ അഭിമാനമായി. ഗോപിചന്ദ് അക്കാദമിയിലെ വിശാലമായ നീന്തൽക്കുളത്തിനരികെ, പ്രവാസി മലയാളികളുടെ സ്‌നേഹപ്രതീകം പോലെയുള്ള സ്വർണപ്പതക്കത്തിൽ തെരുപ്പിടിച്ച്, നിഷ്‌കളങ്കത തുടിച്ച സിന്ധു, മലയാളികളോടുള്ള തന്റെ നന്ദി അറിയിച്ചു.






