അസിഡിറ്റിയെ നേരിടാം എളുപ്പത്തില്‍

അസിഡിറ്റിയും നെഞ്ചരിച്ചിലും കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാടുപേരുണ്ട് നമുക്കിടയില്‍. വയറുവേദന, വയറുവീര്‍ക്കല്‍, എരിച്ചില്‍, എക്കിട്ടം, വായുക്ഷോഭം, പുളിച്ചു തികട്ടല്‍ തുടങ്ങിയ പ്രയാസങ്ങള്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ കുറവായിരിക്കും.
ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ അന്റാസിഡുകളെ ശരണം പ്രാപിക്കുന്നവരാണ് അധികവും. എന്നാല്‍ അന്റാസിഡുകള്‍ താല്‍ക്കാലിക ശമനം മാത്രമേ തരുന്നുള്ളു. അസിഡിറ്റി നിയന്ത്രണ വിധേയമാക്കാനും ഉദരത്തിന്റെ സ്ഥിതി വര്‍ധിപ്പിക്കുവാനുമുള്ള കുറുക്കുവഴികള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്.

വാഴപ്പഴം -  വാഴപ്പഴത്തില്‍ ഫൈബര്‍ അഥവാ നാരുകള്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അമിതമായ ആസിഡ് ഉല്‍പാദനം തടയുന്നു. ഒപ്പം ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ദിനേന ഒരോ പഴുത്ത പഴം കഴിച്ചുകൊണ്ട് കടുത്ത അസിഡിറ്റിയെ തടയാം.

തണുത്തപാല്‍ -  പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെ ദൃഡതയ്ക്കും ആരോഗ്യത്തിനും അത്യുത്തമമാണെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ നാം മരുന്നു കടകളില്‍നിന്ന് സാധാരണ വാങ്ങിക്കഴിക്കുന്ന അന്റാസിഡുകളിലെ പ്രധാനഘടകമാണ് കാത്സ്യമെന്ന് എത്രപേര്‍ക്കറിയാം? ശരീരത്തിലെ പിഎച്ച് നില ക്രമീകരിച്ചുകൊണ്ട് ദഹനപ്രക്രിയ എളുപ്പമാക്കാന്‍ കാത്സ്യം സഹായിക്കുന്നു. ഒപ്പം അമിതമായ ആസിഡ് ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു. അതുകൊണ്ടാണ് നെഞ്ചെരിച്ചിലുണ്ടാകുമ്പോള്‍ ഒരുഗ്ലാസ് തണുത്തപാല്‍ കുടിക്കുന്നതോടെ ആശ്വാസം ലഭിക്കുന്നത്. ചൂടുപാലിനേക്കാള്‍ തണുത്തപാല്‍ അതും പഞ്ചസാരയും മറ്റും ചേര്‍ക്കാതെ കുടിക്കുന്നതാണ് ഏറെ ഗുണകരം.

മോര് -  തണുത്തമോരാണ് അസിഡിറ്റിക്കുള്ള മറ്റൊരു പ്രതിവിധി. മോരിലടങ്ങിയിരിക്കുന്ന ലാക്ടിക്ക് ആസിഡ് ഉദരത്തിലെ ആസിഡുകളെ നിര്‍വീര്യമാക്കുന്നു. കൂടാതെ മോര് പ്രകൃതിദത്തമായ ഒരു പ്രൊബയോട്ടിക്ക് കൂടിയാണ്. പ്രൊബയോട്ടിക്കിലുള്ള നല്ല ബാക്ടീരിയകള്‍ വായുക്ഷോഭം, ഉദരസ്തംഭനം എന്നിവ തടയുന്നു. ആഹാരത്തിലെ പോഷകാംശങ്ങളെ ആഗിരണം ചെയ്യുന്നതിനും ദഹന പ്രക്രിയ എളുപ്പമാക്കുന്നതിനും സഹായിക്കുന്നു എന്നതു കൊണ്ടാവണം ഇന്ത്യന്‍ ഭക്ഷണരീതിയില്‍ പണ്ടുമുതലേ മോരിന് സവിശേഷ സ്ഥാനമുള്ളത്. എരിവുള്ള ആഹാരം വയറുനിറച്ചു കഴിച്ചതിനുശേഷം ഒരുഗ്ലാസ് മോരുംവെള്ളം കുടിച്ചുനോക്കൂ, അപ്പോഴറിയാം മോരിന്റെ ശക്തി. കുറച്ച് കുരുമുളക് പൊടികൂടി വിതറുകയാണെങ്കില്‍ വിശേഷമായി.

ജീരകം -  വായുക്ഷോഭം തടയാനുള്ള നല്ലൊരു മരുന്നാണ് ജീരകം. ജീരകത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ദഹനത്തിന് ഏറെ സഹായകമാണ്. അള്‍സറും മലബന്ധവും തടയാനും ഉത്തമം.

ഉദര സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിക്കുന്ന സമയമാണ് ഗര്‍ഭകാലം. പലമരുന്നുകളും ഈ സമയത്ത് കഴിക്കുന്നത് അനുയോജ്യവുമല്ല. ഗര്‍ഭിണികളെ വിഷമിപ്പിക്കുന്ന ദഹന പ്രശ്‌നങ്ങളും അസിഡിറ്റിയും നേരിടാനുള്ള എളുപ്പവഴിയാണ് ജീരകം. ഇത് വെറുതെ വായിലിട്ട് ചവച്ചരയ്ക്കുകയോ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം വെള്ളം കുടിക്കുകയും ജീരകം ചവച്ചു തിന്നുകയും ചെയ്യാം.

തുളസി ഇല -  രണ്ടോ മൂന്നോ തുളസിയുടെ ഇല ചവച്ചുതിന്നാല്‍ മതി അസിഡിറ്റി കുറയും. ആയുര്‍വേദ മരുന്നുകളിലെ മുഖ്യചേരുവയായ തുളസി ഇലക്ക് അള്‍സറിനെ പ്രതിരോധിക്കാനും ഉദരത്തിലെ ആസിഡിന്റെ ഉല്‍പാദനം നിയന്ത്രിക്കാനുമുള്ള ശക്തിയുണ്ട്.
പൈനാപ്പിള്‍ ജ്യൂസ്, ഇഞ്ചി, വെളുത്തുള്ളി, പൊതീന ഇല, ഗ്രാമ്പു, നെല്ലിക്ക മുതലായവയും വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന പ്രതിവിധികളാണ്.

ഇതോടൊപ്പം ജീവിത ശൈലിയിലെ ചെറിയ ചില മാറ്റങ്ങളിലൂടെയും അസിഡിറ്റി നിയന്ത്രണ വിധേയമാക്കാം. ഇടതുവശം ചെരിഞ്ഞു കിടക്കുക, ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു കഴിക്കുക, ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക, ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തിന്റെ അളവ് കുറച്ച് കൃത്യമായ ചെറിയ ഇടവേളകളില്‍ കഴിക്കുക, കുറച്ചു സമയമെങ്കിലും സൂര്യപ്രകാശമേല്‍ക്കുക, പുകവലി, ഇറുകിയ ജീന്‍സ് ഇവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അസിഡിറ്റിയുടെ ഉപദ്രവമില്ലാതെ ജീവിക്കാം.

 

 

 

 

Latest News