കാസർകോട്- കൊലക്കേസ് പ്രതി കർണാടകയിൽ കേരള പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) സ്വർണത്തിനും പണത്തിനും വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) ആണ് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 മണിയോടെ കർണാടക സുള്ള്യയിലാണ് സംഭവം. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഇയാളെ കർണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയതായിരുന്നു. അവിടെ വെച്ച് മൂത്രമൊഴിക്കണമെന്ന് പ്രതി പോലീസിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു മതിലിനോട് ചേർന്ന് സൗകര്യം ചെയ്തുകൊടുത്തു. ഇതിനിടയിൽ പോലീസിനെ തന്ത്രപൂർവം കബളിപ്പിച്ച് പെട്ടെന്ന് മതിൽ ചാടിരക്ഷപ്പെടുകയായിരുന്നു. കാസർകോട് എ.ആർ. ക്യാമ്പിലെ പോലീസുകാരായ മഹേഷ്, ശരത് എന്നിവരാണ് പ്രതിയെ കർണാടകയിലേക്ക് കൊണ്ടുപോയത്. ഇവർ സുള്ള്യ പോലീസിൽ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. മൂന്ന് കൊലക്കേസുകളിൽ പ്രതിയാണ് രക്ഷപ്പെട്ട അസീസെന്ന് പോലീസ് പറഞ്ഞു.






