ഇന്‍ഡോര്‍- വ്യാപാരത്തില്‍ ദാവൂദി ബോറ സമുദായം പുലര്‍ത്തുന്ന സത്യസന്ധതയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്‍ഡോറിലെ സൈഫീ മസ്ജിദില്‍ ബോറ സമുദായം സംഘടിപ്പിച്ച ആശൂറാ ചടങ്ങിനെത്തിയ പ്രധാനമന്ത്രി മോഡിയെ ബോറ നേതാവ് മുഫദ്ദല്‍ സെഫുദ്ദീന്‍ സ്വീകരിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചടങ്ങില്‍ സംബന്ധിച്ചു.
ബോറ സമൂഹവുമായുള്ള തന്റെ ബന്ധത്തിന് ഏറെ പഴക്കുമുണ്ടെന്നും തന്നോട് സമുദായം കാണിക്കുന്ന അടുപ്പത്തിനു നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബോറ വ്യാപാരിയില്ലാത്ത ഒറ്റ ഗ്രാമവും ഗുജറാത്തില്‍ കണ്ടെത്താന്‍ കഴിയില്ല. വ്യാപാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതയാണ് ബോറ സമുദായത്തെ ശ്രദ്ധേയമാക്കന്നത്. ഇതു മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ലോകം ഒറ്റ കുടുംബം അഥവാ വസുധൈവ കുടുംബകമെന്ന സങ്കല്പമാണ് ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്നതെന്നും ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബോറ സമുദായമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ 50 കോടിയോളംവരുന്ന പാവങ്ങള്‍ക്ക് സഹായകമാകുന്ന ചികിത്സാ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് സ്കീമെന്ന് മോഡി പറഞ്ഞു. വര്‍ഷം അഞ്ച് ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി ഇപ്പോള്‍ പരീക്ഷണാര്‍ഥം നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.






