വനിതാ സഹപൈലറ്റ്: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍

റിയാദ്- വനിതാ സഹ പൈലറ്റുമാരെ തേടി പരസ്യം നല്‍കിയതിനു തൊട്ടുപിന്നാലെ ഫ്ളൈനാസില്‍ അപേക്ഷയുമായി എത്തിയത് ആയിരത്തിലേറെ വനിതകള്‍. 24 മണിക്കൂറിനിടെയാണ് ഇത്രയും വനിതകള്‍ പൈലറ്റാകാന്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് ഫ്ളൈനാസ് വക്താവ് അറിയിച്ചു. രാജ്യത്തിന്റെ പരിഷ്‌ക്കരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിന് സൗദി വനിതകളെ ശാക്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കിയ ഈ ബജറ്റ് വിമാന കമ്പനി ബുധനാഴ്ചയാണ് വനിതാ കോ-പൈലറ്റുമാരാകാന്‍ അപേക്ഷ ക്ഷണിച്ചത്.

സൗദിയയും സ്വദേശി യുവതികളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുന്നു


മറ്റു വിമാനക്കമ്പനികളെ പോലെ ഫ്ളൈനാസും ആദ്യമായാണ് കോ-പൈലറ്റായും എയര്‍ ഹോസ്റ്റസായും സൗദി വനിതകളെ ജോലിക്കെടുക്കുന്നതായി പ്രഖ്യാപിച്ചത്. സൗദിയില്‍ വ്യോമയാന മേഖലയില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് നിയപരമായ വിലക്കുകളൊന്നുമില്ല. എന്നാല്‍ സൗദിയിലെ വിമാനക്കമ്പനികളിലെ എയര്‍ ഹോസ്റ്റസ് ജോലികളില്‍ വിദേശ വനിതകളാണ് കാര്യമായി നിയമിക്കപ്പെടുന്നത്.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടാകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്‌ളൈനാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷകള്‍ തെളിയിക്കുന്നത്. സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ് ആരംഭിച്ചത്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് റിയാദ് ആസ്ഥാനമായുള്ള ഫ്‌ളൈനാസ് വാക്താവ് പറഞ്ഞു.

Latest News