ചെന്നൈ- തമിഴ്‌നാട്ടില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ച ഡി.എം.കെ ജില്ലാ നേതാവിനെ പാര്‍ട്ടി സസ്്‌പെന്റ് ചെയ്തു. മുന്‍ പേരംബാലൂര്‍ ജില്ലാ ഭാരവാഹി എസ്.സെല്‍വകുമാറിനെയാണ് ഡി.എം.കെ ജനറല്‍ സെക്രട്ടറി കെ.അന്‍പഴഗന്‍ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ മേയിലാണ് സെല്‍വകുമാര്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ കയ്യേറ്റം ചെയ്തത്. ഇതിന്റെ സി.സി.ടി.വി ദൃശ്യം വാട്‌സാപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ബ്യൂട്ടി പാര്‍ലറില്‍ ബില്ലിംഗ് കൗണ്ടറിനു സമീപം സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീയെ തൊട്ടുടത്ത നിമിഷം സെല്‍വകുമാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ സമീപം ഇത് കണ്ടു നില്‍പുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ സ്ത്രീയെ കഴുത്തിനു പിടിച്ച് നിലത്തിട്ട ശേഷം ക്രൂരമായി ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.
പേരംബാലൂര്‍ ഓള്‍ഡ് ബസ്്‌സ്റ്റാന്റില മയൂരി ബ്യൂട്ടി പാര്‍ലറില്‍ കഴിഞ്ഞ മേയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ടൗണില്‍ ഫര്‍ണിച്ചര്‍ കട നടത്തുന്ന സെല്‍വകുമാറുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ സത്യക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ സെല്‍വകുമാര്‍ സത്യയുമായുണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മാസങ്ങള്‍ക്കു ശേഷമാണ് സത്യ ഇതു സംബന്ധിച്ച പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത സെല്‍വകുമാറിനെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിസിടിവി ദൃശ്യം പുറത്തു വിട്ടതിന്റെ ഉദ്ദേശ്യം മനസ്സിലായിട്ടില്ലെന്നും സത്യയെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. അണ്ണമംഗലത്ത് താമസിക്കുന്ന സെല്‍വകുമാര്‍ ഡി.എം.കെ കൗണ്‍സിലറായിരുന്നു.