ഹറം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാല്‍പതാണ്ട്; ഭീകരതയെ സൗദി നേരിട്ടത് ഇങ്ങനെ

സൗദി അറേബ്യ നേരിട്ട ആദ്യ ഭീകരാക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ഓര്‍മകള്‍ നാലു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ലോക മുസ്ലിംകളുടെ ഏറ്റവും പവിത്രമായ ഭൂമിയില്‍ പരിശുദ്ധ കഅബ നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലത്ത് മക്കയിലെ ഹറം പള്ളിയില്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹര്‍റം ഒന്നിനു (1979, നവംബര്‍ 20) നടന്ന ആ ഭീകരാക്രമണത്തിലൂടെയാണ് സൗദി ആദ്യമായി ഭീകരവാദവുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയത്. വെടിയുതിര്‍ത്തും രക്തം ചിന്തിയും ആ ഭീകരസംഘം ര്ണ്ടാഴ്ചയോളം ഹറം പിടിച്ചടക്കി. ഒടുവില്‍ സൗദി സൈന്യം ഇവരെ തുരത്തുകയും ഭീകരരെ കയ്യോടെ പിടികൂടുകയും ചെയ്തപ്പോഴേക്കും നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 

ഇസ്ലാമിക് കലണ്ടറിലെ ആദ്യമാസമായ മുഹര്‍റം ഒന്നിനു പ്രഭാതത്തിലായിരുന്നു ഹറമില്‍ വെടിയൊച്ച കേട്ടത്. നൂറുകണക്കിന് വിശ്വാസികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുകയും കഅബയെ ചുറ്റുകയും ചെയ്തു കൊണ്ടിരിക്കെ പുലര്‍ച്ചെ 5.25 ഓടെയാണ് പൊടുന്നനെ ഹറമിന്റെ വിവിധ മുക്കുമൂലകളില്‍ നിന്ന് വെടിയൊച്ചകള്‍ ഉയര്‍ന്നത്. ഇതോടെ സമാധാനന്തരീക്ഷം മാത്രം തളംകെട്ടിനില്‍ക്കുന്ന പുണ്യഭൂമി കൊലയാളികളുടെ വിഹാര കേന്ദ്രമായി. സാധാരണക്കാരും നിരപരാധികളും രക്ഷാപ്രവര്‍ത്തകരും അവരുടെ വെടിയുണ്ടകള്‍ക്കിരയായി.

ഈ ഭീകരാക്രമണത്തെ സൗദി അറേബ്യ നേരിട്ട രീതിയെ ലോകം തന്നെ പ്രശംസിച്ചിട്ടുണ്ട്. ഭീകരരെ തുരത്താന്‍ ഉടന്‍ തിരിച്ചു വെടിവയ്ക്കുക അല്ലെങ്കില്‍ അയുധം താഴെവച്ച് കീഴടങ്ങാന്‍ മുന്നറിയിപ്പ് നല്‍കുക എന്നീ രണ്ടു മാര്‍ഗങ്ങളാണ് സൗദി അധികാരികള്‍ക്കു മുമ്പിലുണ്ടായിരുന്നത്. പുണ്യസ്ഥലത്തിന്റെ പവിത്രതയും ഇവിടെ രക്തം ചിന്തരുതെന്ന ഇസ്ലാമിക അധ്യാപനങ്ങളും കണക്കിലെടുത്ത് ഹറമിനുള്ളില്‍ താവളമടിച്ച ഭീകരര്‍ക്ക് സൗദി ഭരണകൂടം മെഗാഫോണിലൂടെ മുന്നറിയിപ്പു നല്‍കുകയാണ് ചെയ്തത്. ഖാലിദ് രാജാവിന്റെ നേതൃത്വത്തിലുള്ള സൗദി ഭരണകൂടം, വിശുദ്ധ ഗേഹത്തില്‍ അതിക്രമം കാട്ടുന്നവര്‍ക്ക് ഖുര്‍ആനിലൂടെ അല്ലാഹു നല്‍കുന്ന മുന്നറിയിപ്പ് വചനം ഉദ്ധരിച്ചാണ്  കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. മതവിശ്വാസത്തിനെതിരായ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കീഴടങ്ങണമെന്നുമുള്ള എല്ലാ മുന്നറിയിപ്പുകളും വെറുതെയായി. ഹറമിന്റെ മിനാരങ്ങളില്‍ ഒളിഞ്ഞിരുന്ന ഭീകരര്‍ പുറത്തുള്ള നിരപരാധികളെ നിഷ്‌ക്കരുണം വെടിവച്ചു കൊല്ലുന്നത് തുടര്‍ന്നു.

ഇതോടെ ഖാലിദ് രാജാവ് രാജ്യത്തെ മതപണ്ഡിതരെ എല്ലാവരേയും വിളിച്ചു വരുത്തി പരിഹാരം കണ്ടെത്താന്‍ ചര്‍ച്ച ചെയ്തു. ഒരു മുസ്ലിം ഒരിക്കലും നിരപരാധികളെ കൊലപ്പെടുത്തരുതെന്നാണ് മതവിധി എന്നിരിക്കെ നിരവധി പേരെ കൊന്നൊടുക്കിയ ഹറം പള്ളി പിടിച്ചടക്കിയ ഭീകരര്‍ മതനിഷേധികളാണെന്നും അവരെ ഇസ്ലാമിക ശരീഅ പ്രകാരം വധിക്കണമെന്നും പണ്ഡിതന്മാര്‍ ഫത്‌വ നല്‍കി. ഇതനുസരിച്ച് രാജാവ് മറുപടിയാക്രമണത്തിന് ഉത്തരവിട്ടു. നിരപരാധികള്‍ ഒരിക്കലും കൊല്ലപ്പെടരുതെന്നും ഭീകര്‍ പിടികൂടിയ നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കണമെന്നും രാജാവിന്റെ ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു. പരിശുദ്ധ കഅബയ്ക്കും സൈനികര്‍ക്കും പരിക്കേല്‍ക്കരുതെന്നും കഴിവതും ഭീകരരെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഇതോടെ സൗദി സൈന്യം ഹറമില്‍ പ്രവേശിച്ച് പ്രത്യേക ഓപറേഷനിലൂടെ ഭീകരരെ കീഴ്‌പ്പെടുത്തി പള്ളിയുടെ നിയന്ത്രണം തിരിച്ചു പിടിക്കുകയായിരുന്നു.

പിടികൂടിയ ഭീകരരെ മാന്യമായാണ് സൗദി ഭരണകൂടം കൈകാര്യം ചെയ്തത്. സൗദിയുടെ പ്രത്യേക സുരക്ഷാ സേനയുടെ മുന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ നുഐഫി ഇത് ഓര്‍ത്തെടുക്കുന്നു. ഹറം പിടിച്ചടക്കിയ ഭീകര സംഘത്തിന്റെ തലവനായിരുന്നു ജുഹൈമന്‍ അല്‍ ഉതൈബിയെ ജീവനോടെ പിടികൂടിയ സൈനികന്‍ അയാളെ താടിയിലാണ് പിടിച്ചിരുന്നത്. ഒരു രാജകുടുംബാംഗം ഇതു കണ്ടപ്പോള്‍ അയാളുടെ താടിയില്‍ നിന്ന് പിടുത്തം വിടാനാണ് സൈനികനോട് ആവശ്യപ്പെട്ടതെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നുഐഫി ഓര്‍ത്തെടുക്കുന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഉതൈബിയോട് പ്രിന്‍സ് സൗദ് അല്‍ ഫൈസല്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് പൈശാചികമായിരുന്നെന്നാണ് അയാള്‍ മറുപറഞ്ഞതെന്നും നുഐഫി പറയുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടോ ആവശ്യമുണ്ടോ എന്നു പ്രിന്‍സ് മാനുഷിക പരിഗണനയോടെ അന്വേഷിച്ചപ്പോള്‍ ഉതൈബി കാലിലെ മുറിവ് ചൂണ്ടിക്കാട്ടുകയും വെള്ളം ചോദിക്കുകയും ചെയ്തതായും ഇതിനു ദൃക്‌സാക്ഷിയായ മേജര്‍ ജനറല്‍ നുഐഫി പറയുന്നു. പോരാട്ടത്തിനൊടുവില്‍ ഹറമിനെ മോചിപ്പിക്കാനായതും പുണ്യഭൂമിയെ വേഗത്തില്‍ സമാധാനത്തിലേക്കും ശാന്തതയിലേക്കും തിരിച്ചെത്തിക്കാനായതും ശരിക്കും സന്തോഷിപ്പിച്ച നിമിഷങ്ങളായിരുന്നുവെന്നും നുഐഫി ഓര്‍ത്തെടുക്കുന്നു. 

അന്ന് ഭീകരരെ തുരത്തിയ സൗദി സൈനികരില്‍ ഒരാളായ 75കാരന്‍ ഹിസാം അല്‍ മസ്തൂറിയും ആ ദിവസങ്ങള്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. 'മര്‍വയ്ക്കു സമീപത്തുകൂടിയാണ് ഞങ്ങള്‍ സൈനിക വാഹനത്തില്‍ ഹറമിനകത്തേക്ക് പ്രവേശിച്ചത്. വെടിവയ്പ്പ് രൂക്ഷമായിരുന്നു. നാലു ഭാഗത്തു നിന്നും ഞങ്ങള്‍ക്കു നേരെ വെടികള്‍ തുരുതുരാ വന്നുകൊണ്ടിരുന്നു. മസ്അയുടെ വിവിധ മൂലകളിലായിരുന്നു ജുഹൈമന്റെ നേതൃത്വത്തിലുള്ള ഭീകരര്‍ ഒളിച്ചിരുന്നത്. അവര്‍ക്ക് ഞങ്ങളെ കാണാം. ഞങ്ങള്‍ അവരെ കാണ്ടില്ല. ഇതോടെ സൈന്യം തന്ത്രം മാറ്റുകയും സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു,' അല്‍ മസ്തൂറി പറഞ്ഞു.

അന്ന് വാര്‍ത്ത റിപോര്‍ട്ട് ചെയ്ത അറബ് ന്യൂസ് മുന്‍ ചീഫ് എഡിറ്റര്‍ ഖാലിദ് അല്‍മഈനയുടെ ഓര്‍മകളിലും ഒളിമങ്ങാതെ ആ ഭീകര ദിനങ്ങളുണ്ട്. മക്കയിലെ ഒരു ബന്ധുവിനെ കാണാന്‍ എത്തിയപ്പോഴാണ് ഹറമില്‍ പ്രശ്‌നങ്ങളുള്ളത് മഈന അറിയുന്നത്. ആദ്യം അറിഞ്ഞ കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും പറ്റാത്തതായിരുന്നത് കൊണ്ട് ഈ സംഭവം അത്രകാര്യത്തിലെടുത്തില്ലെന്ന് അദ്ദേഹം പറയുന്നു. എങ്ങും അഭ്യൂഹങ്ങളായിരുന്നു. ആളുകള്‍ കൂടിയ ഇടങ്ങളിലെല്ലാം വിദേശികള്‍ ഹറം പിടിച്ചടക്കിയെന്നും മറ്റും പല കഥകളാണ് പറഞ്ഞിരുന്നത്. ഞാന്‍ ഉടന്‍ ജിദ്ദയില്‍ തിരിച്ചെത്തി സൗദി ടിവി ചാനല്‍ കണ്ടാണ് വാര്‍ത്ത അറിഞ്ഞത്. അന്ന് സൗദിയയിലാണ് ജോലി ചെയ്തിരുന്നത്. വൈകുന്നേരങ്ങളില്‍ റേഡിയോ ജിദ്ദ ഇംഗ്ലീഷ് സ്റ്റേഷനിലും പാര്‍ട് ടൈം ജോലി ചെയ്തിരുന്നു. ഈ റേഡിയോയിലും പുര്‍ണ വാര്‍ത്തകള്‍ ലഭ്യമല്ലായിരുന്നു. ട്രാന്‍സിറ്റര്‍ റോഡിയോ ഉപയോഗിച്ച് ബി.ബി.സി, വോയ്‌സ് ഓഫ് അമേരിക്ക, മോന്‍ടി കാര്‍ലോ സ്റ്റേഷനുകളില്‍ നിന്നാണ് വാര്‍ത്തകള്‍ ശേഖരിച്ചതെന്നും അ്‌ദ്ദേഹം പറഞ്ഞു. 

 

സംഭവം നേരിട്ടറിയാനായി പിന്നീട് നാലാം ദിവസവും അഞ്ചാം ദിവസവും ആറാം ദിവസവും സ്വന്തം കാറെടുത്ത് മക്കയിലേക്ക് പോയി. ദൂരെ കാര്‍ നിര്‍ത്തിയ ശേഷം ഹറമിനെ നിരീക്ഷിച്ചു. ഇസ്ലാമിലെ ഏറ്റവും പവിത്രമായ ആ ഭൂമി വിജനമായിക്കിടക്കുന്ന ആ കാഴ്ച ഏറെ വേദനിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഹറമിന്റെ കവാടത്തിലേക്ക് ഇരച്ചെത്തുന്ന സന്ദര്‍ശകര്‍ ആരുമുണ്ടായിരുന്നില്ല. മിനാരങ്ങളില്‍ നിന്ന് വെടിയും പുകയും മാത്രം കാണാനായി. എന്താണ് സംഭവിച്ചതെന്നറിയാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്കും ഞങ്ങള്‍ക്കുമെല്ലാം കൂടുതല്‍ സമയം വേണ്ടി വന്നു- അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ കടന്നു പോയി. ഹറമില്‍ നിന്ന് ബാങ്കൊലികള്‍ പോലും കേള്‍ക്കാതായി. എങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്ളി പിടിച്ചടക്കിയ ഭീകരരേയും അവരുടെ നേതാവ് ജുഹൈമന്‍ അല്‍ ഉതൈബിയേയും ശക്തിപ്രയോഗത്തിലൂടെ പിടികൂടി. ലോകമൊട്ടാകെ, പ്രത്യേകിച്ച മുസ്ലിം ലോകത്ത് ഏറെ സന്തോഷം പടര്‍ത്തിയ വാര്‍ത്തയായിരുന്നു ഇത്- അല്‍ മഈന പറയുന്നു. 

രാജ്യത്തു നടന്ന ആദ്യ ഭീകരാക്രണമായാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 1979-നു ശേഷമാണ് സൗദിയില്‍ ഭീകരവാദത്തിന്റെ തുടക്കമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സൗദി അതിന്റെ മിതവാദ ഭൂതകാലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്. 'നാം മുമ്പ് എന്തായിരുന്നോ അവിടേക്കാണ് തിരിച്ചു പോകുന്നത്. എല്ലാ മതങ്ങള്‍ക്കു വാതില്‍ തുറന്നു കൊടുക്കുന്ന മിതവാദ ഇസ്ലാമിന്റെ നാടാണിത്. സംഹാരാത്മകമായ ആശയങ്ങളുമായി ഇടപെടാന്‍ നമ്മുടെ അടുത്ത 30 വര്‍ഷത്തെ ജീവിതം മാറ്റിവയ്ക്കാനാവില്ല. നാം ഇന്ന് അവയെ തകര്‍ക്കും,' കഴിഞ്ഞ വര്‍ഷം നടന്ന ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തില്‍ കിരീടാവകാശി പ്രഖ്യാപിച്ചതാണിത്.

1979ല്‍ ലോക മുസ്ലിംകളെ ഞെട്ടിപ്പിച്ച ഹറം ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരനേതാവ് ജുഹൈമന്‍ അല്‍ ഉതൈബിയുടെ മകന്‍ ഹത്തല്‍ ജുഹൈമന്‍ അല്‍ ഉതൈബി ഇന്ന് തന്റെ പിതാവിന്റെ ഭീകരതയുടെ പാരമ്പര്യത്തെ പൂര്‍ണമായും തള്ളി സൗദി അറേബ്യയുടെ നാഷണല്‍ ഗാര്‍ഡില്‍ ഉന്നത ഉദ്യോഗസ്ഥനാണ്. ഈയിടെയാണ് ഹത്തലിന് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത്. പിതാവ് ജുഹൈമന്‍ ഹറമില്‍ ഭീകരാക്രമണം നടത്തുമ്പോള്‍ ഹത്തലിന് പ്രായം ഒരു വയസ്സായിരുന്നു. സൗദി അറേബ്യയുടെ നീതിബോധത്തിന്റെ പ്രതിഫലനമായാണ് ഹത്തലിന്റെ സ്ഥാനക്കയറ്റത്തെ സോഷ്യല്‍ മീഡിയയില്‍ സൗദിയിലെ ജനങ്ങള്‍ പ്രകീര്‍ത്തിച്ചത്. രാജ്യത്ത് ഭീകരതയ്ക്ക് തുടക്കിമട്ടയാളുടെ മകനെ തന്നെ രാജ്യത്തിന്റെ സുരക്ഷാ സേനയുടെ അവിഭാജ്യ ഘടകമാക്കി മാറ്റിയത് വലിയ കയ്യടി നേടിയിരുന്നു. 

Latest News