കാറിൽ സഞ്ചരിച്ച കുടുംബത്തെ തടഞ്ഞുനിർത്തി തീക്കൊളുത്തി കൊല്ലാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

നീലേശ്വരം- കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയും മകളെയും തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൈക്കടപ്പുറത്തെ എൻ.പി സാബിറിനെയാണ് നീലേശ്വരം എസ്.ഐ ശ്രീദാസൻ അറസ്റ്റ് ചെയ്തത്. ഉദുമ കാപ്പിൽ സ്വദേശി മുഹമ്മദ് കുഞ്ഞി, ഭാര്യ തൈക്കടപ്പുറത്തെ സീനത്ത്, പതിനേഴുകാരിയായ മകൾ എന്നിവരെ മുഹമ്മദിന്റെ സഹോദരൻ സാബിറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വധിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മുഹമ്മദും ഭാര്യയും മകളും തൈക്കടപ്പുറത്തെ സഹോദരിയുടെ വീട്ടിലേക്ക് കാറിൽ പോകുമ്പോൾ കെ.എൽ 60 എം 2114 സ്വിഫ്റ്റ് കാറിൽ വന്ന സാബിറും മറ്റു മൂന്നു പേരും ഇവരുടെ കാറിന്റെ പിറകിൽ ഇടിച്ച് നിർത്തുകയും മൂവരെയും കാറിൽ നിന്നും വലിച്ചിറക്കി പെട്രോൾ ഒഴിച്ച് തീക്കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ ഒരാളെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. അക്രമത്തിന് പിന്നിൽ സ്വത്ത് സംബന്ധിച്ച കടുംബക്കാർ തമ്മിലുള്ള പ്രശ്‌നമാണെന്നും പോലീസ് പറഞ്ഞു.
 

Latest News