ആഫ്രിക്കൻ ഇടയനോടൊപ്പം
മരുഭൂമിയിലെ ചുവന്ന മണൽകുന്ന് കയറിയിറങ്ങി, നിരപ്പാർന്ന മണലിലൂടെ കുറേനേരം വണ്ടിയോടിച്ചപ്പോൾ ഒരു മൊട്ടക്കുന്ന് കാണാനായി. അതിനു ചുറ്റും ചതുപ്പാർന്ന സമതലം. ദിവസങ്ങൾക്കു മുമ്പു പെയ്‌തൊഴിഞ്ഞ മഴയിൽ വീണ്ടും തലനീട്ടിയ കുറ്റിച്ചെടികൾ പ്രദേശത്തെ പച്ചയണിയിച്ചിരിക്കുന്നു. അതീവഹൃദ്യമായ ആ കാഴ്ച ഞാനും സുബൈറും കുറേനേരം കണ്ടുനിന്നു. പിന്നെ, മുന്നിൽ കണ്ട വഴിയടയാളത്തിലൂടെ കുറച്ചുദൂരം ചെന്നപ്പോൾ അകലെയകലെ ടെന്റുപോലൊരു രൂപം കണ്ടു. ഞങ്ങളാ തമ്പ് ലക്ഷ്യമാക്കി ചെന്നു. അടുത്തേക്കു ചെല്ലുംതോറും അത് അകന്നകന്ന് പോകുംപോലെ തോന്നിച്ചു. പിറകോട്ടു നോക്കിയപ്പോൾ നേരത്തെ കണ്ട കുന്ന് ഏറെ ദൂരത്തായ പോലെ. മരുഭൂയാത്രകളിലെ രസകരമായൊരു തോന്നലാണിത്. അടുത്തെന്നു തോന്നിപ്പിക്കവേ അകലേക്കു പോകുന്ന മരീചികക്കളി...
പരന്നുകിടക്കുന്ന ഉറച്ച മണലിൽ നിന്നും അല്പം ഉയർന്നുനിൽക്കുന്നിടത്ത്, പേരിനു മാത്രമായി കെട്ടിയുണ്ടാക്കിയതെന്നു തോന്നിക്കുന്നൊരു തമ്പ്. വണ്ടിയിൽ നിന്നിറങ്ങി ഒറ്റക്കമ്പികൊണ്ടു കെട്ടിയ വേലിക്കു സമീപം നിന്നപ്പോൾ, അകത്ത്, മേൽപ്പുരയില്ലാത്ത 'കൂടുകളി'ൽ നിന്നും ആടുകളും ഒട്ടകങ്ങളും അപരിചിതഭാവത്തോടെ തലയുയർത്തുന്നു. ആടുകളെ ഒന്നുകൂടെ ശ്രദ്ധിച്ചുനോക്കി. അവക്ക് മനുഷ്യ മുഖത്തോട് അസാമാന്യമായ സാദൃശ്യമുള്ളതായി തോന്നി. ആടുകൾക്കിടയിൽനിന്നും ഒരാൾ ശങ്കയുടെയും ആശങ്കയുടെയും മിശ്രിതഭാവത്തിൽ എഴുന്നേറ്റുനിന്നു. ഞങ്ങൾ സലാം പറഞ്ഞു. അയാൾ സലാം മടക്കി. ഒറ്റനോട്ടത്തിൽ അയാളൊരു ആഫ്രിക്കൻ വംശജനാണെന്നു മനസ്സിലായി. മുഷിഞ്ഞ വസ്ത്രത്തിൽ പറ്റിപ്പിടിച്ചുനിൽക്കുന്ന പുല്ലുകൾ തട്ടിശരിയാക്കി, വെളുക്കെ പല്ലുകൾ കാട്ടിച്ചിരിച്ച്, എന്നാൽ, ഉത്ക്കണ്ഠ മറച്ചുവയ്ക്കുന്നതിൽ താൻ തികഞ്ഞ പരാജയമാണെന്ന് തെളിയിച്ചുകൊണ്ട് അയാൾ ഞങ്ങളുടെ അടുത്തേക്കുവന്നു. വെറുതേ മരുഭൂയാത്രയ്ക്കു വന്നതാണെന്നും ടെന്റും ആടുകളും ഒട്ടകങ്ങളുമൊക്കെ കണ്ടപ്പോൾ ഇവിടെ ഇറങ്ങിയതാണെന്നും പറഞ്ഞു. അയാൾ ഞങ്ങളെ പൊളിഞ്ഞുവീഴാറായ ആ 'വീട്ടിലേക്ക് ക്ഷണിച്ചു.

അദ്ദേഹത്തിന്റെ അമ്പരപ്പും ആശങ്കകളും വളരെ പെട്ടെന്ന് വഴിമാറിപ്പോയി. അയാൾ നന്നായി സംസാരിച്ചു. ഞങ്ങൾ കേട്ടുനിന്നു. പേര് അലി. എത്യോപ്യക്കാരൻ. വയസ്സെത്രയായെന്ന് അലിക്ക് തിട്ടമില്ല. മൂന്നുവർഷമായി ഈ മരുഭൂമിയിൽ ആടുകളോടൊപ്പം കഴിയുന്നു. എത്യോപ്യയിലെ ആദിവാസി ഗോത്രത്തിൽ പിറന്ന അലിക്ക് പാസ്‌പോർട്ടില്ല. അതുകൊണ്ടുതന്നെ വിസ ലഭിക്കില്ല. മത്സ്യബന്ധനബോട്ടിൻെറ രഹസ്യ അറയിൽ ഒളിച്ചിരുന്ന് കടലിലൂടെ സഞ്ചരിച്ച് യെമൻ തീരത്തെത്തിയ കഥ അലി പറയാൻ തുടങ്ങി:
ചെങ്കടൽ പരപ്പിലൂടെ നാലുദിവസം
അലിയെക്കൂടാതെ എത്യോപ്യക്കാരും എരിത്രിയക്കാരുമായ, രേഖകളൊന്നുമില്ലാത്ത ഇരുപത്തിയഞ്ചോളം പേർ ജിബൂട്ടി തീരത്തുനിന്നുമാണ് മീൻപിടുത്ത ബോട്ടിൽ കയറിയത്. ബോട്ടിൻെറ അടിത്തട്ടിൽ മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന രഹസ്യ അറയിലായിരുന്നു അവരെ ഒളിപ്പിച്ചത്. തിങ്ങിഞെരുങ്ങി മൂന്നുദിവസമെങ്കിലും വെളിച്ചം കാണാതെ അവരവിടെ ജീവിച്ചു. കൈയിലുളള കാനുകളിൽ മൂത്രമൊഴിച്ചു സൂക്ഷിച്ചു. പിന്നീട് യെമൻ തീരത്തോട് ചേർന്ന് അവരെ ഇറക്കിവിട്ടു. എങ്ങോട്ടെന്നില്ലാതെ നടന്നും കിട്ടിയ വണ്ടികളിൽ കയറിയും മലമടക്കുകൾ കയറിയിറങ്ങിയും അലി യെമൻ അതിർത്തി കടന്ന് ദക്ഷിണ സൗദിയിലെ നജ്‌റാനിൽ എത്തി. അവിടെനിന്നും ഒരു ട്രെയിലറിൽ കയറി റിയാദിലെത്തിച്ചേർന്നു. എന്തെങ്കിലും ജോലിക്കായി ആരെങ്കിലും തന്നെ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ അലി കാത്തിരുന്നു. പക്ഷെ, ഒരു പൊലീസ് വാഹനമാണ് വന്നത്. രേഖകളൊന്നുമില്ലാത്ത അലി തൻെറ കഥകളൊക്കെയും പോലീസുകാരോട് പറഞ്ഞു. മനസ്സലിഞ്ഞ അവർ അയാളെ ഇറക്കിവിട്ടു. പിന്നീട് അതിലെവന്ന സൗദി പൗരൻ അലിയെ കൂട്ടിക്കൊണ്ടുപോയി തൻെറ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിക്കുവാനായി ഇങ്ങോട്ടു കൊണ്ടുവന്നു.

മാസത്തിൽ രണ്ടുതവണ ഉടമസ്ഥൻ ഇവിടെ വരും. ഖുബൂസും പഞ്ചസാരയും ചായപ്പൊടിയും കൊണ്ടുവരും. കുടിക്കുവാനുള്ള വെള്ളം തീർന്നാൽ ആടുകൾക്കു നൽകുന്ന വെള്ളം കുടിക്കുമെന്ന് അലി പറഞ്ഞു. അയാളുടെ കൈയിൽ ഉണങ്ങിയ മുറിപ്പാടുകൾ ഉണ്ട്. ചോദിച്ചപ്പോൾ, വേദനയുള്ളതിനാൽ ചെറിയ മരക്കമ്പുകൾ കത്തിച്ച് വേദനയുള്ള ഭാഗത്ത് പൊള്ളിച്ച് വേദനയ്ക്ക് ശമനം വരുത്തിയതിനാലാണത്രെ മുറിവുകൾ വന്നത്! തൻെറ നാട്ടിലെ പ്രാകൃത ചികിത്സ! ഇഖാമയോ മറ്റൊരു രേഖയോ ഇല്ലാത്തതിനാൽ ആശുപത്രിയിൽ ചെല്ലാൻ കഴിയാത്ത നിസ്സഹായാവസ്ഥ ഒരു നിശ്വാസത്തോടെ അലി പങ്കുെവച്ചു. എങ്കിലും, അയാളുടെ കണ്ണുകളിൽ നിശ്ചയദാർഢ്യത്തിൻെറ തിളക്കം ഞങ്ങൾ കണ്ടു. ഖുബൂസും ചായയും മാത്രം ഭക്ഷിച്ച്, വിജനമായ മരുഭൂമിയിൽ ജീവിക്കുന്ന ഒരു ആടുജീവിതം നേരിൽ കണ്ടതിന്റെ വേദന മുഴുവൻ ഞങ്ങളിലുണ്ടായിരുന്നു. അലി പക്ഷെ, ഇടയ്ക്കിടയ്ക്ക് ചിരിച്ചുകൊണ്ടു സംസാരിച്ചു. ഇന്ത്യക്കാരനായൊരു ആട്ടിടയൻ കുറച്ചപ്പുറത്തെ ടെന്റിൽ കഴിയുന്നുണ്ടെന്നും ഇനി വരുമ്പോൾ കാണാമെന്നും അലി പറഞ്ഞു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന വെള്ളത്തിൻെറ കുറച്ചുബോട്ടിലുകളും ബിസ്‌കറ്റുകളും ഈത്തപ്പഴവും അലിക്കുനൽകി. അലിയെ കേട്ടിരിക്കാൻ ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഞങ്ങൾക്ക് പോവേണ്ടതുണ്ടായിരുന്നു. വീണ്ടും കാണാൻ ഞങ്ങൾവരുമെന്ന് അയാൾക്ക് ഉറപ്പുനൽകി വിട പറഞ്ഞു.
തിരിച്ചുപോരുമ്പോൾ ഞങ്ങളുടെ ചിന്തയും സംസാരവും അലിയും അലിയുടെ ജീവിതവുമായിരുന്നു. റൊട്ടി മാത്രം കഴിച്ച്, കിട്ടുന്ന വെള്ളം കുടിച്ച്, അരിയാഹാരമില്ലാതെ അയാൾ കഴിയുന്ന കാര്യം വേദനിപ്പിച്ചു. അലിക്ക് ഭക്ഷ്യപദാർത്ഥങ്ങൾ നൽകുക മാത്രമല്ല അയാളോടൊപ്പം ഒരു രാത്രി ഒരുമിച്ചു കഴിയുകകൂടി വേണമെന്ന് സുബൈർ അഭിപ്രായപ്പെട്ടു. അടുത്ത വെള്ളിയാഴ്ച പൗർണ്ണമിനാളിനു തൊട്ടുമുൻപുള്ള രാത്രിയാണ്. ആ രാവ് അലിയോടൊപ്പം കഴിച്ചുകൂട്ടണമെന്നും അലിയെ കേട്ടുകേട്ട് ആ രാത്രി സജീവമാക്കണമെന്നും നിശ്ചയിച്ചുറപ്പിച്ചു.
നിലാവുപൂത്ത നിശയിൽ ഇടയനോടൊപ്പം
പിറ്റേ ആഴ്ചയിൽ ഒരു രാത്രിമുഴുവൻ അലിയോടൊപ്പം കഴിയാൻ ഞങ്ങളൊരുങ്ങി. സുബൈറിൻെറ സഹധർമ്മിണി ഡോ. അമീന സെറിൻ അലിക്കുവേണ്ട വേദനസംഹാരികളും, വൈറ്റമിൻ ഗുളികകളും മറ്റു അവശ്യമരുന്നുകളും കൊണ്ടു വന്നു. സുബൈറിൻെറ സുഹൃത്തായ സൗദിപൗരൻ അലിയുടെ കഥയറിഞ്ഞ് ഒരു സ്ലീപ്പിങ് ബാഗ് തന്നു. മരുഭൂയാത്ര ഒരു ഹരമായി കൊണ്ടുനടക്കുന്ന ബംഗഌദേശി സുഹൃത്ത് മനീക് ഹുസൈനും ഷമീർ ഒതായിയും ഞങ്ങളോടൊപ്പം കൂടാൻ മോഹം പറഞ്ഞു. ആവേശം കൂടിക്കൂടി വന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു. അരിയും മറ്റു സാധനങ്ങളുമായി ഞങ്ങൾ മരുഭൂമിയിലേക്ക് തിരിച്ചു. സൂക്ഷിച്ചു വെച്ച കോഡിനേറ്റർ വഴികാട്ടിയായി. മരുക്കാട്ടിലൂടെ ഓടി ലക്ഷ്യസ്ഥാനത്തെത്തുംനേരം സന്ധ്യമയങ്ങിയിരുന്നു. വാഹനത്തിന്റെ ശബ്ദം കേട്ട് അലി ടെന്റിൽനിന്നും ഇറങ്ങി വന്നു. നീട്ടിയെറിഞ്ഞ സലാമിൽ അയാൾ ഞങ്ങളെ തിരിച്ചറിഞ്ഞു. ആകാശത്ത് പൂർണ്ണസ്ഥായിയാവാൻ വെമ്പുന്ന ചന്ദ്രന്റെ ശോഭ. ഭൂമിയിൽ അലിയുടെ മുഖത്ത് പൗർണ്ണമിത്തിളക്കം. അയാൾ ചിരിച്ചുകൊണ്ട് ഞങ്ങൾക്കടുത്തു വരവേ ഒരുവേള ശങ്കിച്ച് ഇപ്പോൾ വരാമെന്നു പറഞ്ഞു അകത്തേക്കു കയറി. വളരെ പെട്ടെന്ന് വേഷം മാറിവന്നു. ആടുകൾക്ക് പുല്ലുകൊടുത്തു വന്നതേയുള്ളൂ വസ്ത്രം വൃത്തികേടാണെന്ന് അയാൾ പറഞ്ഞു. അന്നു പറഞ്ഞപോലെ, നിങ്ങളോടൊപ്പം കഴിയാനാണ് ഞങ്ങൾ വന്നത് എന്നു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് വാക്കുകൾ ഉരുവിടാനാവാതെ മൗനം പാലിച്ചു കുറച്ചുനേരത്തേക്ക് അലി.
തമ്പിൽനിന്നും കുറച്ചുദൂരം മാറി, നിരപ്പുള്ളൊരു സ്ഥലത്ത് ഞങ്ങൾ സ്ഥലമൊരുക്കി. അലി ജോലിയെല്ലാം തീർത്ത് ഞങ്ങളുടെ അടുത്തെത്തി.
ഞങ്ങൾ പാചകത്തിനുള്ള ഒരുക്കത്തിലായി. ബാർബിക്യു ചിക്കൻ തയ്യാറാക്കണം. ഉണക്കറൊട്ടി മാത്രം കഴിക്കുന്ന അലിയെ ഊട്ടണം. അയാളുടെ കഥകൾ കേട്ടു കേട്ടിരിക്കണം. അലിക്കു ചെവികൊടുക്കാനല്ലേ ഞങ്ങൾ വന്നത്. മനീക് പ്രൊജക്റ്റർ ശരിപ്പെടുത്തി. സ്‌ക്രീനും തയ്യാറാക്കി. നാഗരികതയോട് ഒരുബന്ധവുമില്ലാതെ, പുറംലോകമെന്തെന്നറിയാതെ തലയ്ക്കുമീതെ ശൂന്യാകാശവും, താഴെ മരുഭൂമിയുമായി കഴിയുന്ന അയാൾക്ക് പ്രൊജക്റ്റർ സഹായത്തോടെ ഒരു മൂവീ കാണിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. എഡ്വേർഡ് സ്വിക്കിന്റെ 'ബ്ലഡ് ഡയമണ്ട്' എന്ന മൂവിയാണ് അലിയെ കാണിക്കാൻ ഞങ്ങൾ കൊണ്ടുവന്നത്. കുറച്ചുദൂരെ ടെന്റിൽ പാർക്കുന്ന ഇന്ത്യക്കാരനായ ഇടയൻ, സലീമിനെയും വിളിച്ചോട്ടെയെന്ന് അലിചോദിച്ചു. അയാൾ ഒരു പ്രത്യേക ഈണത്തിൽ സലീം എന്ന് ഉറക്കെ വിളിച്ചു. ദൂരെ എവിടെനിന്നോ മറുവിളി കാറ്റുകൊണ്ടുവന്നു. മിനുറ്റുകൾക്കകം ഒരൊട്ടകപ്പുറത്തേറി സലിം അവിടെയെത്തിച്ചേർന്നു. ഇന്ത്യക്കാരനായ ഇടയനാണ്. യു.പിയിലെ ഗോരഖ്പൂർ സ്വദേശി. ഇടയജോലിയിൽ മൂന്നുവർഷമായി. നാട്ടിൽ അവധിക്കുപോയി വന്നതേയുള്ളൂ. കുറച്ചുമാത്രം സംസാരിക്കുന്ന പ്രകൃതം.

ആദിവാസി ഗ്രാമത്തിൽ ജീവിക്കുന്ന അലി അതിനു മുമ്പൊരിക്കലും സിനിമ കണ്ടിട്ടില്ലത്രെ. ചെറുപ്പത്തിലൊരിക്കൽ ദൂരെയുള്ള നഗരത്തിലേക്കു പോയപ്പോൾ ബന്ധുവിനോടൊപ്പം സിനിമാകൊട്ടകത്തിൽ പോകാനൊരുങ്ങിയെങ്കിലും കാശുതികയാത്തതിനാൽ ആ ആശ നടക്കാത്തതിനെക്കുറിച്ച് അയാൾ ഓർമിച്ചെടുത്തു. അലിയെ ശ്രദ്ധിച്ചു. അങ്ങോര് ആവേശത്തിലാണ്. ചിത്രത്തിലെ വികാരനിർഭരമായ രംഗങ്ങളിൽ അയാൾ കണ്ണുനീർ വാർത്തു. സംഘട്ടന നേരത്ത് എഴുന്നേറ്റുനിന്ന് കൈകാലുകൾ ഉയർത്തി ആവേശം കൊണ്ടു. വളരെ പെട്ടെന്ന് യാഥാർഥ്യബോധത്തിലേക്ക് തിരിച്ചുവന്ന് ഞങ്ങൾ അയാളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് കടക്കണ്ണിട്ടു. ചമ്മൽ മറച്ചുവയ്ക്കാതെ നിഷ്‌കളങ്കമായി ചിരിച്ച് വീണ്ടും ചിത്രലോകത്തേക്ക്. ചുട്ട കോഴി തയാർ. റൊട്ടിയും പഴവർഗങ്ങളുമെല്ലാം നിരത്തി അലിയെ വിളിച്ചു. അവിശ്വസനീയതയുടെ സിനിമാലോകത്തുനിന്നും മറ്റൊരു അവിശ്വസനീയതയുടെ സ്‌നേഹലോകത്തേക്ക് അദ്ദേഹം ഇറങ്ങിവന്നു. ഭക്ഷണം കൊതിയോടെ എടുത്തുവെച്ചെങ്കിലും അലിക്ക് അത് കഴിക്കാനാവുന്നില്ല! വർഷങ്ങളായി നന്നായി ഭക്ഷണം കഴിക്കാൻ പറ്റാതെ വരുമ്പോൾ സംഭവിക്കുന്ന താല്പര്യക്കുറവാണ് അയാൾക്കെന്ന് ഞങ്ങൾക്ക് ബോധ്യമായി. മൂവി കണ്ടുകൊണ്ട് കഴിക്കാൻ പറഞ്ഞു. വളരെ സമയമെടുത്ത്, അൽപാൽപ്പമായി കഴിച്ചുതീർത്തു.
താൻ പരിപാലിക്കുന്ന പെണ്ണൊട്ടകങ്ങൾക്ക് ഹാജറയെന്നും ഫാത്തിമയെന്നുമാണ് പേരിട്ടതെന്ന് പറഞ്ഞു. കാരണമന്വേഷിച്ചപ്പോൾ വിശദീകരണം വന്നു. അബ്രഹാം പ്രവാചകന്റെ ഭാര്യ എത്യോപ്യക്കാരിയാണെന്ന് നിങ്ങൾക്കറിയാമോ. എൻെറ ഒന്നാമത്തെ ഭാര്യയും ഹാജറയാണ്. രണ്ടാമത്തവൾ ഫാത്തിമ. തനിക്കേറെ പ്രിയപ്പെട്ട ഒട്ടകങ്ങൾക്ക് നാമകരണം ചെയ്യപ്പെട്ടതിന്റെ ചരിത്രം പറഞ്ഞ്, ഒരുമാത്രയൊന്ന് നാണം കുണുങ്ങി അലി തുടർന്നു:
കാശുണ്ടാക്കി ഒരു കല്യാണം കൂടി കഴിക്കണം. ഒരു പതിനാറു പതിനേഴ് വയസ്സുകാരിയെ. തൻെറ രണ്ടു ഭാര്യമാരും ഒരേ വീട്ടിലാണ് താമസം. നാട്ടിലാവുമ്പോൾ, മൂന്നു ദിവസം ഒരു ഭാര്യയുടെ സമീപത്തും മൂന്നുദിവസം മറ്റേയാളുടെ കൂടെയും കഴിയും. ഏഴാം ദിവസം വിശ്രമദിവസമാണ്. വീടിന്റെ നടുവിലെ മുറിയിൽ കിടന്നുറങ്ങും. അലി ചിരിക്കുന്നു. ഞങ്ങൾ ഏറ്റു ചിരിക്കുന്നു.
സംസാരമധ്യേ അയാൾ തൻെറ ടെന്റിലേക്ക് നടന്നു. തൻെറ ആടുകളും ഒട്ടകങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി, അവയ്ക്കുള്ള പുല്ലും വെള്ളവും നൽകി തിരിച്ചുവന്നു. എപ്പോഴോ തന്നെ കാണാനെത്തുന്ന അറബിയുടെ ആടുകളെ ഇത്രയും കരുതലോടെ പരിപാലിക്കുന്നതെന്തിനെന്നു ചോദിച്ചപ്പോൾ, അപരൻ എന്തു ചെയ്യുന്നു എന്നതെൻെറ വിഷയമല്ല, മിണ്ടാപ്രാണികളെ സംരക്ഷിച്ചില്ലെങ്കിൽ നാളെ ദൈവത്തോട് ഞാൻ ഉത്തരം പറയേണ്ടിവരും എന്ന് ഞങ്ങളെ ഉത്തരം മുട്ടിച്ചു കളഞ്ഞു! ഒരു കയറിൽ കുറെ കെട്ടുകൾ ഇട്ടിരിക്കുന്നത് കണ്ട് വല്ല മന്ത്രവാദ പരിപാടിയാണോ എന്നാരാഞ്ഞപ്പോൾ, ദിവസക്കണക്കറിയാൻ അടയാളം വെച്ചതാണെന്ന് വിശദീകരിച്ചു. മുപ്പതു കെട്ടുകൾ ഇട്ടാൽ ഒരുമാസമായി. ഒരു ശമ്പളം ലഭിക്കാനുള്ള സമയമായി. ആവശ്യമാണല്ലോ കണ്ടുപിടുത്തങ്ങളുടെ മാതാവ്!
അലിയുടെ കൈയിലൊരു ഫോണുണ്ട്. സൗദി ഒപ്പിച്ചുകൊടുത്ത ചെറിയൊരു സോളാർ പവറിൻെറ സഹായത്താൽ അതിൽ ബാറ്ററി ചാർജ് ചെയ്യാം. സ്‌ക്രീൻ പൊട്ടിപ്പൊളിഞ്ഞ ആ പഴയ ഫോണിൽ മാസത്തിലൊരിക്കൽ നാട്ടിലേക്കു വിളിക്കും. ഉമ്മക്കും ഭാര്യമാർക്കും സലാം പറഞ്ഞ്, സുഖവിവരം അന്വേഷിച്ച് ഫോൺ വെക്കും. എത്യോപ്യയിലേക്കുള്ള വിളി ചെലവേറിയതാണ്. അന്താരാഷ്ട്ര കോളുകൾ സൗജന്യമായി വിളിക്കാൻ പറ്റുന്ന പാക്കേജാണ് സുബൈർ ഉപയോഗിക്കുന്നത്. സുബൈറിന്റെ ഫോണിൽനിന്ന് അലി വീട്ടിലേക്കു വിളിച്ചു. അരമണിക്കൂറോളം സംസാരിച്ചു. ആദ്യമായിട്ടാണ് കാശുതീരുമെന്ന ഭയലേശമന്യേ വീട്ടുകാരോട് മിണ്ടുന്നത്. ഹൃദയംതൊട്ട് എൻെറ കുടുംബം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് പറഞ്ഞു. വെറും വാക്കുകൾ വായുവിൽ വിലയം പ്രാപിക്കും. മനസ്സിൽനിന്നാണ് പറയുന്നത്. അലിയുടെ കണ്ണുകൾ ആദ്യമായി സജലമാവുന്നത് ഞങ്ങൾ കണ്ടു.
പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം മൃഗങ്ങൾക്കു പുല്ലും വെള്ളവും നൽകാൻ അലി പോയി. വസ്ത്രം മാറി തിരിച്ചെത്തി. ഷമീർ അവർക്കായി കൊണ്ടുവന്ന പെർഫ്യൂം കൊടുത്തപ്പോൾ കൗതുകപൂർവ്വം അതിന്റെ കവറിങ് നോക്കിനിന്നു രണ്ടുപേരും. കൊണ്ടുവന്ന മരുന്നുകളുടെ പാക്കുകളിൽ അലിക്കറിയുന്ന ഭാഷയിൽ അതെന്തിനുള്ളതാണെന്ന് എഴുതിവെപ്പിച്ചു സുബൈർ. ചിത്രം വരയ്ക്കുന്നപോലെ, തൻെറ ആഫ്രിക്കൻ ഭാഷയിൽ തനിക്കുമാത്രം അറിയുന്ന ശൈലിയിൽ എഴുതിവെച്ചു.
തനിക്കു കിട്ടിയതെല്ലാം സലീമിനും കൂടിയുള്ളതാണെന്ന് അലി പറയുമ്പോൾ ഈ മരുഭൂമിയിൽ തൻെറ ഏക ചങ്ങാതി ഇങ്ങനെയാണെന്ന് സലീം സാക്ഷ്യപ്പെടുത്തി. അരിയും സാധനങ്ങളും സ്ലീപ്പിങ് ബാഗുമൊക്കെയായി അവർ പോകുമ്പോൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
കാരണമറിയാത്തൊരു വേദന ഞങ്ങളെ ആവരണം ചെയ്യുന്നപോലെ. ആ ടെന്റിലേക്കൊന്നുകൂടെ ചെന്നുനോക്കിയാലോ? എല്ലാവരും യോജിച്ചു. വീണ്ടും അലിയെക്കണ്ട് വീണ്ടുമൊരിക്കൽ വരുമെന്ന് വാക്കുകൊടുത്ത്, വാക്കുകൾ ഇടറിത്തുടങ്ങിയ നേരത്ത് ഞങ്ങൾ തിരിച്ചുപോന്നു.






