തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാനിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും കമ്മീഷന്റെ പരീക്ഷയില്‍ പൊട്ടി

ഭോപാല്‍- മധ്യപ്രദേശില്‍ ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു ജോലികള്‍ക്കായി നിയോഗിക്കാനിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പകുതിയിലേറെ പേര്‍ക്കും യോഗ്യത നേടാനായില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നത്തിയ എഴുത്തു പരീക്ഷയില്‍ പകുതിയിലേറെ പേരും പൊട്ടി. 230 നിയമസഭാ മണ്ഡലങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാരായും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായും നിയമിക്കാന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായിരുന്നു പരീക്ഷ.  ഡെപ്യൂട്ടി കലക്ടര്‍, സബ് ഡിവിഷണല്‍ ഓഫീസര്‍, തഹസില്‍ദാര്‍ റാങ്കുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം 567 പേര്‍ക്ക് കഴിഞ്ഞ മാസമാണ് പരീക്ഷ നടത്തിയത്. ഫലം വന്നപ്പോള്‍ 244 പേര്‍ക്കു മാത്രമെ ജയിക്കാന്‍ ആവശ്യമായ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചുള്ളൂ. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമത് വീണ്ടു പരീക്ഷ നടത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വി.എല്‍ കാന്ത റാവു പറഞ്ഞു. യോഗ്യത നേടാത്തവരുള്‍പ്പെടെ 567 ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കിവരുന്നുണ്ട്. രണ്ടാമതും പരീക്ഷയില്‍ യോഗ്യ നേടാത്ത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കുന്ന കാര്യം സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. 

ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത യോഗ്യത കമ്മീഷന്‍ നിര്‍ബന്ധമാക്കിയ ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷ നടത്തിയത്. യോഗ്യത നേടുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ സാക്ഷ്യപത്രവും നല്‍കും. തെരഞ്ഞെടുപ്പു ജോലികളില്‍ നിന്നൊഴിവാകാന്‍ മനപ്പൂര്‍വം പരീക്ഷയില്‍ മോശം പ്രകടനം നടത്തുന്നത് തെളിഞ്ഞാല്‍ പിഴ ഈടാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ പറഞ്ഞു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസത്തെ ശമ്പളം ബത്തയായി നല്‍കിയിരുന്നു. ഇത്തവണ പരീക്ഷ എഴുതിയവരില്‍ നേരത്തെ തെരഞ്ഞെടുപ്പു ചുമതലകള്‍ വഹിച്ചവരുണ്ടെന്നും റാവും പറഞ്ഞു.
 

Latest News