തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമായി മാത്രമെ ഈ ആരോപണത്തെ കാണാന്‍ കഴിയൂവെന്നും പത്രക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസം, പുനരധിവാസം എന്നിവ ഏകോപിപ്പിക്കാന്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈ സമിതി നല്ല രീതിയില്‍ അവലോകനം ചെയ്ത് ആവശ്യമായി തീരൂമാനങ്ങളെടുത്ത് നടപ്പിലാക്കി വരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതബാധിതര്‍ക്കുള്ള 10,000 രൂപയുടെ ധനസഹായത്തിന് അര്‍ഹരായ 6.05 ലക്ഷം പേരില്‍ ചൊവ്വാഴ്ച ഉച്ചയോടെ 4.95 ലക്ഷം പേര്‍ക്ക് തുക വിതരണം ചെയ്തു കഴിഞ്ഞു. 7.18 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയാക്കിയതായും മുഖ്യമന്തതിയുടെ ഓഫീസ് അറിയിച്ചു.






