Sorry, you need to enable JavaScript to visit this website.

സൈനികരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു; കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം

ന്യൂദല്‍ഹി- സൈനികരുടെ ഫോണ്‍ നമ്പറുകളും പാന്‍ കാര്‍ഡ് നമ്പറുകളുമടക്കം സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നപടികളുമായി പ്രതിരോധ മന്ത്രാലയം. ധാരാളം സൈനികരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് കരുതുന്നത്. ഇവരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. വേതനം നല്‍കുന്ന സര്‍ക്കാര്‍ പെയ്‌മെന്റ് വെബ്‌സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ് മന്ത്രാലയം.
സൈനികരുടെ പേര്, സൈനിക തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പാന്‍ എന്നിവ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ പേ, അക്കൗണ്ട് ഓഫീസുകളിലെ വെബ്‌സൈറ്റുകളിലാണ് ദൃശ്യമായതെന്ന് ഏതാനും മാസങ്ങളായി ആഭ്യന്തരമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇത്തരം ഡാറ്റകള്‍ ഉടന്‍ പിന്‍വലിക്കാനും ദുരുപയോഗം തടയുന്നതിന് ഈ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം തടയാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. വെബ്‌സൈറ്റുകളുടെ ഹോം പേജില്‍ രഹസ്യവിവങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കാനും എന്താണ് അങ്ങനെ സംഭവിക്കാനുണ്ടായ അടിസ്ഥാന കാരണമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സൈനികര്‍ക്ക് ശമ്പളം നല്‍കുന്ന എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷിതമായ ലോഗിന്‍ വഴി ആവശ്യമുള്ളവര്‍ക്ക് മാത്രം ഡാറ്റകള്‍ ലഭ്യമാകുന്ന തരത്തില്‍ മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച സൈന്യവുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകള്‍ ലഭ്യമായിരുന്നില്ല. സുരക്ഷിതമായ ലോഗിന്‍ ഇല്ലാതെ ഏതെങ്കിലും വെബ് സൈറ്റുകളില്‍ സൈനികരുടെ വ്യക്തി വിവരങ്ങളും രഹസ്യ വിവരങ്ങളും ലഭ്യമാകുന്നുണ്ടോ എന്നു പരിശോധിക്കുന്ന തിരക്കിലാണ് അധികൃതര്‍.

 

Latest News