Sorry, you need to enable JavaScript to visit this website.

സ്വവർഗരതിക്ക് നിയമാനുമതി; ജമാഅത്തെ ഇസ്ലാമിക്കും പോഷക സംഘടനക്കുമിടയിൽ ഭിന്നത

കോഴിക്കോട്- സ്വവർഗരതി നിയമവിധേയമാക്കിയുള്ള സുപ്രീം കോടതി വിധി സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമിക്കും വിദ്യാര്‍ഥി സംഘടനക്കുമിടയില്‍ വ്യത്യസ്ത അഭിപ്രായം. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും പേരിൽ സ്വവർഗരതിക്ക് നിയമനാംഗീകാരം നൽകുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ അബ്ദുൽ അസീസ് ആവർത്തിക്കുമ്പോൾ ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്ത വിധിയെ ജമാഅത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന വിദ്യാർഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്വാഗതം ചെയ്തു. ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി ശ്രദ്ധേയമാണെന്ന് വ്യക്തമാക്കിയ ഫ്രറ്റേണിറ്റി ജനാധിപത്യ വ്യവസ്ഥയിൽ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വിലപ്പെട്ട ആശയങ്ങളാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം,സ്വവർഗലൈംഗികതക്ക് സാധുതയും പ്രോത്സാഹനവും നൽകുന്ന നടപടി സ്വാഗതം ചെയ്യുന്നത് നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്ന ധാർമികാധപനത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നതെന്ന് എം.ഐ അബ്ദുൽ അസീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.  അറപ്പുളവാക്കുന്നതും നീചകൃത്യങ്ങൾ ന്യായീകരിക്കപ്പെടുക മലീമസമായ സാമൂഹികാന്തരീക്ഷത്തിന്റെ സൂചനയാണെന്നും 
അദ്ദേഹം പറഞ്ഞു. 
അതേസമയം, ഭരണകൂടവും ആധിപത്യ  അധികാര രൂപങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മേൽ കൈ വെക്കുന്ന ഏതൊരു നീക്കവും ചെറുക്കപ്പെടേണ്ടതാണെന്നും പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും തീർപ്പുകളിൽ എത്തേണ്ടതും ഭൂരിപക്ഷഹിതമനുസരിച്ചല്ലെന്ന കോടതിയുടെ പരാമർശം സ്വാഗതാർഹമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വ്യക്തമാക്കി. ലിംഗപരമായ വ്യത്യസ്തത കാരണം അന്യവൽരിക്കപ്പെട്ട വലിയൊരു വിഭാഗം ട്രാൻസ്‌ജെൻഡറുകൾ ഇവിടെയുണ്ട്. അവർക്കും വ്യത്യസ്ത ലൈംഗിക സ്വത്വം പുലർത്തുന്നവർക്കും നിയമഭേദഗതി പ്രതീക്ഷാദായകമാണ്. ട്രാൻസ്‌ജെൻഡർ സാമൂഹിക ജനവിഭാഗങ്ങൾ കാലങ്ങളായി നേരിടുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും നിയമപരമായി ചോദ്യം ചെയ്യാൻ നിയമം കൊണ്ട് സാധ്യമാകും എന്ന് കരുതാവുന്നതാണ്. വ്യക്തിത്വവും ആത്മാഭിമാനം ഉയർത്തിപ്പിടിച്ചു കൊണ്ട് ജീവിക്കുവാനുള്ള അവകാശങ്ങൾക്കും വേണ്ടി നിയമ പോരാട്ടം നടത്തിയ ട്രാൻസ് കമ്മ്യൂണിറ്റി തീർച്ചയായും അഭിവാദ്യങ്ങൾ അർഹിക്കുന്നു. ലൈംഗികതയുടെ തിരഞ്ഞെടുപ്പിന്റെ പേരിൽ ഏതെങ്കിലും വ്യക്തിയോ സമൂഹമോ അക്രമിക്കപ്പെടുകയും ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കപ്പെടുകയും അതിജീവനോപാധികൾ തടയപ്പെടുകയും ചെയ്യുന്നത് ശരിയല്ല. അത്തരം പ്രവണതകളിൽ നിന്ന് ഈ ജനവിഭാഗങ്ങൾക്ക് സംരക്ഷണം നൽകാനും ഈ നിയമഭേദഗതി ഉപകരിക്കും.
അതേസമയം രാജ്യത്തെ വലിയൊരു സമൂഹം ജനങ്ങൾ അവരുടെ വിശ്വാസത്തിന്റെയും ധാർമിക  സദാചാര കാഴ്ചപ്പാടുകളുടെയും ഭാഗമായി സ്വവർഗലൈംഗികതയെ അംഗീകരിക്കാത്തവരായുണ്ട്. അവരുടെ വിശ്വാസ കാഴ്ചപ്പാടുകളുമായി മുന്നോട്ട് പോകുവാനുള്ള സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും അവർക്ക് പ്രദാനം ചെയ്യുന്നുണ്ട്. കുടുംബവ്യവസ്ഥ, ധാർമിക വിചാരങ്ങൾ തുടങ്ങിയ പൊതു സാമൂഹിക യാഥാർഥ്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സന്തുലിതമായി നിലനിൽക്കുന്ന സഹവർത്തിത്വം സാധ്യമാണോ എന്ന നിലയിലുള്ള വ്യവഹാരങ്ങൾ വരും കാലങ്ങളിൽ നമ്മുടെ ജനാധിപത്യ ഭാവനകളെ ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വ്യക്തമാക്കി. 
ഇന്നലെയാണ് കോടതി വിധി സ്വാഗതം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രസ്താവന വന്നത്. ഇന്ന് രാവിലെ ജമാഅത്തെ ഇസ്്‌ലാമി അമീർ എം.ഐ അബ്ദുൽ അസീസ് ഇക്കാര്യത്തിൽ സംഘടനയുടെ നിലപാട് ഔദ്യോഗികമായി ഫെയ്‌സ്ബുക്കിൽ കുറിക്കുകയും ചെയ്തു. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്ന വലിയ സാമൂഹിക തിന്മയാണ് സ്വവർഗരതി. സദാചാരബോധവും ധാർമിക മൂല്യങ്ങളുമുള്ള ഒരു സമൂഹത്തിനും ഇത്തരം വൈകൃതങ്ങളെ പൊറുപ്പിക്കാനാവില്ല. പൗരാവകാശങ്ങളിലും വ്യക്തിയുടെ സ്വകാര്യതയ്ക്കും മേൽ ഭരണകൂടങ്ങൾ കയ്യേറ്റം നടത്തുന്നുവെന്നത് യാഥാർഥ്യമാണ്. അത്തരം പ്രവണതകളെ തടയുന്നതിന് സമഗ്രമായ നിയമനിർമാണം നടത്തുന്നതിന് പകരം സമൂഹത്തിന്റെ ധാർമികബോധത്തിന് മേൽ നടത്തുന്ന കയ്യേറ്റം അപലപനീയമാണ്. നിയമങ്ങളും ചട്ടങ്ങളും മാത്രമല്ല, ഉദാത്തമായ ധാർമിക സദാചാര മൂല്യങ്ങൾ കൂടിയാണ് സമൂഹത്തെ ആരോഗ്യകരമായി നിലനിർത്തുന്നത്. ഇവ തമ്മിലുള്ള പാരസ്പര്യമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. സമൂഹത്തിന്റെ ധാർമികതയെയും സദാചാരത്തെയും മാനിക്കാനുള്ള ബാധ്യത ഭരണകൂടങ്ങൾക്കും നീതിന്യായ സ്ഥാപനങ്ങൾക്കുമുണ്ട്. 
മനോവൈകൃതങ്ങളുടെ കൂട്ടത്തിലാണ് സ്വവർഗലൈംഗികത കണക്കാക്കപ്പെട്ടിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മനോരോഗങ്ങളുടെ കൂട്ടത്തിൽ നിന്നും അത് ഒഴിവാക്കാപ്പെടാൻ ശാസ്ത്രീയ പിൻബലമായിരുന്നില്ല കാരണം. മറിച്ച് സാമൂഹിക സമ്മർദമായിരുന്നു. മനോരോഗങ്ങളുടെയും മറ്റ് രോഗങ്ങളുടെയും വ്യാപനത്തിന് സ്വവർഗ ലൈംഗികത കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
സ്വവർഗലൈംഗികതക്ക് സാധുതയും പ്രോൽസാഹനവും നൽകുന്ന നടപടികൾ സ്വാഗതം ചെയ്യപ്പെടുന്നത് നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്ന ധാർമികാധപതനത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. അറപ്പുളവാക്കുന്നതും നീചകൃത്യങ്ങൾ ന്യായീകരിക്കപ്പെടുക മലീമസമായ സാമൂഹികാന്തരീക്ഷത്തിന്റെ സൂചനായണ്.
ട്രാൻസ് ജൻഡേഴ്‌സ് അനുഭവിക്കുന്ന പ്രതിസന്ധികളെ അനുഭാവപൂർവം പരിഗണിക്കാൻ സമൂഹവും ഭരണകൂടവും തയാറാകണം. ട്രാൻസ്ജൻഡേഴ്‌സിനെ പരിഗണിക്കുന്ന പ്രത്യേക നിയമനിർമാണം അനിവാര്യമാണ്. ട്രാൻസ്ജൻഡേഴ്‌സ് അനുഭവിക്കുന്ന സാമൂഹികമായ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും പരിഹാരമാവാൻ നിലവിലെ സുപ്രീം കോടതി ഇടപെടൽ പര്യാപ്തമല്ല. സ്വവർഗലൈഗിംകതക്ക് അംഗീകാരം നൽകുന്ന നടപടികൾ അവരുടെ പ്രതിസന്ധികൾ വർധിക്കാൻ കാരണമാവും. അവർ കൂടുതൽ ചൂഷണത്തിന് വിധേയമാകാനും ഇടയാക്കും. ട്രാൻസ്ജൻഡേഴ്‌സിന്റെ പേരിൽ ഉദാര ലൈംഗികവാദികളും സദാചാരവിരുദ്ധരുമാണ് കോടതി ഇടപെടലിനെ ആഘോഷമാക്കുന്നത്.
 

Latest News