Sorry, you need to enable JavaScript to visit this website.

കൊണ്ടോട്ടിയിൽ വിവാഹ സംഘത്തെ ആക്രമിച്ച് ഭീകരാന്തരീക്ഷം  സൃഷ്ടിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ

കൊണ്ടോട്ടി- ജ്യേഷ്ഠൻ നൽകാനുളള പണം തിരിച്ചു പിടിക്കാൻ അനുജന്റെ വിവാഹ സംഘത്തെ തടഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുളളവരെ നടുറോഡിൽ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ. ആലുവ മാറംപള്ളി തോണിപ്പറമ്പിൽ ജംഷാബ് (23), കാക്കനാട് തൃക്കാക്കര കാളബാട്ട് ആദർശ് (19), പറവൂർ സ്രാമ്പിക്കൽ മനു ആന്റണി (19) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ നൽകിയ മോങ്ങം സ്വദേശി നിയാസിനെ പോലീസ് തിരയുന്നു. പ്രതികളിൽ നിന്ന് ബോംബെന്ന് തോന്നിക്കുന്ന വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. മോങ്ങം കുയിലിക്കുന്നിൽ ഞയാറാഴ്ച രാവിലെയാണ് സംഭവം.
മോങ്ങം സ്വദേശിയായ നിയാസ് നൽകാനുളള രണ്ട് ലക്ഷം രൂപക്ക് വേണ്ടിയാണ്, പ്രതിയായ നിയാസ് എറണാകുളത്തുള്ള സംഘത്തിന് ക്വട്ടേഷൻ നൽകിയത്. നിയാസിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വീട്ടിൽ നിന്ന് കുടുംബം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയത്താണ് കാറിലും ബൈക്കിലുമെത്തിയ സംഘം വാഹനം തടഞ്ഞത്. സ്ത്രീകളേയും മറ്റും വലിച്ചിറക്കിയ സംഘം വ്യാജ ബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ല് ടവ്വലിൽ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞാണ് വ്യാജ ബോംബ് നിർമിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിക്കാനും ശ്രമം നടന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ തടഞ്ഞ് കൊണ്ടോട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
ഒളിവിൽ പോയ നിയാസ് എന്നയാളാണ് തങ്ങൾക്ക് ക്വട്ടേഷൻ നൽകിയതെന്ന് പിടിയിലായവർ പറഞ്ഞു. പണം നൽകാനുള്ള വ്യക്തിയായ നിയാസ് മാതാവിന്റെ വീട്ടിലും മറ്റുമാണ് കഴിഞ്ഞിരുന്നത്. ഇയാൾ പലരുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് പോലീസ് പറഞ്ഞു. പണം ഈടാക്കാനായി സഹോദരന്റെ വിവാഹം മുടക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളെ മലപ്പുറം കോടതി റിമാന്റ് ചെയ്തു. കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ എം.മുഹമ്മദ് ഹനീഫ, എസ്.ഐ ജാബിർ, എ.എസ്.ഐ സുലൈമാൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest News