റിയാദ്- സൗദി അറേബ്യൻ വിപണിയിൽ ഉപയോഗിക്കേണ്ട ഔഷധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ ഓൺലൈൻ വഴി പൂർത്തിയാക്കാം. 'സദർ' എന്ന പേരിൽ നൂതന സംവിധാനം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിശാം ബിൻ സഅദ് അൽജദ്ഹി ഉദ്ഘാടനം ചെയ്തു. സൗദി ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ, മെട്രോളജി ആന്റ് ക്വാളിറ്റി ഗവർണർ ഡോ. സഅദ് ബിൻ ഉസ്മാൻ അൽഖസബി, ഡെപ്യൂട്ടി ആരോഗ്യ മന്ത്രി എൻജി. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ, ഡെപ്യൂട്ടി വാണിജ്യ മന്ത്രി എൻജി. മാജിദ് ബിൻ അബ്ദുല്ല അൽബവാദിരി തുടങ്ങിയ പ്രമുഖർ സന്നിഹിതരായ വർണാഭമായ ചടങ്ങിലായിരുന്നു പദ്ധതിയുടെ ലോഞ്ചിംഗ്.
ഋടഉഞ.ടഎഉഅ.ഏഛഢ.ടഅ എന്ന വെബ് പോർട്ടൽ വഴി ഔഷധ നിർമാണ കമ്പനികൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സാധിക്കും. 2016ൽ മരുന്നുകൾ സൗദി വിപണിയിലെത്തിക്കുന്നതിനുള്ള ലൈസൻസിന് വേണ്ടി 299 ദിവസം വരെ കാത്തിരുന്ന സ്ഥാനത്ത് 'സദർ' സംവിധാനത്തിലൂടെ 30 ദിവസം കൊണ്ട് ലൈസൻസ് നേടാൻ കഴിയും.
2017ൽ ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിനുള്ള സമയം 96 ദിവസമായി കുറച്ചിരുന്നുവെങ്കിലും അപേക്ഷകളുടെ എണ്ണം 20 ശതമാനം വർധിച്ചതോടെ ഇതിന്റെ ഗുണം ലഭിക്കാതെ പോയിരുന്നു. 'സദർ' സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ മരുന്ന് കമ്പനികൾക്ക് ലൈസൻസ് നേടുന്നതിന് അതോറിറ്റി ഓഫീസിനെ ആശ്രയിക്കേണ്ട ആവശ്യമേ വരുന്നില്ല.
ഓൺലൈനിലൂടെ 'രോഗികൾക്ക് ഏറ്റവും വേഗത്തിൽ മരുന്ന് ലഭ്യമാക്കുന്നതിന് അധികൃതർക്ക് മുന്നിലുള്ള വലിയ കടമ്പയായിരുന്നു മരുന്നുകൾ ചുരുങ്ങിയ സമയം കൊണ്ട് രജിസ്‌ട്രേഷൻ സാധ്യമാക്കുക എന്നത്-'- ഡോ. അൽജദ്ഹി പറഞ്ഞു. ഔഷധങ്ങളുടെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കേണ്ടിയിരുന്നു. ഈ വെല്ലുവിളികൾ തരണം ചെയ്യുന്നതിനുള്ള സമൂലമായ പരിഹാരമായാണ് 'സദർ' സംവിധാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഔഷധങ്ങൾക്കുള്ള ലൈസൻസ് പോലെ തന്നെ, ഫാർമസികളിൽ വിതരണം ചെയ്യുന്ന ലോഷനുകൾ പോലെയുള്ള ഉൽപന്നങ്ങൾ, വെറ്റിനറി മരുന്നുകൾ, ആയുർവേദ മരുന്നുകൾ എന്നിവക്കുള്ള ലൈസൻസ് നേടുന്നതിനും ഫ്രീ സെയ്ൽ സർട്ടിക്കറ്റ് ഇഷ്യു ചെയ്യുന്നതിനും 'സദർ' മുഖേന അപേക്ഷിക്കാവുന്നതാണ്. വിഷൻ 2030 വിഭാവന ചെയ്യുന്നത് പ്രകാരം ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഔഷധങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്തുന്നതെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വൃത്തങ്ങൾ വെളിപ്പെടുത്തി.






