ന്യൂദല്‍ഹി- ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ ഉള്‍പ്പെട്ട ബാബരി കേസില്‍ 2019 ഏപ്രിലിന് മുന്‍പായി എങ്ങനെ വിചാരണ പൂര്‍ത്തിയാക്കുമെന്നതില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. ലഖ്‌നൗ സെഷന്‍സ് ജഡ്ജിയോടാണ് കേസിന്റെ വിചാരണ നിശ്ചിത സമയത്തിനുള്ളില്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. വിചാരണ കോടതി ജഡ്ജി എസ്.കെ യാദവിന്റെ ഉദ്യോഗക്കയറ്റം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതികരണവും സുപ്രീംകോടതി ആരാഞ്ഞിട്ടുണ്ട്. നേരത്തെ ജഡ്ജി എസ്.കെ യാദവിന് യു.പി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നുവെങ്കിലും ബാബരി മസ്ജിദ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തീരുമാനം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുടെ പേരില്‍ ബി.ജെ.പി നേതാക്കളെ വിചാരണ ചെയ്തിരുന്നുവെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ തുടര്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19 ന് നിര്‍ദേശിച്ചിരുന്നു. ഭരണഘടനയുടെ മതേതര സ്വഭാവത്തെ പിടിച്ചു കുലുക്കിയ സംഭവം എന്നാണ് കുറ്റകൃത്യം എന്നു തന്നെ വിശേഷിപ്പിച്ചു കൊണ്ട് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ട വി.വി.ഐ.പികള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനിര്‍ത്താനുള്ള സി.ബി.ഐയുടെ അപേക്ഷയും കോടതി പരിഗണിച്ചിരുന്നു.
25 വര്‍ഷമായി കേസ് ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട രണ്ടു കേസുകളും ലഖ്‌നൗ കോടതിയില്‍ അതിവേഗ വിചാരണ നടത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നായിരുന്നു ഉത്തരവ്. കോടതി വിധി പ്രകാരം അടുത്തവര്‍ഷം ഏപ്രിലില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാകേണ്ടതാണ്. കാലാവധി അവസാനിക്കാന്‍ ഇനി ഏഴു മാസം മാത്രം ബാക്കിനില്‍ക്കെ വിചാരണയില്‍ പുരോഗതി ഇല്ലാതിരുന്ന പശ്ചാത്തലത്തിലാണ് സെഷന്‍സ് ജഡ്ജിയോട് സുപ്രീം കോടതി വിശദീകരണം ആരാഞ്ഞത്.