Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗ ലൈംഗികബന്ധം കുറ്റമല്ലാതാക്കിയ ഉത്തരവ്; കശ്മീരില്‍ ആശയക്കുഴപ്പം

ശ്രീനഗര്‍- പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റമല്ലാതാക്കിയ സുപ്രീം കോടതി ഉത്തരവ് ജമ്മു കശ്മീരിന് ബാധകമാണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ഈ മാസം ആറിനാണ് വ്യക്തി സ്വാതന്ത്ര്യത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് സുപ്രീം കോടതി സ്വവര്‍ഗ രതി ശിക്ഷാര്‍ഹമാകുന്ന ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റിയത്.
ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനയും പ്രത്യേക ക്രിമിനല്‍ നിയമങ്ങളുമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പ് എടുത്തുകളഞ്ഞ നടപടി കശ്മീരിന് ബാധകമല്ലെന്ന വാദം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനു മുമ്പ് കശ്മീര്‍ നിയമസഭ അംഗീകരിക്കേണ്ടതുണ്ട്.
എന്നാല്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമം പോലെയല്ല സുപ്രീം കോടതി ഉത്തരവിനെ കാണേണ്ടതെന്ന വാദം നിയമവിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു. സുപ്രീം കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏതെങ്കിലും ഭാഗം ഒഴിവാക്കിയാല്‍ ഉത്തരവ് കശ്മീരിനും ബാധകമാണെന്ന് 1995 ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി വിധിച്ചിരുന്നു.
377-ാം വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയ ഉത്തരവ് നാഴികക്കല്ലാണെന്നും സംസ്ഥാനത്ത്  ഇതിനു സമാനമായി നിലവിലുള്ള  വകുപ്പിനെതിരെ കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സ്വവര്‍ഗാനുരാഗികള്‍ക്കായി നിലകൊള്ളുന്ന അജാസ് ബണ്ട് പ്രതികരിച്ചു. താഴ്‌വരയില്‍ സ്വവര്‍ഗ പ്രേമികളുടെ അവകാശങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്ക് സുപ്രീം കോടതി വഴി തുറന്നിരിക്കയാണ്. മതത്തിന്റെ ചട്ടക്കൂട്ടില്‍നിന്ന് മാറി മനുഷ്യാവകാശമായി ഇതിനെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു പകരം രണ്‍ബീര്‍ പീനല്‍ കോഡ് എന്നറിയപ്പെടുന്ന ശിക്ഷാ നിയമമാണ് കശ്മീരില്‍ പിന്തുടരുന്നത്. രണ്‍ബീര്‍ പീനല്‍ കോഡിലെ 377 ാം വകുപ്പും സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റമായാണ് കാണുന്നത്.
സുപ്രീം കോടതി ഉത്തരവ് നേരിട്ട് സംസ്ഥാനത്ത് ബാധകമല്ലെന്ന ധാരണ ശരിയല്ലെന്നും അത് ബാധകമാണെന്നാണ് തന്റെ അഭിപ്രായമെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍നിന്ന് 2016 ല്‍ വിരമിച്ച ജസ്റ്റിസ് ഹസ്‌നൈന്‍ മസൂദി പറഞ്ഞു. 158 വര്‍ഷം പഴക്കമുള്ള നിയമം എടുത്തകളയുക മാത്രമല്ല, അതിനു പിന്നിലെ മനശ്ശാസ്ത്രത്തെ തന്നെ സുപ്രീം കോടതി ചോദ്യം ചെയ്തിട്ടുണ്ടെന്നും നമ്മുടെ ധാരണകളാണ് മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News